പാകിസ്ഥാന്‍ ക്രിക്കറ്റ് മാനേജ്‌മെന്റിനെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ പാക് ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി. പി.സി.ബിയുടെ സെലക്ഷന്‍ നയങ്ങളെയും കളിക്കാരെ കൈകാര്യം ചെയ്യുന്നതിനെയുമാണ് മുന്‍ താരം വിമര്‍ശിച്ചത്. സന്തുലിതമായ ബാറ്റിങ്ങിന് പകരം അഗ്രസ്സീവ് രീതിക്കാണ് പാകിസ്ഥാന്‍ മുന്‍ഗണന നല്‍കുന്നതെന്ന് അഫ്രീദി പറഞ്ഞു. കുറച്ച് മത്സരങ്ങളുടെ മാത്രം പരിചയമുള്ള താരങ്ങളെയാണ് ന്യൂസിലാന്‍ഡ് പര്യടനത്തിനായി അയച്ചതെന്നും കളിയില്‍ സാഹചര്യങ്ങളെ മനസിലാക്കാന്‍ പരാജയപ്പെട്ടെന്നും മുന്‍ ക്യാപ്റ്റന്‍ കുറ്റപ്പെടുത്തി.
ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം പാകിസ്ഥാന്‍ ടീം അഞ്ച് ടി20 മത്സരങ്ങളും മൂന്ന് ഏകദിനവുമടങ്ങുന്ന പരമ്പരക്കായി ന്യൂസിലാന്‍ഡിലെത്തിയിരുന്നു. ചാമ്പ്യന്‍സ് ട്രോഫിയിലെ സ്‌ക്വാഡിനെ ഉടച്ച് വാര്‍ത്താണ് പാകിസ്ഥാന്‍ പരമ്പരക്കായി ടീമിനെ അയച്ചത്. ആദ്യ രണ്ട് മത്സരത്തിലും മെന്‍ ഇന്‍ ഗ്രീന്‍ തോറ്റിരുന്നു. അതിന് പിന്നാലെയാണ് അഫ്രീദി രൂക്ഷ വിമര്‍ശനവുമായി എത്തിയത്. വാര്‍ത്ത സമ്മേളനത്തിലാണ് അദ്ദേഹം വിമര്‍ശനം ഉന്നയിച്ചത്.
‘എന്റെ ആക്രമണാത്മക ബാറ്റിങ് ശൈലി അനുകരിക്കാന്‍ എല്ലാവരും ആഗ്രഹിക്കുന്നതായി തോന്നുന്നു, പക്ഷേ എല്ലാ കളിയിലും നിങ്ങള്‍ക്ക് 200 റണ്‍സ് നേടാന്‍ കഴിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 10-11 മത്സരങ്ങളുടെ പരിചയം മാത്രമുള്ള കളിക്കാരെയാണ് അവര്‍ അയച്ചത്. സ്പിന്നര്‍മാരെ ആവശ്യമുള്ളിടത്ത് അവര്‍ പേസര്‍മാരെ തിരഞ്ഞെടുത്തു. പേസര്‍മാര്‍ക്ക് അനുകൂലമായിരുന്ന സാഹചര്യങ്ങളില്‍ അവര്‍ അധിക സ്പിന്നര്‍മാരെയും ഉപയോഗിച്ചു,’ അഫ്രീദി പറഞ്ഞു.
മുഹമ്മദ് ഹസ്‌നൈനെയും ഉസ്മാന്‍ ഖാനെയും മത്സരങ്ങളില്‍ കളിപ്പിക്കാത്തതിനെ കുറിച്ചും അഫ്രീദി സംസാരിച്ചു. പരിശീലക സംഘത്തിന്റെ ഫലപ്രാപ്തിയെയും കളിക്കാരുടെ വികസനത്തെക്കുറിച്ചും മുന്‍ ഓള്‍റൗണ്ടര്‍ ആശങ്കകള്‍ ഉന്നയിച്ചു.
‘ഈ കളിക്കാര്‍ വളരെക്കാലമായി ബെഞ്ചില്‍ ഇരിക്കുകയാണ്, പക്ഷേ അവര്‍ക്ക് കളിക്കാന്‍ അവസരം നല്‍കുന്നില്ല. അവര്‍ക്ക് അവസരം ലഭിക്കില്ലെങ്കില്‍ അവരെ ടീമില്‍ നിലനിര്‍ത്തുന്നതിന്റെ ഉദ്ദേശ്യം എന്താണ്?
അന്താരാഷ്ട്ര തലത്തില്‍, കളിക്കാര്‍ക്ക് ഓഫ്-സ്പിന്‍ കളിക്കുന്നതിന്റെ അടിസ്ഥാനകാര്യങ്ങള്‍ പഠിപ്പിക്കേണ്ടതില്ല. അവര്‍ ഇതിനകം തന്നെ പ്രാവീണ്യം നേടിയിരിക്കേണ്ട അടിസ്ഥാന കഴിവുകളാണിവ,’ മുന്‍ താരം കൂട്ടിച്ചേര്‍ത്തു.
കൂടാതെ, അഫ്രീദി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനങ്ങളില്‍ തനിക്കുള്ള അതൃപ്തിയും പ്രകടിപ്പിച്ചു. പി.സി.ബിയ്ക്ക് ഒരു സ്ഥിരം ചെയര്‍മാനെ വേണമെന്നും ഇടയ്ക്കിടെ ക്യാപ്റ്റനെ മാറ്റുന്നത് ബോര്‍ഡിന്റെ വ്യക്തമായ ദിശാബോധമില്ലായ്മയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘ബോര്‍ഡിന് സ്ഥിരം ചെയര്‍മാനെ വേണം. ബാബര്‍ അസമിന് ദീര്‍ഘകാല ക്യാപ്റ്റനായി ചുമതല നല്‍കിയിരുന്നു. പക്ഷേ, മുഹമ്മദ് റിസ്വാനെ ആറ് മാസം മാത്രമേ ആ സ്ഥാനത്ത് നിലനിര്‍ത്തിയുള്ളൂ. എന്തുകൊണ്ടാണ് ഈ പൊരുത്തക്കേട്? വ്യക്തമായ ദിശാബോധമില്ലായ്മയാണ് ഇത് കാണിക്കുന്നത്,’ അഫ്രീദി പറഞ്ഞു.
അതേസമയം പാകിസ്ഥാൻ മൂന്നാം മത്സരത്തിൽ ന്യൂസിലാൻഡിനെ പരാജയപ്പെടുത്തിയിരുന്നു. ഒൻപത് വിക്കറ്റിനായിരുന്നു പാകിസ്ഥാന്റെ വിജയം.
Content Highlight: Former Pakistan Captain Shahid Afridi Strongly Criticizes PCB