Kerala News
അച്ഛനെ കൊന്നിട്ടും അവരെ ന്യായീകരിക്കുന്നു; പഹല്‍ഗാം ഭീകരാക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട ആരതിക്കെതിരെ വിദ്വേഷ കമന്റുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 24, 10:55 am
Thursday, 24th April 2025, 4:25 pm

കോഴിക്കോട്: പെഹല്‍ഗാം ഭീകരവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളിയായ രാമചന്ദ്രന്റെ മകള്‍ ആരതിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷകമന്റുകള്‍. അച്ഛന്റെ മരണത്തെ കുറിച്ച് മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തിന്റെ പേരിലാണ് ഒരു വിഭാഗം ആരതിക്കെതിരെ വിദ്വേഷ കമന്റുകളുമായി രംഗത്തെത്തിയത്.

ട്വന്റിഫോര്‍ ന്യൂസ്, എഷ്യാനെറ്റ് ന്യൂസ്, റിപ്പോര്‍ട്ടര്‍ ടി.വി തുടങ്ങിയ മാധ്യമങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പങ്കുവെച്ച ആരതിയുടെ വീഡിയോക്ക് താഴെയാണ് ചിലര്‍ വിദ്വേഷ കമന്റുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സ്ത്രീകള്‍ ധൈര്യത്തോടെ പെരുമാറുന്നതിലുള്‍പ്പെടെയുള്ള എതിര്‍പ്പും സഹായം ചെയ്ത കാശ്മീരികള്‍ക്ക് നന്ദി പറഞ്ഞതിനടക്കമുള്ള എതിര്‍പ്പുമാണ് കമന്റുകളിലുള്ളത്.

അച്ഛന്‍ മരണപ്പെട്ടിട്ടും മരണത്തെയും ഭീകരവാദികളുടെ ആക്രമണത്തെയും മുന്നില്‍ കണ്ട് മക്കളെയും അമ്മയെയും രക്ഷപ്പെടുത്തി ഓടിയെന്നും അച്ഛന്റെ മരണത്തെ കുറിച്ച് പറയുമ്പോള്‍ കരയുന്നില്ലെന്നും ഇത്തരം കമന്റുകളില്‍ പറയുന്നു. മകളെന്നതിലുപരി ആരതി അമ്മയായി പ്രവര്‍ത്തിച്ചുവെന്നും കമന്റ് ചെയ്തവര്‍ കുറ്റപ്പെടുത്തുന്നു.

അച്ഛനെ മുന്നിലിട്ട് കൊന്നിട്ട്‌പോലും ഒരു മ്ലാനതയുമില്ലാതെ മേക്കപ്പും മറ്റുമിട്ട് മാധ്യമങ്ങളുടെ മുന്നില്‍ നിന്ന് പ്രതികരിക്കുന്ന തലമുറയാണെന്നടക്കം കമന്റുകളുണ്ട്. മരണവിവരം പറയുമ്പോള്‍ തൊണ്ട ഇടറുന്ന മക്കള്‍ക്കിടയില്‍ ഇങ്ങനെയും ഒരു മകളോ എന്നടക്കമാണ് ഓരോ സൈബര്‍ ഹാന്റിലുകളുടെയും രോധനം.

ആരതി തീവ്രവാദികളെ വിളിച്ച് വരുത്തി അച്ഛനെ വെടിവെപ്പിച്ചതായിരിക്കുമെന്നും അവളുടെ ലുക്കില്‍ നിന്നും സംസാരിക്കുന്നതില്‍ നിന്നും അതാണ് തോന്നുന്നതെന്നും ആളുകള്‍ ആരോപിക്കുന്നു. അച്ഛനെ തിരിഞ്ഞുനോക്കാതെ മക്കളെ രക്ഷിച്ചുവെന്നും വിമര്‍ശനമുണ്ട്.

ജന്മം കൊടുത്ത അച്ഛനോടുള്ള സ്‌നേഹം ഇത്രയും നിസാരമാണോയെന്നും ഇവളെന്താ ഫാഷന്‍ഷോക്കോ സിനിമയിലോ സീരിയലിലോ അഭിനയിക്കുകയോ ആണോയെന്നും ചിലര്‍ ചോദിക്കുന്നു. കണ്‍ മുന്നിലിട്ട് സ്വന്തം അച്ഛനെ വെടിവെച്ചു കൊന്നിട്ട് ഒരു കൂസലും ഇല്ലാതെ മീഡിയയുടെ മുന്നില്‍ വന്ന് അഭിനയം കാഴ്ച വെയ്ക്കുന്ന ഇവളൊരു മകള്‍ ആണോയെന്നു ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്.

അതേസമയം മക്കളെയും അമ്മയെയുമടക്കം സുരക്ഷിതമാക്കിയ ആരതിക്ക് പിന്തുണയുമായും നിരവധി പേര്‍ കമന്റുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിസന്ധി സമയത്തും പതര്‍ച്ചയില്ലാതെ സംസാരിക്കുന്ന ആരതിയെ പിന്തുണക്കുന്ന കമന്റുകളും വീഡിയോകള്‍ക്ക് താഴെയുണ്ട്.

Content Highlight: Is this girl who is talking like this even after her father’s death wearing lipstick? Hateful comments against the daughter of a Malayali killed in the Pehalgam terror attack