Entertainment
മമ്മൂക്കയുടെ മൂന്ന് തംസപ്പില്‍ ഒന്ന് മാത്രമാണ് എനിക്ക്; ബാക്കി രണ്ടും മറ്റൊരു നടന്: ടിനി ടോം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 24, 10:42 am
Thursday, 24th April 2025, 4:12 pm

മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് ടിനി ടോം. മിമിക്രിയില്‍ നിന്നാണ് അദ്ദേഹം സിനിമയിലേക്ക് വരുന്നത്. 1998ല്‍ പുറത്തിറങ്ങിയ പഞ്ചപാണ്ഡവര്‍ ആയിരുന്നു ടിനി ടോമിന്റെ ആദ്യ സിനിമ.

മമ്മൂട്ടി നായകനായ പട്ടാളം എന്ന ചിത്രത്തിലൂടെയാണ് ടിനി സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്. മമ്മൂട്ടി നായകനായ രഞ്ജിത്തിന്റെ പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ് എന്ന ചിത്രമാണ് അദ്ദേഹത്തിന്റെ കരിയറില്‍ വഴിത്തിരിവാകുന്നത്.

ടിനി ടോമിന്റേതായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 916 കുഞ്ഞൂട്ടന്‍. ഗിന്നസ് പക്രുവാണ് സിനിമയില്‍ നായകനായി എത്തുന്നത്. ഇപ്പോള്‍ ഈ സിനിമയുടെ പോസ്റ്റര്‍ വാട്‌സ്ആപ്പില്‍ മമ്മൂട്ടിക്ക് അയച്ചപ്പോള്‍ വന്ന മറുപടിയെ കുറിച്ച് സംസാരിക്കുകയാണ് ടിനി ടോം.

മറുപടിയായി മമ്മൂട്ടി അയച്ച മൂന്ന് തംസപ്പില്‍ ഒന്ന് മാത്രമാണ് തനിക്കുള്ളതെന്നും ബാക്കി രണ്ടെണ്ണം ഗിന്നസ് പക്രുവിന് ഉള്ളതാണെന്നും നടന്‍ പറയുന്നു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടിയുടെ ചാറ്റ് കാണിച്ചു കൊണ്ടായിരുന്നു ടിനി സംസാരിച്ചത്.

‘ഈ ചാറ്റ് കണ്ടോ. ഇതില്‍ മറുപടിയായി മൂന്ന് തംസപ്പിന്റെ കൈ ആണ് വന്നത്. അത് ആരാണെന്ന് അറിയുമോ (ചിരി). മമ്മൂക്കയാണ് അത്. ഞാന്‍ നമ്മുടെ സിനിമയുടെ പോസ്റ്റര്‍ ഷെയര്‍ ചെയ്തപ്പോള്‍ വന്ന മറുപടിയാണ് അത്.

മൂന്ന് കൈകളുടെ ഇമോജിയാണ് വന്നത്. സാധാരണ ഒരു കൈ മാത്രമേ കൊടുക്കുകയുള്ളൂ. പക്ഷെ നമുക്ക് മൂന്നെണ്ണം കിട്ടി. അതില്‍ ഒരെണ്ണം എനിക്കുള്ളതാണ്. ബാക്കി രണ്ടെണ്ണം പക്രുവിനാണ് (ചിരി). അവന് ഗിന്നസ് പക്രുവെന്ന് പേരിട്ടതേ മമ്മൂക്കയല്ലേ.

ഞാന്‍ സിനിമയിലേക്ക് വരാന്‍ നിമിത്തമായതും മമ്മൂക്കയാണ്. നമ്മള്‍ മെസേജ് ഇടുമ്പോള്‍ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഒരു ഓള്‍ ദ ബെസ്റ്റ് കിട്ടുന്നത് വലിയ കാര്യമല്ലേ,’ ടിനി ടോം പറയുന്നു.

916 കുഞ്ഞൂട്ടന്‍:

ഗിന്നസ് പക്രു നായകനായി എത്തുന്ന 916 കുഞ്ഞൂട്ടന്‍ എന്ന ചിത്രം നിര്‍മിക്കുന്നത് മോര്‍സെ ഡ്രാഗണ്‍ എന്റര്‍ടെയ്ന്‍മെന്റാണ്. ആര്യന്‍ വിജയ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഫാമിലി എന്റര്‍ടെയ്‌നറായിട്ടാണ് ഒരുങ്ങുന്നത്.

ചിത്രത്തില്‍ ടിനി ടോമും രാകേഷ് സുബ്രഹ്‌മണ്യവുമാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒപ്പം ഷാജു ശ്രീധര്‍, നോബി മാര്‍ക്കോസ്, വിജയ് മേനോന്‍, കോട്ടയം രമേഷ്, നിയ വര്‍ഗീസ് എന്നിവരും അഭിനയിക്കുന്നുണ്ട്.


Content Highlight: Tini Tom Talks About Mammootty’s Message And Guinness Pakru