മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്നതില്‍ പ്രതിഷേധിച്ച് സി.പി.ഐ.എമ്മില്‍ നിന്ന് രാജി; രാജിവെച്ചതില്‍ അഗളിയിലെ നേതാവും
Kerala News
മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്നതില്‍ പ്രതിഷേധിച്ച് സി.പി.ഐ.എമ്മില്‍ നിന്ന് രാജി; രാജിവെച്ചതില്‍ അഗളിയിലെ നേതാവും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 30th October 2019, 11:20 am

പാലക്കാട്: അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളെ പൊലീസ് വെടിവെച്ചു കൊന്നതില്‍ പ്രതിഷേധിച്ച് സി.പി.ഐ.എമ്മില്‍ നിന്ന് രാജി. രണ്ട് യുവനേതാക്കളാണ് സി.പി.ഐ.എമ്മില്‍ നിന്ന് രാജിവെച്ചത്.

ഡി.വൈ.എഫ്.ഐ അഗളി മേഖല സെക്രട്ടറി സി.ജെ അമല്‍ദേവും കൊല്ലം എസ്.എഫ്.ഐ മുന്‍ ജില്ലാ കമ്മറ്റി അംഗം യാസിന്‍.എസുമാണ് രാജിവെച്ചത്. സി.പി.ഐ.എമ്മിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെക്കുകയാണ്. ഈ രക്തത്തില്‍ പങ്ക് ചേരാന്‍ കഴിയില്ല. വര്‍ഗ്ഗബോധം എന്നൊന്നുണ്ട്. കൊലചെയ്യപ്പെട്ടത് സഖാക്കളാണ്. നമ്മുടെ ചോരയാണ് എന്ന് യാസിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഡി.വൈ.എഫ്.ഐ, സി.പി.ഐ.എം സംഘടനകളില്‍ നിന്ന് സംഘടനകളില്‍ നിന്ന് ഞാന്‍ രാജി വെക്കുന്നതായി അറിയിക്കുന്നു. കാരണം : അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്നത് കൊണ്ട് തന്നെ. എനിക്ക് ഇനിയും രക്തസാക്ഷിദിനം ആചരിക്കണം എന്നാണ് അമല്‍ ദേവ് ഫേസ്ബുക്കില്‍ കുറിച്ചത്.

ആദ്യം വെടിവെച്ചത് മാവോയിസ്റ്റുകളാണെന്നും തണ്ടര്‍ബോള്‍ട്ട് സംഘം വെടിവെച്ചത് സ്വയരക്ഷയ്ക്ക് വേണ്ടിയാണെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വിശദീകരിച്ചത്. മാവോയിസ്റ്റുകളില്‍ നിന്ന് ആയുധം കണ്ടെടുത്തെന്നും പിണറായി സഭയില്‍ പറഞ്ഞു. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് മറുപടി പറഞ്ഞ മുഖ്യമന്ത്രി വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും പറഞ്ഞു.