World News
വൈറ്റ് ഹൗസില്‍ ഈദ് ഉല്‍ ഫിത്തര്‍ ആഘോഷിച്ച് ബൈഡന്‍; മുസ്‌ലിങ്ങള്‍ക്കെതിരായ ആക്രമണം വര്‍ധിക്കുന്നുവെന്ന് പരാമര്‍ശം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 May 03, 02:42 am
Tuesday, 3rd May 2022, 8:12 am

വാഷിംങ്ടണ്‍: മുസ്‌ലിങ്ങളെ ലക്ഷ്യം വെച്ചുള്ള അക്രമണം ലോകമെങ്ങും വര്‍ധിച്ചു വരികയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. തങ്ങള്‍ക്കെതിരായ അക്രമണങ്ങളും ഇസ്‌ലാമഫോബിയയും വര്‍ധിച്ച് വരുമ്പോഴും മുസ്‌ലിങ്ങള്‍ അമേരിക്കയെ കൂടുതല്‍ ശക്തമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വൈറ്റ് ഹൗസില്‍ നടന്ന ഈദ് ഉല്‍ ഫിത്തര്‍ ആഘോഷത്തിനിടയില്‍ സംസാരിക്കുകയായിരുന്നു ബൈഡന്‍.

‘ഇന്ന്, ലോകമെമ്പാടും, നിരവധി മുസ്‌ലിങ്ങള്‍ അക്രമത്തിന് ഇരയാകുന്നത് നാം കാണുന്നു. അടിച്ചമര്‍ത്തപ്പെട്ടവരോട് വിവേചനം കാണിക്കരുത്. ആരും അവരുടെ മതവിശ്വാസങ്ങളുടെ പേരില്‍ അടിച്ചമര്‍ത്തപ്പെടരുത്.

ഇന്ന്, ഈ പുണ്യദിനം ആഘോഷിക്കാന്‍ കഴിയാത്ത എല്ലാവരെയും ഞങ്ങള്‍ ഓര്‍ക്കുന്നു, ഉയ്ഗറുകളെ, റോഹിങ്ക്യകളെ, പട്ടിണി, അക്രമം, സംഘര്‍ഷം, രോഗം എന്നിവ നേരിടുന്ന എല്ലാവരെയും.

നമ്മള്‍ കാണാന്‍ ആഗ്രഹിക്കുന്ന ലോകത്തേക്കുള്ള പ്രതീക്ഷയുടെയും പുരോഗതിയുടെയും അടയാളങ്ങളെ നോക്കുക, പ്രത്യേകിച്ചും യെമനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതുകൊണ്ട് ആറു വര്‍ഷത്തിനിടെ ആദ്യമായി സമാധാനത്തോടെ ഈദ് ആഘോഷിക്കാന്‍ യെമനിലെ ജനങ്ങള്‍ക്ക് സാധിച്ചിരിക്കുന്നു,’ ബൈഡന്‍ പറഞ്ഞു.

‘അതേസമയം, വിദേശത്തും നമ്മുടെ രാജ്യത്തും ഇനിയും ഒരുപാട് ജോലികള്‍ ചെയ്യാനുണ്ട്. മുസ്‌ലിങ്ങള്‍ നമ്മുടെ സമൂഹത്തില്‍ ഇപ്പോഴും വെല്ലുവിളികളും ഭീഷണികളും അഭിമുഖീകരിക്കുന്നു, അവരെ ലക്ഷ്യം വെച്ചുള്ള അക്രമവും ഇസ്‌ലാമഫോബിയയും വര്‍ധിക്കുന്നു, എങ്കില്‍ പോലും മുസ്ലിങ്ങള്‍ നമ്മുടെ രാജ്യത്തെ ഓരോ ദിവസവും ശക്തമാക്കുന്നു.

ലോകത്തിന്റെ ചരിത്രമെടുത്ത് നോക്കിയാല്‍ മതം, വംശം, ഭൂമിശാസ്ത്രം എന്നിവയെ അടിസ്ഥാനമാക്കി ഉരുത്തിരിഞ്ഞ രാജ്യമല്ല നമ്മുടേത്. മറിച്ച് ഒരു ആശയത്തിന്റെ അടിസ്ഥാനത്തില്‍ സംഘടിപ്പിക്കപ്പെട്ട ഒരേയൊരു രാഷ്ട്രമാണ് നമ്മളുടേത്. ആ ആശയത്തെ പറ്റി ചിന്തിക്കുക,” അദ്ദേഹം പറഞ്ഞു.

പാകിസ്ഥാന്‍ ഗായകനും സംഗീതസംവിധായകനുമായ അരൂജ് അഫ്താബ് ഈദ് ഉല്‍ ഫിത്തര്‍ ആഘോഷത്തിലെ പ്രധാനപ്രാസംഗികരില്‍ ഒരാളായിരുന്നു. ജില്‍ ബൈഡന്‍, വാഷിംങ്ടണ്‍ ഡിസിയിലെ ‘ദി നേഷന്‍സ് മോസ്‌ക്’ എന്നറിയപ്പെടുന്ന മസ്ജിദ് മുഹമ്മദിന്റെ ഇമാം ഡോ. താലിബ് എം. ഷെരീഫ് എന്നിവരായിരുന്നു മറ്റ് പ്രാസംഗികര്‍.

Content Highlight: U.S. President Joe Biden says violence against Muslims is on the rise around the world