മോഹൻലാൽ- ജീത്തു ജോസഫ് കോമ്പോയിൽ 2013ൽ പുറത്തിറങ്ങിയ ചിത്രമാണ് ദൃശ്യം. മലയാളത്തിലെ അതുവരെയുണ്ടായിരുന്ന സകല കളക്ഷൻ റെക്കോഡുകളും തകർത്ത ദൃശ്യം മോളിവുഡിലെ നാഴികക്കല്ലായി മാറി. ചൈനീസ് ഉൾപ്പെടെ ആറോളം ഭാഷകളിൽ റീമേക്ക് ചെയ്യപ്പെട്ട ദൃശ്യത്തിന്റെ രണ്ടാം ഭാഗവും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടു.
ദൃശ്യം 2 സിനിമയെ കുറിച്ച് സംസാരിക്കുകയാണ് മോഹൻലാൽ. കൊവിഡിൻ്റെ സമയത്താണ് തങ്ങൾ ദൃശ്യം 2വിൻ്റെ ഷൂട്ടിങ് തുടങ്ങുന്നതെന്നും അത് ഒ.ടി.ടിയിലാണ് റിലീസ് ചെയ്തതെന്നും മോഹൻലാൽ പറയുന്നു. ദൃശ്യം 2 ഇറങ്ങിയതിന് ശേഷം മൊത്തം രാജ്യം തന്നെ മലയാള സിനിമ കാണാൻ തുടങ്ങിയെന്നും മൗത്ത് പബ്ലിസിറ്റിവഴി കൂടുതൽ ആളുകൾ മലയാളം സിനിമയെ അറിയാൻ തുടങ്ങിയെന്നും മോഹൻലാൽ പറഞ്ഞു.
ഗുജറാത്തിലും ഒറീസയിലെയും ആളുകൾവരെ മോഹൻലാൽ എന്ന നടനെയും ദൃശ്യം എന്ന സിനിമയെയും അറിയാൻ തുടങ്ങിയെന്നും മലയാള സിനിമയുടെ ജാതകം തന്നെ മാറിയത് ദൃശ്യം 2 കാരണമാണെന്ന് താൻ വിശ്വസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മോഹൻലാൽ.
‘കൊവിഡിൻ്റെ സമയത്താണ് ഞങ്ങൾ ദൃശ്യം 2 വിൻ്റെ ഷൂട്ടിങ് തുടങ്ങുന്നത്. അത് ഒ.ടി.ടിയിലാണ് റിലീസ് ചെയ്തത്. ദൃശ്യം 2 ഇറങ്ങിയതിന് ശേഷം മൊത്തം രാജ്യം തന്നെ മലയാള സിനിമ കാണാൻ തുടങ്ങി. ഏതോ ഒരാൾ നമ്മുടെ സിനിമ കണ്ടു. പിന്നെയത് മൗത്ത് പബ്ലിസിറ്റി വഴി ആളുകളറിഞ്ഞു.
അത് അതിർത്തികൾ കടന്ന് ട്രാവൽ ചെയ്യാൻ തുടങ്ങി. ഗുജറാത്തിലും ഒറീസയിലെയും ആളുകൾവരെ മോഹൻലാൽ എന്ന നടനെയും ദൃശ്യം എന്ന സിനിമയെയും അറിയാൻ തുടങ്ങി. അങ്ങനെ അവർ മലയാള സിനിമകൾ കാണാൻ വേണ്ടി തുടങ്ങി. ദൃശ്യം കാരണമാണ് മലയാള സിനിമയുടെ മൊത്തം ജാതകം തന്നെ മാറിയത് എന്നാണ് ഞാൻ കരുതുന്നത്,’ മോഹൻലാൽ പറയുന്നു.
Content Highlight: Mohanlal Talks About Drishyam 2 Movie