Entertainment
ആ ചിത്രത്തിൽ എൻ്റെ അമ്മായി അച്‌ഛൻ മമ്മൂക്ക; ഭാര്യയുടെ സഹോദരനായി ലാലേട്ടൻ: റഹ്‌മാൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 24, 10:18 am
Thursday, 24th April 2025, 3:48 pm

മലയാളികൾക്ക് ഇന്നും ഏറെ പ്രിയപ്പെട്ട നടനാണ് റഹ്‌മാൻ. സംവിധായകൻ പത്മരാജൻ മലയാളത്തിന് സമ്മാനിച്ച മികച്ച നടന്മാരിൽ ഒരാളാണ് അദ്ദേഹം. പത്മരാജന്റെ സംവിധാനത്തിൽ 1983ൽ പുറത്തിറങ്ങിയ കൂടെവിടെ എന്ന സിനിമയിലൂടെയാണ് റഹ്‌മാൻ തന്റെ കരിയർ ആരംഭിക്കുന്നത്. മമ്മൂട്ടിയും മോഹൻലാലും നിറഞ്ഞു നിന്നിരുന്ന തൊണ്ണൂറുകളിലും തന്റേതായ ഒരു സ്ഥാനം ഉണ്ടാക്കിയെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

മമ്മൂട്ടിയെയും മോഹൻലാലിനെയും കുറിച്ച് സംസാരിക്കുകയാണ് നടൻ റഹ്‌മാൻ. താനും മമ്മൂട്ടിയും തമ്മിൽ യാതൊരുവിധത്തിലുമുള്ള മത്സരവും ഉണ്ടായിരുന്നില്ലെന്ന് റഹ്‌മാൻ പറയുന്നു. ഏത് സിനിമയിൽ ചെന്നാലും മമ്മൂട്ടിയോ മോഹൻലാലോ കൂടെ ഉണ്ടാകുമായിരുന്നുവെന്നും മൂന്നുപേരും ഒരുമിച്ചു കുറേ സിനിമകൾ ചെയ്തുവെന്നും റഹ്‌മാൻ പറഞ്ഞു.

‘പൂമുഖപ്പടിയിൽ നിന്നെയും കാത്ത്’ എന്ന സിനിമയിൽ തൻ്റെ അമ്മായി അച്‌ഛനായാണ് മമ്മൂട്ടി അഭിനയിച്ചതെന്നും ഭാര്യയുടെ സഹോദരനായി മോഹൻലാലും അഭിനയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആദ്യ കാലങ്ങളിൽ കാരവാൻ ഇല്ലാത്തതിനാൽ സെറ്റിലെ എല്ലാവരും കസേരയിട്ട് വട്ടത്തിലിരുന്ന് തമാശ പറയുമെന്നും എന്നാൽ ഇന്ന് സിനിമ മാറിയെന്നും റഹ്‌മാൻ പറയുന്നു.

‘ഞാനും മമ്മൂക്കയും തമ്മിലൊന്നും ഒരു മത്സരവും ഇല്ലായിരുന്നു. ഏത് സിനിമയിൽ ചെന്നാലും മമ്മൂക്കയോ ലാലേട്ടനോ കൂടെയുണ്ടാകും ‘പൂമുഖപ്പടിയിൽ നിന്നെയും കാത്ത്’ എന്ന സിനിമയിൽ എൻ്റെ അമ്മായി അച്‌ഛനായാണ് മമ്മൂക്ക അഭിനയിച്ചത്. ഭാര്യയുടെ സഹോദരനായി ലാലേട്ടനും. മൂന്നുപേരും ഒരുമിച്ചു കുറേ സിനിമകൾ ചെയ്തു.

അന്ന് കാരവാൻ ഇല്ലാത്ത കാലമല്ലേ, സെറ്റിൽ എല്ലാവരും ഒന്നിച്ചിരിക്കും, കസേരയിട്ട് വട്ടത്തിലിരുന്ന് തമാശ പറയും. വൺമാൻഷോ സിനിമകളും അന്നില്ലായിരുന്നു. ഇന്ന് കഥകളും സിനിമയും വളരെ മാറി.

വർഷങ്ങളായി ചെന്നൈയിലായതിനാൽ മലയാളത്തിലെ ഉള്ളറക്കളികളൊന്നും ഇപ്പോൾ അറിയില്ല. എനിക്ക് വേണ്ടി വെച്ച റോളുകൾ തട്ടിമാറ്റാൻ പലരും ശ്രമിച്ചതൊക്കെ പണ്ട് നേരിട്ട് അറിയുന്നുണ്ടായിരുന്നു. ഇപ്പോൾ അതൊന്നും എന്നെ ബാധിക്കാറില്ല,’ റഹ്‌മാൻ പറയുന്നു.

Content Highlight: Actor Rahman Talks About Mammootty