ചെറുതും വലുതുമായ വേഷങ്ങളിലൂടെ മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് സന്തോഷ് കെ. നായര്‍. 1982ല്‍ പി.ജി. വിശ്വംഭരന്‍ സംവിധാനം ചെയ്ത ഇത് ഞങ്ങളുടെ കഥ എന്ന ചിത്രത്തിലൂടെയായിരുന്നു അദ്ദേഹം തന്റെ കരിയര്‍ ആരംഭിക്കുന്നത്. നായകനായും വില്ലനായും നിരവധി സിനിമകളില്‍ അഭിനയിച്ച സന്തോഷ് ക്യാരക്ടര്‍ റോളുകളിലും തിളങ്ങിയിട്ടുണ്ട്. സീരിയല്‍ രംഗത്തും സന്തോഷ് തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
മലയാളത്തിലെ മികച്ച നടന്മാരായ മമ്മൂട്ടിയെക്കുറിച്ചും മോഹന്‍ലാലിനെക്കുറിച്ചും സംസാരിക്കുകയാണ് സന്തോഷ് കെ. നായര്‍. മോഹന്‍ലാലിനെ കോളേജ് കാലം തൊട്ട് അറിയാമായിരുന്നെന്ന് സന്തോഷ് കെ. നായര്‍ പറഞ്ഞു. തന്റെ സമപ്രായക്കാരനാണ് മോഹന്‍ലാലെന്നും തങ്ങള്‍ രണ്ടുപേരും എം.ജി. കോളേജിലായിരുന്നു പഠിച്ചതെന്നും സന്തോഷ് കൂട്ടിച്ചേര്‍ത്തു.
താന്‍ അന്നുതൊട്ടേ സംഘപരിവാറില്‍ ഉണ്ടായിരുന്നെന്നും അതിന്റെ സജീവ പ്രവര്‍ത്തകനായിരുന്നെന്നും സന്തോഷ് പറഞ്ഞു. എന്നാല്‍ മോഹന്‍ലാല്‍ എസ്.എഫ്.ഐയില്‍ ആയിരുന്നെന്നും സന്തോഷ് കെ. നായര്‍ കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാല്‍ അന്നേ ടെറര്‍ ആയിട്ടുള്ള ആളായിരുന്നെന്നും സന്തോഷ് പറഞ്ഞു. എന്നാല്‍ തന്റെ പാര്‍ട്ടിയുമായി അടിയൊന്നും ഇല്ലായിരുന്നെന്നും സന്തോഷ് കെ. നായര്‍ പറഞ്ഞു.
മമ്മൂട്ടിയെ ആദ്യമായി കാണുന്നത് പിന്‍നിലാവ് എന്ന സിനിമയുടെ സെറ്റില്‍ വെച്ചായിരുന്നെന്ന് സന്തോഷ് കെ. നായര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അന്ന് മമ്മൂട്ടിയെ വലിയ സംഭവമായി തോന്നിയില്ലെന്നും ആ സമയത്ത് അദ്ദേഹത്തിന് അധികം ജാഡയൊന്നും ഇല്ലായിരുന്നെന്നും സന്തോഷ് പറഞ്ഞു. അദ്ദേഹം സെറ്റില്‍ ഒരു സൈഡിലിരുന്ന് പുകവലിക്കുമായിരുന്നെന്നും താനും അധികം മൈന്‍ഡ് ചെയ്യാതെയിരിക്കുമെന്നും സന്തോഷ് കെ. നായര്‍ കൂട്ടിച്ചേര്‍ത്തു. കാന്‍ ചാനല്‍ മീഡിയയോട് സംസാരിക്കുകയായിരുന്നു സന്തോഷ് കെ. നായര്‍.
‘മോഹന്‍ലാലിനെ കോളേജ് കാലം തൊട്ട് പരിചയമുണ്ട്. ഞങ്ങള്‍ രണ്ടുപേരും എം.ജി. കോളേജിലാണ് പഠിച്ചത്. ഞാന്‍ അന്നേ സംഘപരിവാറിന്റെ സജീവപ്രവര്‍ത്തകനായിരുന്നു. മോഹന്‍ലാല്‍ എസ്.എഫ്.ഐക്കാരനും. അന്നേ മോഹന്‍ലാല്‍ ടെററായിരുന്നു. എന്നാല്‍ ഒരിക്കല്‍ പോലും ഞങ്ങളുടെ പാര്‍ട്ടികള്‍ തമ്മില്‍ അടിയുണ്ടായിട്ടില്ല.
മമ്മൂക്കയെ ആദ്യമായി കാണുന്നത് പിന്‍നിലാവ് എന്ന പടത്തിന്റെ സെറ്റില്‍ വെച്ചായിരുന്നു. പുള്ളിയെ വലിയ സംഭവമായി അന്ന് തോന്നിയിട്ടില്ല. വലിയ ജാഡക്കാരനാണെന്നൊക്കെ ഇപ്പോഴാണല്ലോ പറയുന്നത്. അന്ന് അങ്ങനെയൊന്നുമില്ലായിരുന്നു. മമ്മൂട്ടി ഒരു സൈഡില്‍ മാറി നിന്ന് പുകവലിക്കും. നമ്മള്‍ കുറച്ചപ്പുറത്ത് മാറി നിന്ന് നമ്മുടെ പണി നോക്കും,’ സന്തോഷ് കെ. നായര്‍ പറഞ്ഞു.
Content Highlight: Santhosh K Nayar about Mammootty and Mohanlal