ന്യൂദൽഹി: ദൽഹി ലെഫ്റ്റനന്റ് ഗവർണർ വി.കെ. സക്‌സേന നൽകിയ 23 വർഷം പഴക്കമുള്ള മാനനഷ്ടക്കേസിൽ സാമൂഹിക പ്രവർത്തക മേധ പട്കർ അറസ്റ്റിൽ. കഴിഞ്ഞ ദിവസം ദൽഹി സെഷൻസ് കോടതി മേധ പട്കറിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദൽഹി പൊലീസ് മേധ പട്കറിനെ അറസ്റ്റ് ചെയ്തത്.
നിയമപരമായ ഇളവ് ദുരുപയോഗം ചെയ്തു, കോടതി നിർദേശങ്ങൾ അവഗണിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ്. കേസില്‍ ഏപ്രില്‍ 23ന് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും മേധാ പട്കര്‍ക്ക് അതിന് കഴിഞ്ഞില്ല. വീഡിയോ കോളിലൂടെ അവര്‍ വാദം കേള്‍ക്കലിന് ഹാജരായി. എന്നാല്‍ നേരിട്ട് കോടതിയില്‍ വരാതിരുന്നതും ശിക്ഷാനിയമങ്ങള്‍ പാലിക്കാതിരുന്നതുമായ നടപടി മനപ്പൂര്‍വ്വം കോടതി നടപടികളില്‍ നിന്നുളള ഒഴിഞ്ഞുമാറ്റമായി തോന്നിയെന്ന് കോടതി വിമര്‍ശിച്ചു.
ലഫ്റ്റനന്റ് ഗവർണർ വി.കെ. സക്‌സേന ഫയൽ ചെയ്ത 23 വർഷം പഴക്കമുള്ള മാനനഷ്ടക്കേസിൽ 2024 ജൂലൈയിൽ മേധാ പട്കർ കുറ്റക്കാരിയെന്ന് കണ്ടെത്തി കോടതി മൂന്ന് മാസം തടവിന് ശിക്ഷിച്ചിരുന്നു. എന്നാൽ അവരുടെ പ്രായവും ആരോഗ്യവും കണക്കിലെടുത്ത്, നഷ്ടപരിഹാര തുകയും പ്രൊബേഷൻ ബോണ്ടും സമർപ്പിച്ചാൽ മതിയെന്ന് പറഞ്ഞുകൊണ്ട് കോടതി അവർക്ക് പ്രൊബേഷൻ അനുവദിച്ചിരുന്നു.
ഈ ഇളവ് ഉണ്ടായിരുന്നിട്ടും, ഏപ്രിൽ 23 ന് പ്രൊബേഷൻ ബോണ്ടുകൾ ഔപചാരികമായി സമർപ്പിക്കുന്നതിനും പിഴ അടയ്ക്കുന്നതിനും പട്കർ കോടതിയിൽ ഹാജരായില്ല. കോടതി ഉത്തരവുകൾ മേധ പട്കർ തുടർച്ചയായി പരാജയപ്പെട്ടെന്ന് കോടതി കണ്ടെത്തുകയായിരുന്നു.
2000 നവംബർ 24 ന് സക്‌സേന നാഷണൽ കൗൺസിൽ ഓഫ് സിവിൽ ലിബർട്ടീസിനെ നയിച്ചപ്പോൾ മേധ പട്കർ പുറത്തിറക്കിയ ഒരു പത്രക്കുറിപ്പിന് പിന്നാലെയാണ് കേസ് ആരംഭിച്ചത്.
കുറിപ്പിൽ മേധ പട്കർ സക്‌സേനയെ ഭീരു എന്ന് വിളിക്കുകയും സക്‌സേന ഹവാല ഇടപാടുകളിൽ പങ്കാളിയാണെന്ന് ആരോപിക്കുകയും ചെയ്തു. കൂടാതെ ഗുജറാത്തിലെ ജനങ്ങളെയും വിഭവങ്ങളെയും വിദേശ താൽപ്പര്യങ്ങൾക്ക് അദ്ദേഹം പണയം വയ്ക്കുന്നുവെന്നും ആരോപിച്ചിരുന്നു.
Content Highlight: 23-year-old defamation case: Medha Patkar arrested