Entertainment
ഇനി ഷണ്മുഖന്റെ ഊഴം; പെര്‍ഫോമന്‍സില്‍ ഞെട്ടിച്ച് മോഹന്‍ലാല്‍; തുടരും ആദ്യ പ്രതികരണം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 25, 08:35 am
Friday, 25th April 2025, 2:05 pm

മോഹന്‍ലാല്‍-ശോഭന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത തുടരും റിലീസായിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

ഏറെ നാളുകള്‍ക്ക് ശേഷം മോഹന്‍ലാലിന്റെ ഒരു ഗംഭീര പെര്‍ഫോമന്‍സ് കാണാന്‍ കഴിഞ്ഞെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

മോഹന്‍ലാല്‍ എന്ന നടന്‍ എവിടേയും പോയിട്ടില്ലെന്നും അദ്ദേഹത്തെ ഉപയോഗിക്കാന്‍ അറിയുന്ന സംവിധായകരെ കിട്ടിയാല്‍ മാത്രം മതിയെന്നുമാണ് സിനിമ കണ്ടിറങ്ങിയ പ്രേക്ഷകര്‍ പറയുന്നത്.

പെര്‍ഫോമന്‍സില്‍ മോഹന്‍ലാല്‍ ഞെട്ടിച്ചെന്നും വില്ലന്‍ വേഷം ചെയ്ത നടന്റെ പെര്‍ഫോമന്‍സ് ഗംഭീരമാണെന്നും ചിലര്‍ പ്രതികരിക്കുന്നു.

സിനിമാറ്റോഗ്രഫിയും മ്യൂസിക്കും മികച്ചു നില്‍ക്കുന്നെന്നും തിരക്കഥ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റെന്നും ആരാധകര്‍ പറയുന്നു.

ആദ്യപകുതി അവസാനിക്കുന്നത് സീറ്റിങ് എഡ്ജിങ് പോയിന്റിലാണെന്നും ഒരു രക്ഷയുമില്ലാത്ത സെക്കന്റ് ഹാഫാണെന്നുമാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

എക്‌സ്ട്രാ ഓഡിനറി ലാലേട്ടനെയാണ് സ്‌ക്രീനില്‍ കണ്ടതെന്നും ട്രെയിലറില്‍ കണ്ടതൊന്നുമല്ല സിനിമയെന്നും ഇവര്‍ പറയുന്നു.

മോഹന്‍ലാല്‍ കരയുമ്പോള്‍ കൂടെ പ്രേക്ഷകരും കരയും. ഒരുപാട് നാളുകള്‍ക്ക് ശേഷം എന്‍ജോയ് ചെയ്ത് കണ്ട ലാലേട്ടന്‍ പടം.

ഫാമിലി ഡ്രാമയില്‍ നിന്ന് ത്രില്ലറിലേക്കുള്ള ഷിഫ്റ്റും തരുണ്‍ മൂര്‍ത്തിയുടെ മേക്കിങ്ങിനും കയ്യടിക്കാതെ തരമില്ലെന്നും ആരാധകര്‍ പറയുന്നു.

47 വര്‍ഷമായി ഈ ഇന്‍ഡസ്ട്രിയില്‍ നില്‍ക്കുന്ന 65 കാരനായ മോഹന്‍ലാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ചെയ്ത ഏറ്റവും മികച്ച കഥാപാത്രമാണ് ഷണ്മുഖമെന്നാണ് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ എഴുതിയത്.

ഒരു സൂപ്പര്‍സ്റ്റാറിന്റെ അതിപ്രസരം ഒന്നും തന്നെയില്ലാത്ത, സ്‌ക്രീനില്‍ കാണുന്ന ആദ്യ മൊമെന്റുകളില്‍ തന്നെ പ്രേക്ഷകരുടെ ഹൃദയത്തില്‍ പതിഞ്ഞു പോകുന്നൊരു തനി നാടന്‍ മോഹന്‍ലാല്‍.

അത്തരത്തിലൊരു കഥാപാത്രത്തെയാണ് കെ.ആര്‍ സുനിലും തരുണ്‍ മൂര്‍ത്തിയും ചേര്‍ന്ന് ഒരുക്കിയിരിക്കുന്നതെന്നും ചിലര്‍ പറയുന്നു.

 

Content Highlight: Thudarum Movie First response