ഫലസ്തീനികളെ ആക്രമിക്കുന്ന ഇസ്രഈലി കുടിയേറ്റക്കാര്‍ക്കെതിരെ വിസ നിയന്ത്രണം ഏര്‍പ്പെടുത്തി അമേരിക്ക
വാഷിങ്ടണ്‍: വെസ്റ്റ് ബാങ്കില്‍ ഫലസ്തീനികള്‍ക്കെതിരായ അക്രമ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്ന ഇസ്രഈലി കുടിയേറ്റക്കാര്‍ക്കെതിരെ യാത്ര വിലക്ക് ഏര്‍പ്പെടുത്തുമെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്.
വെസ്റ്റ് ബാങ്കിലെ സമാധാനം, സുരക്ഷ, സ്ഥിരത എന്നിവക്ക് തടസം സൃഷ്ടിക്കുന്ന വ്യക്തികളെ ലക്ഷ്യം വെച്ചുകൊണ്ടാണ് പുതിയ വിസ നിയന്ത്രണ നയം നടപ്പിലാക്കുന്നതെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ പറഞ്ഞു.
ഫലസ്തീനികള്‍ക്കെതിരായി ആക്രമണം നടത്തുന്നതും സിവിലിയമാര്‍ക്ക് ആവശ്യ സേവനങ്ങളിലേക്കും അടിസ്ഥാന ആവശ്യങ്ങളിലേക്കുമുള്ള പ്രവേശനം തടയുന്നവര്‍ക്കെതിരെയും അവരുടെ കുടുംബാംഗങ്ങള്‍ക്കെതിരെയും നിയന്ത്രണം ഏര്‍പ്പെടുത്താനാണ് തീരുമാനമെന്ന് യു.എസിന്റെ ഔദ്യോഗിക പ്രഖ്യാപനം ചൂണ്ടിക്കാട്ടുന്നു.
നിരവധി ഫലസ്തീനികളെ അവരുടെ ഭൂമിയില്‍ നിന്ന് പുറത്താക്കിയ കുടിയേറ്റക്കാരുടെ ആക്രമണങ്ങളെ നേരിടാന്‍ ഇസ്രഈല്‍ മതിയായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിനെത്തുടര്‍ന്നാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുതിയ വിസ നയം പുറപ്പെടുവിക്കുന്നത്.
ഫലസ്തീനികള്‍ക്കെതിരെ ഇസ്രഈലി കുടിയേറ്റക്കാര്‍ നടത്തുന്ന അക്രമാസക്തമായ ആക്രമണങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും ആന്റണി ബ്ലിങ്കെന്‍ പറഞ്ഞു. വെസ്റ്റ് ബാങ്കിലെ സ്ഥിരത ഉയര്‍ത്തിപ്പിടിക്കാന്‍ ഇസ്രഈല്‍, ഫലസ്തീന്‍ അധികാരികള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.