Entertainment news
പൃഥ്വിയെ നായകനാക്കി ആ സിനിമ ചെയ്താല്‍ പൊളിഞ്ഞ് പോകുമെന്ന് പറഞ്ഞവരുണ്ട്: ലാല്‍ ജോസ്

മലയാള സിനിമക്ക് ഏറെ ഹിറ്റുകള്‍ സമ്മാനിച്ച ജനപ്രിയ സംവിധായകനാണ് ലാല്‍ ജോസ്. കമലിനൊപ്പം പതിനാലോളം സിനിമകളില്‍ സഹായിയായി പ്രവര്‍ത്തിച്ച ലാല്‍ ജോസ് ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്രസംവിധായകനായത്. പിന്നീട് മീശമാധവന്‍, അറബിക്കഥ, ക്ലാസ്മേറ്റ്സ് തുടങ്ങി ഒരുപിടി മികച്ച സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിക്കാന്‍ ലാല്‍ ജോസിന് സാധിച്ചു.

പൃഥ്വിരാജിനെ നായകനാക്കി 2012ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രമാണ് അയാളും ഞാനും തമ്മില്‍. ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായിരുന്ന ചിത്രം മികച്ച നടന്‍, സംവിധായകന്‍, ജനപ്രിയ ചിത്രം ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടിയിരുന്നു. ഇപ്പോള്‍ അയാളും ഞാനും സിനിമയുടെ സമയത്ത് പൃഥ്വിക്കുണ്ടായ സൈബര്‍ അറ്റാക്കുകളെ കുറിച്ച് സംസാരിക്കുകയാണ് ലാല്‍ ജോസ്.

തന്റെ ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങളില്‍ ഒന്നാണ് അയാളും ഞാനും തമ്മില്‍ എന്ന് ലാല്‍ ജോസ് പറയുന്നു.

അയാളും ഞാനും തമ്മില്‍ ചെയ്യുമ്പോള്‍ പൃഥ്വിരാജ് സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ സൈബര്‍ അറ്റാക്കുകള്‍ നേരിടുന്ന സമയമായിരുന്നുവെന്നും അദ്ദേഹത്തെ വെച്ച് സെന്റിമെന്‍സൊക്കെ ഉള്ള ഇങ്ങനെയൊരു സിനിമ താന്‍ ചെയ്യരുതെന്ന് പറഞ്ഞവര്‍ ഉണ്ടെന്നും ലാല്‍ ജോസ് പറയുന്നു.


‘അയാളും ഞാനും തമ്മില്‍ എന്ന സിനിമ ചെയ്യുമ്പോള്‍ രാജുവിന് സോഷ്യല്‍ മീഡിയയില്‍ വളരെ അറ്റാക്കുകള്‍ നേരിടുന്ന ഒരു കാലമായിരുന്നു. രായപ്പന്‍ എന്നൊക്കെ വിളിച്ച് ഭയങ്കരമായി ഹ്യുമിലേറ്റ് ചെയ്യുന്ന ഒരു സമയമായിരുന്നു. അന്ന് പലരും എന്നോട് പറഞ്ഞിരുന്നു, സെന്റിമെന്‍സ് ഒക്കെയുള്ള സിനിമ അവനെ വെച്ച് ചെയ്ത് കഴിഞ്ഞാല്‍ തീയേറ്ററില്‍ അതൊക്കെ കോമഡിയായി പോകും.

ഏറ്റവും ഇമോഷണല്‍ ആയ സീനുകളിലൊക്കെ രായപ്പന്‍ എന്ന് പ്രേക്ഷകര്‍ വിളിച്ചു കഴിഞ്ഞാല്‍ സിനിമ പൊളിഞ്ഞു പോകും. ഇത് വളരെ ഡെയ്ഞ്ചറസായിട്ടുള്ള മൂവാണ് എന്നൊക്കെ പറഞ്ഞ് ആ കാലത്ത് ഒരുപാട് പേര്‍ എന്നെ പിന്തിരിപ്പിക്കാനൊക്കെ ശ്രമിച്ചിട്ടുണ്ട്.

എന്റെ കരിയറില്‍ ചെയ്തിട്ടുള്ള സിനിമകളില്‍ ഏറ്റവും സ്‌പെഷ്യല്‍ ആയിട്ടുള്ള സിനിമയാണ് അയാളും ഞാനും തമ്മില്‍. ഇന്ന് കാണുന്ന പോലെയായിരുന്നില്ല ആ കഥ ആദ്യം കേട്ടത്. കാമുകിക്ക് പകരം അമ്മക്ക് സുഖമില്ലാതെ നാട്ടില്‍ പോകുന്നതായിട്ടായിരുന്നു ആദ്യം എഴുതിയിരുന്നത് പിന്നെ ഞാനാണ് സ്‌ക്രിപ്റ്റില്‍ ചില മാറ്റങ്ങള്‍ വരുത്തിയത്,’ ലാല്‍ ജോസ് പറയുന്നു.

സിനിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ്-മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍ ഈ മാസം 27 ന് തിയേറ്ററുകളിലെത്തും.

 

Content Highlight: Lal Jose talks about Prithiviraj and Ayalum Njanum Thammil