World News
'ബൈഡന്‍, ഗസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചില്ലെങ്കില്‍ നിങ്ങള്‍ക്ക് വോട്ടില്ല'; പ്രതിഷേധം ശക്തമാക്കി യു.എസ്
വാഷിങ്ടണ്‍: ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ യു.എസില്‍ പ്രതിഷേധങ്ങള്‍ ശക്തമാകുന്നു. അടിയന്തിര വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
ഗസയിലെ ഇസ്രഈല്‍ ആക്രമണത്തിന്റെ നാലാമത്തെ ആഴ്ച തുടരുമ്പോള്‍ വാഷിങ്ടണ്‍ ഡി.സിയിലും ലോകമെമ്പാടുമുള്ള മറ്റ് തലസ്ഥാന നഗരികളിലും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ പ്രതിഷേധക്കാരുടെ വന്‍ ജനകൂട്ടമാണ് തടിച്ചു കൂടിയത്.
ഉടന്‍ വെടിനിര്‍ത്തലിനു പുറമേ ഇസ്രഈലിനുള്ള യു.എസ് സൈനിക സഹായം അവസാനിപ്പിക്കാനും ഗസയില്‍ ഉപരോധം അവസാനിപ്പിക്കാനും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
ശനിയാഴ്ച യു.എസില്‍ നാഷണല്‍ മാളിനും വൈറ്റ് ഹൗസിനും സമീപത്തുള്ള ഫ്രീഡം പ്ലാസയില്‍ നടന്ന ഫലസ്തീന്‍ അനുകൂല റാലിയില്‍ നിരവധിപേരാണ് പങ്കെടുത്തത്. ഫലസ്തീന്‍ മുദ്രാവാക്യങ്ങളും പതാകയും ഉയര്‍ത്തിപ്പിടിച്ച് ആയിരുന്നു പ്രതിഷേധം.
‘ഫലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന് എത്രയധികം പിന്തുണ ലഭിക്കുന്നു എന്നുള്ളതിന്റെ തെളിവാണ് ചുറ്റും നടക്കുന്ന പ്രതിഷേധങ്ങള്‍. മാറ്റം വരുന്നത് കാണാന്‍ ആളുകള്‍ ആഗ്രഹിക്കുന്നു.
ഇത് ധാര്‍മികതയ്ക്ക് മേലുള്ള ഒരു തെരഞ്ഞെടുപ്പായി മാറിയിരിക്കുകയാണ്. നിങ്ങള്‍ ഫലസ്തീനികള്‍ക്കായി സംസാരിക്കാനും പിന്തുണയ്ക്കാനും നില്‍ക്കുമെന്ന് ഞാന്‍ കരുതുന്നു അല്ലെങ്കില്‍ നിങ്ങള്‍ ഒരു വംശഹത്യയെ പിന്തുണയ്ക്കുകയാണ്.
ഫലസ്തീനികളുടെ ജീവിതത്തിന് ചുറ്റും സമാധാനം സ്ഥാപിക്കാനും അവരുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കാനും ഈ പ്രതിഷേധം ഒരു അവസരമായി ഞങ്ങള്‍ കാണുന്നു ,’ ഫലസ്തീന്‍ അവകാശങ്ങള്‍ക്കായുള്ള യു.എസ് ക്യാമ്പയിന്‍ ഡയറക്ടര്‍ ഇമാന്‍ ആബിദ് തോംസണ്‍ പറഞ്ഞതായി സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു.
ഫ്രീഡം പ്ലാസയില്‍ നിന്നുമുള്ള വീഡിയോയില്‍ പ്രതിഷേധക്കാര്‍ ഫലസ്തീന്‍ ഐഡന്റിറ്റിയുടെ പ്രതീകമായ ഒരു പാറ്റേണ്‍ സ്‌കാര്‍ഫ് (കഫി) ധരിച്ചിരിക്കുന്നതായി കാണാം. കൂടാതെ ഫലസ്തീന്‍ പതാകകള്‍ വഹിച്ചുകൊണ്ട് കൊലപാതകങ്ങള്‍ നിര്‍ത്തുക, ഗസയെ ജീവിക്കാന്‍ അനുവദിക്കുക എന്നീ മുദ്രാവാക്യങ്ങളും അവര്‍ ഉറക്കെ വിളിച്ചു.
‘ബൈഡന്‍, ബൈഡന്‍ നിങ്ങള്‍ക്ക് ഒളിച്ചുവെക്കാന്‍ കഴിയില്ല. ഞങ്ങള്‍ നിങ്ങള്‍ക്കുമേല്‍ വംശഹത്യ ചുമത്തുകയാണ്. വെടിനിര്‍ത്തല്‍ ഇല്ലെങ്കില്‍ വോട്ടില്ല,’ ഒന്നിലധികം സംഘാടകര്‍ പ്രസിഡന്റ് ജോ ബൈഡനെ നേരിട്ട് അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.
യു.എസ് ചരിത്രത്തിലെ തന്നെ ഫലസ്തീന്‍ അനുകൂലമായി സഘടിപ്പിച്ച ഏറ്റവും വലിയ മാര്‍ച്ച് ആണിതെന്നും 450ലധികം സംഘടനകള്‍ മാര്‍ച്ചിനെ അനുകൂലിച്ചതായും ഇന്റര്‍നാഷണല്‍ പീപ്പിള്‍സ് അസംബ്ലി പറഞ്ഞു.
‘ഈ നീചമായ പ്രവര്‍ത്തി ഞങ്ങള്‍ എതിര്‍ക്കുകയാണ്. ഗസയില്‍ വെടിനിര്‍ത്തലിന് 66 ശതമാനം അമേരിക്കക്കാര്‍ പിന്തുണ നല്‍കിയിട്ടും വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യാനുള്ള ബൈഡന്റെ വിസമ്മതത്തിന് ഞങ്ങള്‍ കൂട്ടുനില്‍ക്കില്ല.
അവസാനമായി ഗസയിലെ പൗരന്മാരോട് അവര്‍ ഒറ്റയ്ക്കല്ല എന്ന സന്ദേശം അറിയിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുകയാണ്. ഞങ്ങളുടെ സര്‍ക്കാര്‍ അവരുടെ വംശഹത്യയ്ക്ക് പണം നല്‍കുമ്പോള്‍ ഞങ്ങള്‍ വെറുതെ കണ്ടിരിക്കില്ല ,’ പ്രതിഷേധക്കാര്‍ പറഞ്ഞു.
വാഷിങ്ടണ്‍ ഡി.സിക്ക് പുറമെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യത്തിനും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതിനുമായി ലോകമെമ്പാടുമുള്ള മറ്റു പ്രധാന നഗരങ്ങളിലും ശനിയാഴ്ച പ്രതിഷേധ റാലികള്‍ നടന്നു.
ലണ്ടനിലെ ട്രാഫല്‍ഗര്‍ സ്‌ക്വയറില്‍ ആയിരക്കണക്കിന് ആളുകള്‍ ഒത്തുകൂടി. വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുക, കുട്ടികള്‍ക്കു മേലുള്ള ബോംബ് ആക്രമണം നിര്‍ത്തുക തുടങ്ങിയ മുദ്രാവാക്യങ്ങളുമായി ഫലസ്തീന്‍ പതാകകളും ബാനറുകളും വഹിച്ചു കൊണ്ടായിരുന്നു പ്രതിഷേധം.
ലണ്ടനിലെ ആദ്യ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ മാര്‍ച്ചില്‍ ഏകദേശം ഒരു ലക്ഷത്തിലധികം പേര്‍ പങ്കെടുത്തതായി മെറ്റ് പോലീസ് റിപ്പോര്‍ട്ട് ചെയ്തു.
മാഞ്ചസ്റ്റര്‍, ഓക്‌സ്‌ഫോര്‍ഡ്, ന്യൂകാസില്‍, ലിവര്‍പൂള്‍ ഉള്‍പ്പെടെ യു.കെയിലുടനീളമുള്ള മറ്റു നഗരങ്ങളിലും ഫലസ്തീന്‍ അനുകൂല പ്രകടനങ്ങള്‍ ശനിയാഴ്ച നടന്നു.
വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്ത് യൂറോപ്പിലും ലാറ്റിന്‍ അമേരിക്കയിലും ആയിരക്കണക്കിന് ആളുകള്‍ തെരുവിലിറങ്ങി. ഫ്രാന്‍സില്‍ തലസ്ഥാന നഗരിയായ പാരിസിലും പ്രകടനങ്ങള്‍ നടന്നു. ജര്‍മനി, സാന്‍ഡിയാഗോ, ചില്ലി ,വെനസ്വാല എന്നിവിടങ്ങളിലും പ്രതിഷേധങ്ങള്‍ നടന്നു.
Content Highlight: U.S.A protests against genocide in Gaza