സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് റെട്രോ. തമിഴിലെ മികച്ച സംവിധായകരിലൊരാളായ കാർത്തിക് സുബ്ബരാജിനൊപ്പം സൂര്യ ആദ്യമായി കൈകോർക്കുന്ന ചിത്രത്തിന്റെ അനൗൺസ്‌മെന്റ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചക്ക് വഴിവെച്ചിരുന്നു. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും പ്രേക്ഷകരിൽ പ്രതീക്ഷയുണർത്തുന്നതായിരുന്നു.
പൂജ ഹെഗ്ഡേ നായികയാകുന്ന ചിത്രത്തിൽ ജോജു ജോർജ്, ജയറാം, കരുണാകരൻ തുടങ്ങി വൻ താരനിര അണിനിരക്കുന്നുണ്ട്. മെയ് ഒന്നിന് ചിത്രം തിയേറ്ററുകളിലെത്തും. നാനി നായകനാകുന്ന ഹിറ്റ് 3 എന്ന ചിത്രവും അന്നേ ദിവസം തന്നെയാണ് തിയേറ്ററുകളിൽ എത്തുന്നത്.
ഇപ്പോൾ രണ്ട് ചിത്രങ്ങളും ഒന്നിച്ച് തിയേറ്ററിൽ എത്തുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് സൂര്യ. തന്റെ സുഹൃത്ത് നാനി അഭിനയിക്കുന്ന ചിത്രവും അന്നേ ദിവസം തിയേറ്ററുകളിൽ എത്തുന്നുണ്ടെന്നും അദ്ദേഹത്തിന്റെ വിജയ പരമ്പര തുടരട്ടെയെന്നും സൂര്യ പറയുന്നു. നാനി നിർമിച്ച കോർട്ട് എന്ന ചിത്രം കണ്ടെന്നും തനിക്കത് വളരെ ഇഷ്ടപ്പെട്ടെന്നും സൂര്യ പറഞ്ഞു. റെട്രോ സിനിമയുടെ തെലുങ്ക് പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എന്റെ പ്രിയ സുഹൃത്ത് നാനി അഭിനയിക്കുന്ന ഹിറ്റ് 3യും മെയ് ഒന്നിന് റിലീസ് ചെയ്യുന്നു. അദ്ദേഹത്തിന്റെ വിജയ പരമ്പര തുടരട്ടെ. സരിപോദ സനിവാരം, അദ്ദേഹം നിർമിച്ച കോർട്ട് എന്നിവയ്ക്ക് ശേഷമുള്ള ഒരു ഹാട്രിക് ആകട്ടെ. എനിക്ക് കോർട്ട് (കോർട്ട് – സ്റ്റേറ്റ് വേഴ്സസ് എ നോബഡി) ശരിക്കും ഇഷ്ടപ്പെട്ടു. അതൊരു മനോഹരമായ ചിത്രമായിരുന്നു. മനോഹരം എന്നല്ലാതെ മറ്റെന്ത് പറയാൻ കഴിയും. അത്രയും നല്ലൊരു ചിത്രം നൽകിയ മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ.
ഹിറ്റ് 3 നാനിക്ക് ഒരു വലിയ വിജയഗാഥയാകട്ടെ. അദ്ദേഹം പറഞ്ഞതുപോലെ മെയ് ഒന്നിന് ഇത് ഒരു പാർട്ടിയാകട്ടെ. ഈ രണ്ട് ചിത്രങ്ങളും നമുക്കെല്ലാവർക്കും ആഘോഷിക്കാം,’ സൂര്യ പറഞ്ഞു.
കോർട്ട്
നവാഗതനായ റാം ജഗദീഷ് രചനയും സംവിധാനവും നിർവഹിച്ച തെലുങ്ക് ചിത്രമാണ് കോർട്ട് – സ്റ്റേറ്റ് വേഴ്സസ് എ നോബഡി. 2025 മാർച്ച് 14 ന് റിലീസ് ചെയ്ത ചിത്രം നിർമിച്ചിരിക്കുന്നത് നാനിയാണ്. പ്രിയദർശി പുലികോണ്ട, ഹർഷ് റോഷൻ, ശ്രീദേവി, ശിവാജി എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
Content Highlight: Suriya Talks About Court – State vs. A Nobody Movie