ഭാവനയെ കേന്ദ്ര കഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ഹണ്ട് എന്ന ചിത്രം ഒ.ടി.ടിയിലേക്ക് എത്തുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 23 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ്. വാണിജ്യപരമായി വിജയിക്കാത്ത ചിത്രം മനോരമ മാക്സിലൂടെയാണ് സ്ട്രീമിങ്ങിന് ഒരുങ്ങുന്നത്.
നിഖില്‍ ആനന്ദ് ആണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ എഴുതിയത്. ഭാവന, ചന്തുനാഥ്, രൺജി പണിക്കർ, അദിതി രവി, അനു മോഹൻ, നന്ദു, അജ്മൽ, ഡൈൻ ഡേവിസ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.
ചിന്താമണി കൊലക്കോസ് എന്ന ചിത്രത്തിന് ശേഷം ഷാജി കൈലാസും ഭാവനയും ഒന്നിച്ച ചിത്രമാണ് ഹണ്ട്. മെഡിക്കൽ കോളേജ് പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കീർത്തി എന്ന കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിക്കുന്നത്. റിലീസ് തീയതി ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല.
ബി.കെ ഹരിനാരായണന്‍, സന്തോഷ് വര്‍മ എന്നിവരുടെ വരികള്‍ക്ക് കൈലാസ് മേനോന്‍ ആണ് സംഗീതം നല്‍കുന്നത്. ജാക്‌സണ്‍ ജോണ്‍സണ്‍ ഛായാഗ്രഹണവും അജാസ് മുഹമ്മദ് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ജയലക്ഷ്മി ഫിലിംസിന്റെ ബാനറില്‍ കെ.രാധാകൃഷ്ണനാണ് ചിത്രം നിർമിച്ചത്.
2002ല്‍ കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലൂടെ കരിയര്‍ ആരംഭിച്ച നടിയാണ് ഭാവന. അതില്‍ പരിമളം എന്ന ഒരു ചെറിയ കഥാപാത്രമായിരുന്നു ഭാവനയുടേത്.
ബിഗ് സ്‌ക്രീനില്‍ എത്തിയ ഭാവന പിന്നീട് വളരെ പെട്ടെന്നായിരുന്നു തെന്നിന്ത്യയിലെ തിരക്കുള്ള നായികയായി മാറിയത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ഭാവന അഭിനയിച്ചിട്ടുണ്ട്.
Content Highlight: Bhanana’s horror thriller film is coming to OTT; where can it be watched?