World News
കാനഡയില്‍ ആള്‍ക്കൂട്ടത്തിലേക്ക് കാര്‍ ഇടിച്ചുകയറ്റി അപകടം;  നിരവധി മരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 27, 10:03 am
Sunday, 27th April 2025, 3:33 pm

ഒട്ടാവ: കാനഡയില്‍ ആള്‍ക്കൂട്ടത്തിലേക്ക് കാര്‍ ഇടിച്ചു കയറ്റി നിരവധി മരണം. കാനഡയിലെ വാന്‍കൂവര്‍ നഗരത്തിലെ ആഘോഷ ചടങ്ങിനേക്കിടയിലേക്കാണ് കാര്‍ ഇടിച്ച് കയറ്റി നിരവധി പേരെ കൊലപ്പെടുത്തിയത്. എന്നാല്‍ എത്ര പേര്‍ മരിച്ചു എന്ന കാര്യത്തില്‍ വ്യക്തതയില്ല. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ദൃക്‌സാക്ഷിയുടെ മൊഴി പ്രകാരം ഒരു കറുത്ത വാഹനം അപകടം നടന്ന പ്രദേശത്ത് കുറേ സമയം ചുറ്റിത്തിരിഞ്ഞതായി വെളിപ്പെടുത്തിയിരുന്നു. അപകടം നടക്കുന്ന സമയത്ത് ആയിരക്കണക്കിന് ആളുകളാണ് പ്രദേശത്ത് ഉണ്ടായിരുന്നത്.

‘ഞാന്‍ ഡ്രൈവറെ കണ്ടിരുന്നില്ല. വാഹനത്തിന്റെ ശബ്ദം മാത്രമാണ് ഞാന്‍ കേട്ടത്. എന്റെ ഫുഡ് ട്രക്കില്‍ നിന്ന് ഞാന്‍ പുറത്തിറങ്ങി നോക്കിയപ്പോള്‍ എല്ലായിടത്തും ശവശരീരങ്ങളാണ് കണ്ടത്. ആ ഡ്രൈവര്‍ ഒരു മുഴുവന്‍ ബ്ലോക്കിലേക്കും കാറോടിച്ച് കയറ്റിയിരുന്നു.

കനേഡിയന്‍ പ്രാദേശിക സമയം രാത്രി എട്ട് മണിയോടെയാണ് അപകടം ഉണ്ടായത്. ഫിലിപ്പീനുകളുടെ ലാപു ലാപു ഡേ ആഘോഷച്ചടങ്ങ് ഇതേ തെരുവില്‍വെച്ച് നടന്നതിന് പിന്നാലെയാണ് അപകടം ഉണ്ടായതെന്ന് വാന്‍കൂവര്‍ മേയര്‍ കെന്‍ സിം പ്രതികരിച്ചു.

പതിനാറാം നൂറ്റാണ്ടിലെ ഫിലിപ്പീന്‍സിലെ സ്‌പെയിന്‍ കൊളോണിയസത്തെ എതിര്‍ത്ത ഫിലിപ്പിനോ തോവിനെ അനുസ്മരിക്കുന്നതാണ് ഈ ഉത്സവം.

ദുഷ്‌കരമായ ഈ സമയത്ത് ദുരിതബാധിതരായ എല്ലാവരോടും വാന്‍കൂവരിലെ ഫിലിപ്പിനോ സമൂഹത്തോടും തങ്ങളുടെ ഐക്യദാര്‍ഢ്യം അറിയിക്കുന്നുവെന്ന് മേയര്‍ കെന്‍ സിം പറഞ്ഞു.

വാന്‍കൂവറിലെ ലാപു ലാപു ഫെസ്റ്റിവലിലെ ഭയാനകമായ സംഭവങ്ങളെക്കുറിച്ച് കേട്ടപ്പോള്‍ താന്‍ തകര്‍ന്നുപോയതായി കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി പ്രതികരിച്ചു. ദുഃഖത്തില്‍ പങ്ക് ചേരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അപകടത്തിന് പിന്നിലെ കാരണം വ്യക്തമല്ലെങ്കിലും ഭീകാരാക്രമണമല്ലെന്നാണ് പൊലീസിന്റ നിഗമനം.

Content Highlight: Car crashes into crowd in Canada; several dead