Advertisement
Sports News
ആവേശവും അതിനേക്കാള്‍ വലിയ കണ്‍ഫ്യൂഷനും; ഫൈനലും ഫൈനലിനേക്കാള്‍ ആവേശം വിതയ്ക്കാന്‍ വിധി നിര്‍ണയ മത്സരവും
സ്പോര്‍ട്സ് ഡെസ്‌ക്
2023 Sep 17, 08:02 am
Sunday, 17th September 2023, 1:32 pm

 

ഏഷ്യാ കപ്പിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് ആരാധകരൊന്നാകെ. ഏഷ്യന്‍ ക്രിക്കറ്റിന്റെ രാജാക്കന്‍മാര്‍ ആരെന്നറിയാന്‍ ഇനി ശേഷിക്കുന്നത് മണിക്കൂറുകള്‍ മാത്രമാണ്. ഏഷ്യാ കപ്പിലെ ഏറ്റവും സക്‌സസ്ഫുള്ളായ രണ്ട് ടീമുകളുടെ പോരാട്ടത്തിനാണ് കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയം സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്.

ഏഴ് തവണ ഏഷ്യന്‍ ക്രിക്കറ്റ് കിരീടം ചൂടിയ ഇന്ത്യയും ആറ് തവണ കിരീടത്തില്‍ മുത്തമിട്ട ശ്രീലങ്കയും കൊമ്പുകോര്‍ക്കുമ്പോള്‍ ഫലം അപ്രവചനീയമാണ്. ലോകകപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ ഏഷ്യാ കപ്പ് കിരീടമണിഞ്ഞുകൊണ്ട് മുന്നോട്ട് കുതിക്കാനാണ് ഇരുടീമുകളും ലക്ഷ്യമിടുന്നത്.

ഏഷ്യാ കപ്പ് ഫൈനലിന് കൊളംബോ വേദിയാകുമ്പോള്‍ അതിനോളം ആവേശം നിറഞ്ഞ മറ്റൊരു മത്സരത്തിനാണ് ജോഹനാസ്‌ബെര്‍ഗ് സാക്ഷ്യം വഹിക്കാനൊരങ്ങുന്നത്. ഓസ്‌ട്രേലിയയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ സീരിസ് ഡിസൈഡര്‍ മത്സരവും സെപ്റ്റംബര്‍ 17നാണ് നടക്കുന്നത്. വാണ്ടറേഴ്‌സ് സ്റ്റേഡിയമാണ് വേദി.

പരമ്പരയിലെ നാലാം മത്സരത്തിലെ ഹെന്റിച്ച് ക്ലാസന്റെയും ഡേവിഡ് മില്ലറിന്റെയും ഇന്നിങ്‌സുകളാണ് സീരീസ് ഡിസൈഡര്‍ മത്സരത്തിന് ഹൈപ് നല്‍കുന്നത്.

 

കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ 83 പന്തില്‍ നിന്നും 174 റണ്‍സടിച്ച ക്ലാസനും 45 പന്തില്‍ പുറത്താകാതെ 82 റണ്‍സ് നേടിയ ഡേവിഡ് മില്ലറും ക്രിക്കറ്റ് ആരാധകര്‍ക്കിടയിലെ ചൂടേറിയ ചര്‍ച്ചാ വിഷയമായിരുന്നു. ഇരുവരുടെയും റെക്കോഡ് കൂട്ടുകെട്ടും ആദം സാംപയെ പഞ്ഞിക്കിട്ടതുമെല്ലാം ആരാധകര്‍ ആഘോഷമാക്കിയിരുന്നു. പത്ത് ഓവറില്‍ 113 റണ്‍സാണ് സാംപ വഴങ്ങിയത്.

ഇതേ പ്രകടനം ഇവര്‍ സീരീസ് ഡിസൈഡറിലും ആവര്‍ത്തിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ഓസീസ് വിജയിച്ചപ്പോള്‍ അടുത്ത രണ്ട് മത്സരങ്ങളും വിജയിച്ചാണ് പ്രോട്ടീസ് പരമ്പര സജീവമാക്കിയത്. പരമ്പരയിലെ മൂന്നാം മത്സരം 111 റണ്‍സിന് വിജയിച്ച പ്രോട്ടീസ് നാലാം മത്സരം 164 റണ്‍സിനാണ് വിജയിച്ചത്. അഞ്ചാം മത്സരത്തില്‍ ജയിക്കുന്നവര്‍ക്ക് പരമ്പര നേടാം എന്നിരിക്കെ രണം അല്ലെങ്കില്‍ മരണം എന്ന രീതിയിലാകും ഇരു ടീമും കളത്തിലിറങ്ങുക.

 

ട്രാവിസ് ഹെഡിന്റെ പരിക്കാണ് ഓസീസിന് വെല്ലുവിളിയാകുന്ന പ്രധാന ഘടകം.

ഏഷ്യാ കപ്പ് ഫൈനലും ഓസ്‌ട്രേലിയ – സൗത്ത് ആഫ്രിക്ക സീരീസ് ഡിസൈഡര്‍ മത്സരവും ഒരുമിച്ച് വരുന്നതിനാല്‍ ഏത് മത്സരം കാണണം എന്ന കണ്‍ഫ്യൂഷനിലാണ് ആരാധകര്‍.

ലോകകപ്പിന് മുമ്പ് എല്ലാ ടീമുകളും മികച്ച ഫോമിലേക്ക് മടങ്ങിയെത്തിയതും തകര്‍പ്പന്‍ പ്രകടനങ്ങള്‍ കാഴ്ചവെക്കുന്നതും ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാഴ്ത്തുന്നുണ്ട്.

 

Content Highlight: Two great matches on September 17