ടെഹ്‌റാന്‍: ആണവ ചര്‍ച്ചയിലെ അമേരിക്കയുടെ ഇരട്ടത്താപ്പ് നയത്തിനെതിരെ വിമര്‍ശനവുമായി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒരുവശത്ത് നിന്ന് ഇറാനെ ചര്‍ച്ചയ്ക്ക് വിളിക്കുമ്പോള്‍ മറുവശത്ത് നിന്ന് രാജ്യത്തിന് നേരെ ഭീഷണി മുഴക്കുകയാണെന്ന് പെസഷ്‌കിയാന്‍ പറഞ്ഞു. ഇത് അന്താരാഷ്ട്ര നയതന്ത്ര നയങ്ങള്‍ക്ക് വിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം തുല്യതയില്‍ നിന്നുള്ള ചര്‍ച്ചയ്ക്ക് ഇറാന്‍ എപ്പോഴും തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ തുല്യനിലയിലുള്ള സംഭാഷണം ആഗ്രഹിക്കുന്നു. എന്നാല്‍ യു.എസ് ഒരു വശത്ത് ഇറാനെ ഭീഷണിപ്പെടുത്തുകയും മറുവശത്ത് ചര്‍ച്ചകള്‍ നടത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു.
നിങ്ങള്‍ ചര്‍ച്ചകള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പിന്നെ എന്തിനാണ് ഭീഷണികള്‍ ഉയര്‍ത്തുന്നത്? അമേരിക്ക ഇറാനെ മാത്രമല്ല, ലോകത്തെതന്നെ അപമാനിക്കുന്നു. ഈ പെരുമാറ്റം സംഭാഷണത്തിനുള്ള അഭ്യര്‍ത്ഥനയ്ക്ക് വിരുദ്ധമാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രാദേശിക, അന്തര്‍ദേശീയ വികസനത്തിന് മറ്റ് രാജ്യങ്ങളുമായുള്ള ഇറാന്റെ ഇടപെടല്‍ മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് പെസഷ്‌കിയന്‍ തന്റെ മറ്റൊരു പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
കൂടാതെ രാജ്യത്ത് സമവായവും ഐക്യവും വളര്‍ത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു, ആഭ്യന്തര തര്‍ക്കങ്ങള്‍ പരിഹരിക്കുന്നത് വിദേശത്തു നിന്നുള്ള ഗൂഢാലോചനകളെ പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ആഭ്യന്തര തര്‍ക്കങ്ങള്‍ മാറ്റിവെച്ച് ഐക്യം സ്വീകരിച്ചാല്‍, ശത്രുവിന് നമ്മെ പരാജയപ്പെടുത്താനാവില്ലെന്നും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്നും പെസഷ്‌കിയാന്‍ കൂട്ടിച്ചേര്‍ത്തു. അതിനായി എല്ലാ ഇറാനികളും കൈകോര്‍ത്ത് തങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കണമെന്നും പെസഷ്‌കിയാന്‍ പറഞ്ഞു.
മാര്‍ച്ച് ആദ്യവാരമാണ് ആണവക്കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്താന്‍ താത്പര്യം പ്രകടിപ്പിച്ച് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമനേനിക്ക് കത്തയച്ചതായി ട്രംപ് വെളിപ്പെടുത്തിയത്. ഇറാനെ കൈകാര്യം ചെയ്യാന്‍ രണ്ട് വഴികളാണ് ഉള്ളതെന്നും അതില്‍ ഒന്ന് സൈനികമായും അല്ലെങ്കില്‍ കരാറില്‍ ഒപ്പിടുകയാണെന്നും അതിനാല്‍ ഒരു കരാര്‍ ഉണ്ടാക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നാണ് ട്രംപ് പറഞ്ഞത്.
എന്നാല്‍ ട്രംപിന്റെ ഈ നിര്‍ദേശത്തിന് നേരിട്ടല്ലാതെ പരോക്ഷമായ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഇറാന്‍ ഒമാന്‍ വഴി മറുപടി നല്‍കി. എന്നാല്‍ ഇത് ട്രംപിന് രസിച്ചില്ല. തുടര്‍ന്ന് ആണവക്കരാറില്‍ ഇറാന്‍ സഹകരിച്ചില്ലെങ്കില്‍ രാജ്യത്തിന് നേരെ ബോബ് വര്‍ഷിക്കുമെന്ന് ട്രംപ് പറഞ്ഞു.
അവര്‍ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ബോംബാക്രമണമായിരിക്കും അതെന്നും ഇറാനെ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി വലയ്ക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. തൊട്ട് പിന്നാലെ അമേരിക്ക കൂടുതല്‍ യുദ്ധവിമാനങ്ങള്‍ ഇറാനിയന്‍ മേഖലയിലേക്ക് വിന്യസിക്കുകയുമുണ്ടായി.
Content Highlight: US double standards in nuclear talks; one side calls for talks, the other side makes threats; Masoud Pezeshkian