national news
48 മണിക്കൂറിനുള്ളില്‍ വിളവെടുപ്പ് പൂര്‍ത്തിയാക്കണമെന്ന് മുന്നറിയിപ്പ്; പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ ബി.എസ്.എഫ് സുരക്ഷ കര്‍ശനമാക്കിയതോടെ ദുരിതത്തിലായി അതിര്‍ത്തിയിലെ കര്‍ഷകര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 27, 09:54 am
Sunday, 27th April 2025, 3:24 pm

അമൃത്സര്‍: പഹല്‍ഗാം ആക്രമണത്തെത്തുടര്‍ന്ന് ബി.എസ്.എഫ് സുരക്ഷ ശക്തമാക്കിയതോടെ പഞ്ചാബ് അതിര്‍ത്തിയിലെ കര്‍ഷകര്‍ ദുരിതത്തില്‍. ആക്രമണത്തെത്തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൈനിക, നയതന്ത്ര സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചതിനെത്തുടര്‍ന്നാണ് ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയിലെ കര്‍ഷകര്‍ക്ക് ബി.എസ്.എഫ് അടിയന്തര മുന്നറിയിപ്പ് നല്‍കിയത്. 48 മണിക്കൂറിനുള്ളില്‍ കര്‍ഷകര്‍ വിളവെടുപ്പ് പൂര്‍ത്തിയാക്കി വയലുകള്‍ വൃത്തിയാക്കണമെന്നായിരുന്നു ഉത്തരവ്.

530 കിലോമീറ്റര്‍ അന്താരാഷ്ട്ര അതിര്‍ത്തിയിലെ ബോര്‍ഡര്‍ ബാരിയറിനും സീറോ ലൈനിനും ഇടയില്‍ ഏകദേശം 45,000 ഏക്കര്‍ ഭൂമിയില്‍ പണിയെടുക്കുന്ന പഞ്ചാബിലെ ആയിരക്കണക്കിന് കര്‍ഷകരെ ഈ ഉത്തരവ് സാരമായി ബാധിക്കും. അമൃത്സര്‍, തരണ്‍ തരാണ്‍, ഫിറോസ്പൂര്‍, ഫാസില്‍ക്ക എന്നീ ജില്ലകളിലെ കര്‍ഷകര്‍ക്കാണ് ഗ്രാമ ഗുരുദ്വാരകളിലൂടെ ബി.എസ്.എഫ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

കൂടാതെ ഈ പ്രദേശങ്ങളിലേക്കുള്ള ഗേറ്റുകള്‍ ഉടന്‍ അടച്ചിടുമെന്നും സുരക്ഷാ സാഹചര്യം വഷളായാല്‍ അവരുടെ വയലുകളിലേക്ക് പ്രവേശനം എന്നെന്നേക്കുമായി നിഷേധിക്കുമെന്നും ബി.എസ്.എഫ് വ്യക്തമാക്കി.

കഴിഞ്ഞ രണ്ട് ദിവസമായി തങ്ങളുടെ ജോലി പൂര്‍ത്തിയാക്കാന്‍ ആവശ്യപെടുന്നുണ്ടെന്നും സ്ഥിതിഗതികള്‍ വഷളായതിനാല്‍ ഗേറ്റുകള്‍ അടക്കുമെന്നും ബി.എസ്.എഫ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് ഭംഗല ഗ്രാമത്തിലെ കര്‍ഷകനായ രഘ്ബീര്‍ സിംഗ് ഭംഗല പറഞ്ഞു.

നിര്‍ദ്ദേശത്തിന്റെ സമയക്രമീകരണം കാരണം കര്‍ഷകര്‍ കൂടുതല്‍ സമ്മര്‍ദ്ദത്തിലാണെന്നും മാത്രമല്ല ചില പ്രദേശങ്ങളില്‍ അടുത്തിടെ പെയ്ത മഴ ഗോതമ്പിന്റെ വിളവെടുപ്പ് വൈകിയതിന് കാരണമായിട്ടുണ്ടെന്നും രഘ്ബീര്‍ സിങ് പറഞ്ഞു.

എന്നാല്‍ ഭൂരിഭാഗം കര്‍ഷകരും പ്രാഥമിക വിളവെടുപ്പ് പൂര്‍ത്തിയാക്കിയിട്ടുണ്ടെങ്കില്‍പ്പോലും വര്‍ഷം മുഴുവനും കന്നുകാലികള്‍ക്ക് തീറ്റ നല്‍കുന്നതിന് ആവശ്യമായ ഗോതമ്പ് വൈക്കോല്‍ ശേഖരിച്ച് തയ്യാറാക്കാന്‍ പല കര്‍ഷകര്‍ക്കും ഇനിയും സമയം ആവശ്യമാണെന്നും സമാധാനം നിലനില്‍ക്കുന്നിടത്തോളം കാലം തങ്ങളെ ജോലി ചെയ്യാന്‍ അനുവദിക്കണമെന്നും രഘ്ബീര്‍ സിങ് കൂട്ടിച്ചേര്‍ത്തു.

‘കഴിഞ്ഞ രണ്ട് ദിവസമായി ബി.എസ്.എഫ് ഉദ്യോഗസ്ഥര്‍ ഞങ്ങളുടെ ജോലി പൂര്‍ത്തിയാക്കാന്‍ ഞങ്ങളോട് ആവശ്യപ്പെടുകയും സ്ഥിതിഗതികള്‍ വഷളായതിനാല്‍ ഗേറ്റുകള്‍ അടയ്ക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തുകൊണ്ടിരുന്നു. ഞങ്ങള്‍ക്ക് വര്‍ഷം മുഴുവന്‍ കന്നുകാലി തീറ്റ അത്യാവശ്യമാണ്. സമാധാനം നിലനില്‍ക്കുന്നിടത്തോളം കാലം ഞങ്ങളെ ജോലി ചെയ്യാന്‍ അനുവദിക്കേണ്ടതുണ്ട്,’ രഘ്ബീര്‍ സിങ് ഭംഗല പറഞ്ഞു.

ജോലി വേഗത്തിലാക്കാന്‍ അതിര്‍ത്തി വയലുകളിലേക്ക് കൂടുതല്‍ യന്ത്രങ്ങള്‍ കൊണ്ടുവരാന്‍ അനുവദിച്ചിട്ടുണ്ടെന്നും പക്ഷെ ബി.എസ്.എഫിന്റെ മുന്നറിയിപ്പുകള്‍ കര്‍ഷകരെ ആശങ്കാകുലരാക്കിയിരിക്കുന്നുവെന്നും അതിര്‍ത്തി ഗ്രാമത്തിലെ സുര്‍ജിത് സിങ് ഭൂര എന്ന കര്‍ഷകന്‍ പറഞ്ഞു.

മാത്രമല്ല രണ്ട് ദിവസത്തിനുള്ളില്‍ കര്‍ഷകര്‍ക്ക് അവരുടെ ജോലി പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നും ഗേറ്റുകള്‍ പൂട്ടിയിടാനുള്ള സാധ്യത അവരെ ഭയപ്പെടുത്തുന്നുണ്ടെന്നും കാര്യങ്ങള്‍ കൂടുതല്‍ വഷളായാല്‍ നെല്‍ വിതയ്ക്കല്‍ സീസണിനെക്കുറിച്ച് ആശങ്കയുണ്ടെന്നും ഭൂര കൂട്ടിച്ചേര്‍ത്തു.

‘ജോലികള്‍ വേഗത്തിലാക്കാന്‍ അതിര്‍ത്തി വയലുകളിലേക്ക് കൂടുതല്‍ യന്ത്രങ്ങള്‍ കൊണ്ടുവരാന്‍ അനുവദിച്ചിട്ടുണ്ട്. പക്ഷേ ബി.എസ്.എഫിന്റെ മുന്നറിയിപ്പുകള്‍ കര്‍ഷകരെ ആശങ്കാകുലരാക്കിയിരിക്കുന്നു. രണ്ട് ദിവസത്തിനുള്ളില്‍ കര്‍ഷകര്‍ക്ക് അവരുടെ ജോലി പൂര്‍ത്തിയാക്കാന്‍ കഴിയില്ല. ഗേറ്റുകള്‍ പൂട്ടിയിടാനുള്ള സാധ്യത നമ്മെ ഭയപ്പെടുത്തുന്നു. കാര്യങ്ങള്‍ കൂടുതല്‍ വഷളായാല്‍ നെല്‍ വിതയ്ക്കല്‍ സീസണിനെക്കുറിച്ചും ആശങ്കയുണ്ട്,’ സുര്‍ജിത് സിങ് ഭൂര പറഞ്ഞു.

ഗോതമ്പ് വിളവെടുപ്പിന്റെ 80% ത്തിലധികം പൂര്‍ത്തിയായിട്ടുണ്ടെങ്കിലും ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ കാലിത്തീറ്റയ്ക്കായി വൈക്കോല്‍ ശേഖരിച്ച് സൂക്ഷിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ഫിറോസ്പൂര്‍ ജില്ലയിലെ രാജാ റായ് ഗ്രാമത്തിലെ ലഖ്‌വീന്ദര്‍ സിങ് പറഞ്ഞു.

കൂടുതല്‍ വിളവെടുപ്പ് ഉപകരണങ്ങള്‍ നല്‍കാന്‍ കര്‍ഷകര്‍ സര്‍ക്കാരിനോട് അപേക്ഷിച്ചിട്ടുണ്ടെന്നും വൈക്കോല്‍ വേഗത്തില്‍ ശേഖരിക്കാന്‍ സഹായിക്കുന്നതിന് കൂടുതല്‍ കൊയ്ത്തുയന്ത്രങ്ങള്‍ ഭരണകൂടം നല്‍കണമെന്നും ലഖ്‌വീന്ദര്‍ സിങ് പറഞ്ഞു.

‘ഗോതമ്പ് വിളവെടുപ്പിന്റെ 80% ത്തിലധികം പൂര്‍ത്തിയായിട്ടുണ്ടെങ്കിലും ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ കാലിത്തീറ്റയ്ക്കായി വൈക്കോല്‍ ശേഖരിച്ച് സൂക്ഷിക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ്. കര്‍ശനമായ സമയപരിധി പാലിക്കുന്നതിന് കൂടുതല്‍ വിളവെടുപ്പ് ഉപകരണങ്ങള്‍ നല്‍കാന്‍ കര്‍ഷകര്‍ സര്‍ക്കാരിനോട് അപേക്ഷിച്ചിട്ടുണ്ട്. വൈക്കോല്‍ വേഗത്തില്‍ ശേഖരിക്കാന്‍ സഹായിക്കുന്നതിന് കൂടുതല്‍ കൊയ്ത്തുയന്ത്രങ്ങള്‍ ഭരണകൂടം നല്‍കണം,’ ലഖ്‌വീന്ദര്‍ സിങ് ആവശ്യപ്പെട്ടു.

അതേസമയം കര്‍ഷകര്‍ നേരിടുന്ന വെല്ലുവിളികള്‍ അംഗീകരിച്ചുകൊണ്ട് ദേശീയ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ലെന്ന് മുതിര്‍ന്ന ബി.എസ്.എഫ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കൂടാതെ ഭാവിയിലെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ എല്ലാ കര്‍ഷകരും പൂര്‍ണ്ണമായി സഹകരിക്കണമെന്നും ഉദ്യോഗസ്ഥര്‍ അഭ്യര്‍ത്ഥിച്ചു.

അതിര്‍ത്തിയോട് ചേര്‍ന്നുള്ള വിളവെടുക്കാത്ത വയലുകള്‍ പട്രോളിംഗ് വിസിബിലിറ്റിയെ തടസ്സപ്പെടുത്തുകയും നുഴഞ്ഞുകയറ്റത്തിനായി ചൂഷണം ചെയ്യപ്പെടുകയും ചെയ്തേക്കാമെന്നതിനാല്‍ കാര്യക്ഷമമായ നിരീക്ഷണം ഉറപ്പാക്കാന്‍ വേഗത്തിലുള്ള അനുമതി ആവശ്യമാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

എന്നാല്‍ ലൗഡ്സ്പീക്കര്‍ വഴിയുള്ള മുന്നറിയിപ്പുകളുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ടെലിവിഷനില്‍ സംപ്രേഷണം ചെയ്യുകയും ചെയ്തതിന് ശേഷം ബി.എസ്.എഫ് അത്തരത്തിലുള്ള ഒരു ഔദ്യോഗിക പ്രഖ്യാപനവും പുറപ്പെടുവിച്ചിട്ടില്ലെന്ന് അമൃത്സര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ സാക്ഷി സാവ്നി പറഞ്ഞു.

കൂടാതെ ബി.എസ്.എഫ് പ്രതിനിധികളുമായി നേരിട്ട് സംഭാഷണം നടത്തിയതായി ഡെപ്യൂട്ടി കമ്മീഷണര്‍ അവകാശപ്പെട്ടു. ഔദ്യോഗിക സ്രോതസ്സുകള്‍ വഴി വസ്തുതകള്‍ പരിശോധിക്കാനും അടിസ്ഥാനരഹിതമായ റിപ്പോര്‍ട്ടുകള്‍ വിശ്വസിക്കുന്നത് ഒഴിവാക്കാനും തങ്ങള്‍ എല്ലാ പ്രദേശവാസികളോടും ആവശ്യപ്പെടുന്നുവെന്നും സാവ്നി വ്യക്തമാക്കി. ഇത്തരം വാര്‍ത്തകളില്‍ നടപടിയെടുക്കുന്നതിന് മുമ്പ് പട്വാരികള്‍, തഹസില്‍ദാര്‍മാര്‍, ജില്ലാ ഭരണകൂടം തുടങ്ങിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ആളുകള്‍ സംസാരിക്കണമെന്നും സാവ്നി കൂട്ടിച്ചേര്‍ത്തു.

content highlights: Warning to complete harvesting within 48 hours; After the Pahalgam attack, BSF tightened security and the farmers on the border were in distress