national news
അലഹബാദ് ഹൈക്കോടതി ചവറ്റുകൊട്ടയല്ല; ദല്‍ഹി ഹൈക്കോടതി ജഡ്ജിയെ സ്വീകരിക്കാനാവില്ലെന്ന് ബാര്‍ അസോസിയേഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
1 day ago
Friday, 21st March 2025, 6:28 pm

 

ലഖ്നൗ: വീട്ടില്‍ നിന്ന് കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയതിനെത്തുടര്‍ന്ന് സുപ്രീം കോടതി തിരികെ അയച്ച ദല്‍ഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് ശര്‍മയെ സ്വീകരിക്കില്ലെന്ന് അലഹബാദ് ഹൈക്കോടതി ബാര്‍ അസോസിയേഷന്‍.

അലഹബാദ് ഹൈക്കോടതി ഒരു ചവറ്റുകുട്ടയല്ലെന്ന് പ്രഖ്യാപിച്ച ഹൈക്കോടതി ബാര്‍ അസോസിയേഷന്‍, അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും മറ്റ് ജഡ്ജിമാര്‍ക്കും അയച്ച കത്തില്‍ യശ്വന്ത് വര്‍മയെ ഹൈക്കോടതിയിലേക്ക് തിരികെ അയച്ച സുപ്രീം കോടതി കൊളീജിയം തീരുമാനത്തില്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്തു. കൊളീജിയത്തിന്റെ തീരുമാനം തങ്ങളെ അമ്പരപ്പിച്ചതായി പറഞ്ഞ  ബാര്‍ അസോസിയേഷന്‍ അംഗങ്ങള്‍ തങ്ങളുമായി കൂടിയാലോചന നടത്താതെയാണ് പല തീരുമാനങ്ങളും കൈക്കൊള്ളുന്നതെന്നും ചൂണ്ടിക്കാട്ടി.

‘കൊളീജിയത്തിന്റെ ഈ തീരുമാനം ഗൗരവമേറിയ ഒരു ചോദ്യം ഉയര്‍ത്തുകയാണ്, അലഹബാദ് ഹൈക്കോടതി ഒരു ചവറ്റുകുട്ടയാണോ? നിലവിലെ സാഹചര്യം പരിശോധിക്കുമ്പോള്‍ ഈ വിഷയം വളരെ പ്രസക്തമാണ്. അലഹബാദ് ഹൈക്കോടതിയില്‍ ജഡ്ജിമാരുടെ കുറവുണ്ട്. വര്‍ഷങ്ങളായി പുതിയ ജഡ്ജിമാരെ നിയമിച്ചിട്ടില്ല.

ബാറിലെ അംഗങ്ങളെ ഉയര്‍ത്തുമ്പോള്‍, ബാറുമായി ഒരിക്കലും കൂടിയാലോചിച്ചിട്ടില്ല എന്നത് ഗുരുതരമായ വിഷയമാണ്. യോഗ്യത അനുസരിച്ചല്ല പരിഗണിക്കുന്നതെന്ന് തോന്നുന്നു. എന്തോ ഒരു പോരായ്മയുണ്ട്. ജുഡീഷ്യറിയിലുള്ള പൊതുജനങ്ങളുടെ വിശ്വാസം തകരുകയാണ്,’ കത്തില്‍ പറയുന്നു.

ഈ തീരുമാനങ്ങള്‍ അലഹബാദ് ഹൈക്കോടതിയെ വിഭജിക്കാനുള്ള ഗൂഢാലോചനയുടെ സൂചനയാണെന്നും അസോസിയേഷന്‍ ആരോപിച്ചു. ഉചിതമായ തീരുമാനം എടുക്കുന്നതിനായി തിങ്കളാഴ്ച പൊതുയോഗം വിളിച്ചുചേര്‍ത്ത് അസോസിയേഷന്‍ പ്രസ്താവന ഇറക്കും.

ദല്‍ഹി ഹൈക്കോടതി ജഡ്ജിയായ യശ്വന്ത് വര്‍മയുടെ ഔദ്യോഗിക വസതിയില്‍ തീ അണക്കാന്‍ അഗ്നിശമന സേന എത്തിയപ്പോഴാണ് കണക്കില്‍പെടാത്ത കെട്ടുകണക്കിന് പണം ജഡ്ജിയുടെ വസതിയില്‍ നിന്ന് കണ്ടെത്തിയത്. ഏകദേശം 15 കോടിയോളം രൂപ കണ്ടെടുത്തെന്നായിരുന്നു റിപ്പോര്‍ട്ട്.

2021ലാണ് ജസ്റ്റിസ് വര്‍മ്മ, ദല്‍ഹി ഹൈക്കോടതിയില്‍ ജഡ്ജിയായി നിയമിക്കപ്പെടുന്നത്. മാര്‍ച്ച് 14 ന് ഹോളി ആഘോഷത്തിനിടെ ഉണ്ടായ തീ അണയ്ക്കാന്‍ വിളിച്ച അഗ്നിശമന സേനാംഗങ്ങളാണ് പണം കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ പൊലീസിനെ വിളിക്കുകയും പിന്നീട് സുപ്രീം കോടതിയെ അറിയിക്കുകയും ചെയ്തു.

തുടര്‍ന്ന് ജസ്റ്റിസ് വര്‍മയെ അലഹബാദിലേക്ക് തിരികെ മാറ്റാന്‍ സുപ്രീം കോടതി അടിയന്തര തീരുമാനം എടുക്കുകയായിരുന്നു. സംഭവത്തില്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Content Highlight: Allahabad High Court is not a dustbin; Bar Association says it cannot accept Delhi High Court judge