World News
ടിക് ടോക്കിന്റെ അമേരിക്കയിലെ ഓഹരി യു.എസ് കമ്പനിക്ക് നല്‍കിയാല്‍ ചൈനയ്ക്ക് താരിഫ് ഇളവ് നല്‍കാം; വാഗ്ദാനവുമായി ട്രംപ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 06, 08:43 am
Sunday, 6th April 2025, 2:13 pm

വാഷിങ്ടണ്‍: അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ചൈന 34% താരിഫ് പ്രഖ്യാപിച്ചതിന് പിന്നാലെ ചൈനയെ മയപ്പെടുത്താന്‍ പുതിയ നയവുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈനീസ് കമ്പനിയായ ടിക് ടോക്കിന്റെ യു.എസിലെ പ്രവര്‍ത്തനങ്ങള്‍ ഒരു അമേരിക്കന്‍ കമ്പനിയെ ഏല്‍പ്പിച്ചാല്‍ ചൈനീസ് ഉത്പന്നങ്ങള്‍ക്കുള്ള യു.എസ് തീരുവ കുറയ്ക്കാമെന്നാണ് ട്രംപിന്റെ പുതിയ വാഗ്ദാനം.

ടിക് ടോക്കിനെ രക്ഷിക്കാനുള്ള ഒരു കരാറില്‍ ഏര്‍പ്പെടാന്‍ തന്റെ ഭരണകൂടം വളരെയധികം കഠിനാധ്വാനം ചെയ്തുവരികയാണെന്നും ആവശ്യമായ എല്ലാ അംഗീകാരങ്ങളും ഒപ്പുവെക്കാന്‍ ടിക്ടോക്ക് 75 ദിവസത്തേക്ക് കൂടി പ്രവര്‍ത്തിപ്പിക്കാനാവശ്യമായ എക്സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവെക്കുകയാണെന്നും ട്രംപ് അറിയിച്ചു.

ചൈന താന്‍ ചുമത്തിയ പകരച്ചുങ്കത്തില്‍ സംതൃപ്തരല്ല എന്ന് തനിക്ക് അറിയാമെന്നും എന്നാല്‍ ഇത് അമേരിക്കക്കും ചൈനയ്ക്കും ഇടയിലുള്ള ന്യായമായ വ്യാപാരത്തിന് ആവശ്യമാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ടിക് ടോക്കിനെ ഇരുട്ടിലേക്ക് തള്ളി വിടാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും അതിനാല്‍ ഈ ഡീല്‍ ക്ലോസ് ചെയ്യുന്നതിനായി ചൈനയുടേയും ടിക് ടോക്കിന്റെയും കൂടെ നിന്ന് പ്രവര്‍ത്തിക്കാന്‍ യു.എസ് തയ്യാറാണെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

ടിക് ടോക്കിന്റെ ചൈനീസ് മാതൃ കമ്പനിയായ ബൈറ്റ്ഡാന്‍സിന്റെ വക്താവ് യു.എസ് സര്‍ക്കാരുമായി ചര്‍ച്ചകള്‍ തുടരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ കരാറിന് ഇതുവരെ അന്തിമരൂപം ലഭിച്ചിട്ടില്ല. അതിന് ചൈനീസ് സര്‍ക്കാരിന്റെ അനുമതി വേണം. അതേസമയം ട്രംപിന്റെ താരിഫ് നിര്‍ദേശത്തെക്കുറിച്ച് ചൈനയും ഇതുവരെ പ്രതികരിച്ചിട്ടില്ല.

170 മില്യണ്‍ ഉപേഭാക്താക്കളാണ് ടിക് ടോക്കിന് അമേരിക്കയിലുള്ളത്. മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അധികാരം ഒഴിയുന്നതിന് തൊട്ടുമുമ്പാണ് ടിക് ടോക്കിന് യു.എസില്‍ നിരോധനം ഏര്‍പ്പെടുത്തിയത്. എന്നാല്‍ ട്രംപ് അധികാരത്തില്‍ എത്തിയതോടെ ടിക് ടോക്കിനെ തിരികെ കൊണ്ടുവരികയും ചില നിബന്ധനകളോടെ കുറച്ച് ദിവസങ്ങളേക്ക് പ്രവര്‍ത്തനാനുമതി നല്‍കുകയും ചെയ്തു. ഇതില്‍ പ്രധാനപ്പെട്ടാതാണ് യു.എസിലെ കമ്പനിയുടെ ഷെയര്‍ മറ്റൊരു യു.എസ് കമ്പനിക്ക് കൈമാറുക എന്നത്.

പകരച്ചുങ്ക പ്രഖ്യാപനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസമാണ് ട്രംപ് മറ്റ് ലോകരാജ്യങ്ങള്‍ക്കൊപ്പം ചൈനയ്ക്കും താരിഫ് ചുമത്തിയത്. 34% താരിഫാണ് ട്രംപ് ചൈനീസ് ഉത്പന്നങ്ങള്‍ക്ക് ചുമത്തിയത്. ചൈനയില്‍ നിന്നും കുറഞ്ഞ മൂല്യമുള്ള ഉത്പന്നങ്ങള്‍ ഡ്യൂട്ടി ഫ്രീയായി അയക്കുന്നത് ട്രംപ് നിര്‍ത്തലാക്കുകയും ചെയ്തു.

തൊട്ട് പിന്നാലെ എല്ലാ യു.എസ് ഉത്പന്നങ്ങള്‍ക്കും 34% അധിത തീരുവ ചുമത്തുമെന്നും ചില ഉത്പന്നങ്ങള്‍ക്ക് കയറ്റുമതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും ചൈനയും അറിയിച്ചു. കൂടാതെ ഏകദേശം 30ഓളം കമ്പനികള്‍ക്ക് ചൈനയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും ചൈനീസ് സര്‍ക്കാര്‍ വ്യക്തമാക്കി.

Content Highlight: Trump offers China tariff relief if TikTok’s US stake is given to US company