Entertainment
എന്നോട് അന്ന് കഥ പറയാന്‍ വന്ന സംവിധായകന്‍ ഇന്ന് തമിഴിലെ സെന്‍സേഷണല്‍ നടന്മാരില്‍ ഒരാളാണ്: നാനി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 27, 10:16 am
Sunday, 27th April 2025, 3:46 pm

സൗത്ത് ഇന്ത്യയിലെ മികച്ച നടന്മാരിലൊരാളാണ് നാനി. രാജമൗലിയുടെ അസിസ്റ്റന്റായാണ് നാനി സിനിമാജീവിതം ആരംഭിച്ചത്. 2012ല്‍ പുറത്തിറങ്ങിയ ഈഗ എന്ന ചിത്രത്തിലൂടെയാണ് നാനി നായകനായി അരങ്ങേറിയത്. പിന്നീട് വളരെ ചുരുങ്ങിയ സമയം കൊണ്ട് തെലുങ്കിലെ മുന്‍നിരയില്‍ നാനി ഇടംപിടിച്ചു. നിര്‍മാതാവെന്ന നിലയിലും നാനി തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

തമിഴില്‍ നിലവിലെ സെന്‍സേഷണല്‍ നടനായി മാറിയ പ്രദീപ് രംഗനാഥനെക്കുറിച്ച് സംസാരിക്കുകയാണ് നാനി. പ്രദീപിന്റെ ആദ്യ ചിത്രമായ കോമാളി മുതല്‍ അയാളെ തനിക്ക് അറിയാമെന്ന് നാനി പറഞ്ഞു. കോമാളിക്ക് ശേഷം ഒരു കഥയുമായി പ്രദീപ് തന്നെ സമീപിച്ചിരുന്നെന്നും ആ സമയത്ത് താന്‍ കുറച്ച് തിരക്കിലായിരുന്നെന്നും നാനി കൂട്ടിച്ചേര്‍ത്തു.

ആ പ്രൊജക്ട് തന്റെ പ്രൊഡക്ഷന്‍ ഹൗസായ വാള്‍ പോസ്റ്റര്‍ സിനിമാസ് നിര്‍മിക്കാന്‍ ആലോചിച്ചിരുന്നെന്നും എന്നാല്‍ തിരക്കുകള്‍ കാരണം ആ പ്രൊജക്ട് നടക്കാതെ പോയെന്നും നാനി പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ നടനെന്ന നിലയില്‍ പ്രദീപ് തമിഴ്‌നാട്ടില്‍ വലിയ സ്വാധീനമുണ്ടാക്കിയ ആളായി മാറിയെന്നും അത് താന്‍ പ്രതീക്ഷിച്ചില്ലായിരുന്നെന്നും നാനി പറയുന്നു.

പ്രദീപിന്റെ സ്‌ക്രിപ്റ്റുകള്‍ രണ്ടും വളരെ മനോഹരമാണെന്നും അതിലെ ഹ്യൂമറുകള്‍ എല്ലാവര്‍ക്കും റിലേറ്റ് ചെയ്യാന്‍ പറ്റുന്ന ഒന്നാണെന്നും നാനി പറഞ്ഞു. അന്ന് പ്രദീപ് തന്റെയടുത്ത് കൊണ്ടുവന്ന സ്‌ക്രിപ്റ്റ് നടക്കാത്തതുകൊണ്ടാണ് അയാള്‍ ലവ് ടുഡേ എന്ന സിനിമ സംവിധാനം ചെയ്തതെന്നും നാനി പറയുന്നു. സിനി ഉലകത്തോട് സംസാരിക്കുകയായിരുന്നു നാനി.

‘പ്രദീപ് രംഗനാഥനെ എനിക്ക് നേരത്തെ അറിയാം. കോമാളി എന്ന സിനിമ ഹിറ്റായതിന് ശേഷം പ്രദീപ് എന്നെ വന്ന് കണ്ടിരുന്നു. അന്ന് അയാളുടെ കൈയില്‍ ഒരു സബ്ജക്ടുണ്ടായിരുന്നു. എന്നാല്‍ ആ സമയത്ത് ഞാന്‍ നല്ല തിരക്കിലായിരുന്നു. അക്കാരണം കൊണ്ട് ആ പ്രൊജക്ട് നടക്കാതെ പോയി. എന്നാല്‍ ഇപ്പോള്‍ തമിഴിലെ സെന്‍സേഷണല്‍ നടനായി പ്രദീപ് മാറി.

അന്നത്തെ ആ പ്രൊജക്ട് പ്രൊഡ്യൂസ് ചെയ്യാന്‍ എന്റെ പ്രൊഡക്ഷന്‍ ഹൗസായ വാള്‍ പോസ്റ്റര്‍ സിനിമാസിന് താത്പര്യമുണ്ടായിരുന്നു. എന്നാല്‍ അത് നടക്കാതെ പോയി. പ്രദീപിന്റെ സ്‌ക്രിപ്റ്റുകളെല്ലാം സിമ്പിളാണ്. അതിലെ ഹ്യൂമറെല്ലാം നമുക്ക് റിലേറ്റ് ചെയ്യാന്‍ പറ്റും. അന്നത്തെ ആ പ്രൊജക്ട് നടക്കാത്തതുകൊണ്ട് പ്രദീപ് ലവ് ടുഡേ ചെയ്തു,’ നാനി പറയുന്നു.

Content Highlight: Nani saying Pradeep Ranganathan narrated a script to him after Comali movie