തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത് മോഹന്‍ലാല്‍ – ശോഭന ജോഡികളൊന്നിച്ച സിനിമയാണ് തുടരും. ചിത്രം കഴിഞ്ഞ ദിവസ (വെള്ളിയാഴ്ച)മാണ് തിയേറ്ററിലെത്തിയത്. ചിത്രം തിയേറ്ററിലെത്തിയതുമുതല്‍ മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോൾ സിനിമയിൽ മോഹൻലാൽ ഉപയോഗിക്കുന്ന കാറിൻ്റെ നമ്പറാണ് 4455.
ഇപ്പോൾ അതിനെക്കുറിച്ചും അതിലെ യാദൃശ്ചികതയെക്കുറിച്ചും സംസാരിക്കുകയാണ് തരുൺ മൂർത്തി.
തൻ്റെ ഫസ്റ്റ് കാറൊരു മാരുതി 800 ആണെന്നും അതിൻ്റെ നമ്പർ 4455 ആണെന്നും തരുൺ പറയുന്നു. ആ ഒരു നൊസ്റ്റാൾജിയയിലാണ് താൻ സിനിമയിലെ വണ്ടിക്ക് ആ നമ്പര്‍ കൊടുത്തതെന്നും റാന്നി രജിസ്‌ട്രേഷന്നിൽ ഇങ്ങനെ ഒരു വണ്ടി രജിസ്റ്റര്‍ ആകണമെങ്കില്‍ ഏത് കാറ്റഗറി നമ്പര്‍ വരുമെന്ന് നോക്കിയെന്നും L,M,N,O,P നമ്പറുകള്‍ക്കൊക്കെ സാധ്യതകളുണ്ടെന്ന് തൻ്റെ അസിസ്റ്റൻ്റ് പറഞ്ഞുവെന്നും തരുൺ പറഞ്ഞു.
അങ്ങനെയാണ് L ഉപയോഗിച്ചതെന്നും മോഹൻലാലിൻ്റ കാറിൻ്റെ നമ്പറും അതായിരുന്നെന്നും എന്നാൽ അതറിഞ്ഞിട്ടല്ല താൻ ഉപയോഗിച്ചതെന്നും തരുൺ കൂട്ടിച്ചേർത്തു. ക്ലബ് എഫ്. എമ്മിനോട് സംസാരിക്കുകയായിരുന്നു തരുൺ മൂർത്തി.
‘എൻ്റെ ഫസ്റ്റ് കാറൊരു മാരുതി 800 ആണ്. അതിൻ്റെ നമ്പർ 4455 ആണ്. അപ്പോള്‍ ഞാന്‍ ആ ഒരു നൊസ്റ്റുവിലാണ് ആ നമ്പര്‍ കൊടുത്തത്. ഈ പറയുന്ന റാന്നി രജിസ്‌ട്രേഷന്നിൽ ഇങ്ങനെ ഒരു വണ്ടി രജിസ്റ്റര്‍ ആകണമെങ്കില്‍ ഏത് കാറ്റഗറി നമ്പര്‍ വരുമെന്ന് നോക്കി. അപ്പോള്‍ എന്റെ ആര്‍ട്ട് അസിസ്റ്റന്റ് പറഞ്ഞു ‘ചേട്ടാ ഇങ്ങനെ L,M,N,O,P നമ്പറുകള്‍ക്കൊക്കെ സാധ്യതകളുണ്ട്’ എന്ന്. അങ്ങനെ ഞാന്‍ പറഞ്ഞു L നമുക്ക് ഉപയോഗിക്കാമെന്ന്. പക്ഷെ, ഏറ്റവും വലിയ യാദൃശ്ചികത എന്തെന്നാല്‍ ഷൂട്ടിങ്ങിന്റെ പകുതി എത്തിയ സമയത്ത് ലാലേട്ടന്‍ ചോദിച്ചു ‘എന്റെ അംബാസിഡര്‍ കാര്‍ കണ്ടിട്ടുണ്ടോ’ എന്ന്.
ഒരു പ്രത്യേക കളറുള്ള വണ്ടിയാണ്. ആ വണ്ടിയുടെ മുന്നില്‍ നില്‍ക്കുന്ന രസമുള്ള ഫോട്ടോയുണ്ട്. ആ ഫോട്ടോ നോക്കിയപ്പോള്‍ അതേ കാറിന്റെ നമ്പറും 4455 ആണ്. അപ്പോള്‍ ഞാന്‍ പറഞ്ഞു ഈ കാറിന്റെ നമ്പറും 4455 ആണല്ലോയെന്ന്. ‘അതറിയില്ലെ? ഞാന്‍ ഓര്‍ത്തു നിങ്ങള്‍ അതറിഞ്ഞിട്ടാണ് ഇതെട്ടതെന്ന്’ ലാലേട്ടൻ പറഞ്ഞു. നമ്മള്‍ അതറിഞ്ഞിട്ടല്ല ആ നമ്പര്‍ വെച്ചത്,’ തരുൺ മൂർത്തി പറയുന്നു.
Content Highlight: When Lalettan learned that the car’s number was 4455, he asked a question says Tharun Moorthy