national news
ഉമര്‍ ഖാലിദിനെ വെടിവെയ്ക്കാന്‍ ശ്രമിച്ച രണ്ട് പേര്‍ പൊലീസ് പിടിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Aug 20, 05:54 am
Monday, 20th August 2018, 11:24 am

ന്യൂദല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ നേതാവായിരുന്ന ഉമര്‍ ഖാലിദിനെ വധിക്കാന്‍ ശ്രമിച്ച രണ്ട് പേര്‍ പൊലീസ് പിടിയില്‍. ദല്‍ഹി സ്‌പെഷ്യല്‍ സെല്ലാണ് ഇവരെ പിടികൂടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഇവരെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ഉമര്‍ ഖാലിദിന് നേരേ വധശ്രമമുണ്ടായത്. ദല്‍ഹിയിലെ സുരക്ഷാ മേഖലയായ റഫി മാര്‍ഗ്ഗിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബിന് മുന്നില്‍വെച്ചാണ് ഉമറിന് നേരേ വധശ്രമമുണ്ടായത്.

തോക്കുമായെത്തിയ സംഘം ഉമറിന് നേരേ വെടിയുതിര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. ശ്രമം പാളിയതിനെത്തുടര്‍ന്ന് തോക്കുപേക്ഷിച്ച് ഇവര്‍ കടന്നു കളയുകയായിരുന്നു.


ALSO READ: കാലവര്‍ഷക്കെടുതി; കൊച്ചി നേവല്‍ബേസില്‍ നിന്ന് ചെറുവിമാനങ്ങള്‍ സര്‍വ്വീസ് ആരംഭിച്ചു


എപ്പോഴും പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്ന പ്രദേശമാണ് റഫിമാര്‍ഗ്ഗ്. ഇവിടെവെച്ച് ഉമറിന് നേരേ വധശ്രമമുണ്ടായത് വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.

ഉമറിന് നേരേയുണ്ടായ വധശ്രമത്തിന് പിന്നാലെ ജെ.എന്‍.യു വിദ്യാര്‍ഥി നേതാവായ ഷെഹ്‌ല റാഷിദിന് നേരേയും വധഭീഷണി സന്ദേശങ്ങള്‍ എത്തിയിരുന്നു.

ജെ.എന്‍.യു സമരവുമായി ബന്ധപ്പെട്ട് കനയ്യകുമാറിനൊപ്പം രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഒരാളാണ് ഉമര്‍ ഖാലിദ്. ഇതിനു മുമ്പും ഉമറിനും സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് നേരേയും വധഭീഷണി സന്ദേശങ്ങള്‍ ഉയര്‍ന്നിരുന്നു.