ബെംഗളൂരു: ബിറ്റ്‌കോയിന്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനുമായി ബെംഗളൂരുവിലെ കെംപ്‌ഫോര്‍ട്ട് മാളില്‍ സ്ഥാപിച്ച എ.ടി.എം. പൊലീസ് പിടിച്ചെടുത്തു. എ.ടി.എം. സ്ഥാപിച്ച സ്വാതിക്.വി, ഹരീഷ് ബി.വി.എന്നിവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.
യുനോകോയിന്‍ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഉടമകളാണ് രണ്ടുപേരും. ചൊവ്വാഴ്ച്ച ഹരീഷ് പിടിയിലായതിന് ശേഷം ഇന്നലെയാണ് സ്വാതിക് അറസ്റ്റിലാകുന്നത്. ഇവരില്‍ നിന്ന് രണ്ട് ലാപ്‌ടോപ്പുകള്‍, മൊബൈല്‍ ഫോണ്‍, 1,79,000 രൂപയും പിടിച്ചെടുത്തു.
ആര്‍ബി.ഐ ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് പഴയ എയര്‍പോര്‍ട്ട് റോഡിലെ മാളില്‍ കഴിഞ്ഞ ആഴ്ച എ.ടി.എം.സ്ഥാപിച്ചത്. ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയില്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ കറന്‍സിയുടെ വിനിമയമാണ് എ.ടി.എമ്മിലൂടെ ലക്ഷ്യമിട്ടത്. ക്രിപ്‌റ്റോ കറന്‍സി ഇടപാട് തടയാന്‍ ആര്‍.ബി.ഐ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിനിടെയാണ് എ.ടി.എം സ്ഥാപിക്കുന്നത്.
ദല്‍ഹിയിലും മുംബൈയിലും സമാന എ.ടി.എം.സ്ഥാപിക്കാനും പദ്ധതിയുണ്ടായിരുന്നുവെന്ന് പിടിയിലായവര്‍ മൊഴി നല്‍കി.