ന്യൂദല്‍ഹി: ഇന്ത്യയില്‍ ഇടക്കാല ചീഫ് കംപ്ലയന്‍സ് ഓഫീസറെ നിയമിച്ച് ട്വിറ്റര്‍. രാജ്യത്തെ പുതിയ ഐ.ടി. നയത്തിന്റെ ഭാഗമായാണ് നടപടി.
കൂടുതല്‍ വിവരങ്ങള്‍ വൈകാതെ അറിയിക്കുമെന്നും ട്വിറ്റര്‍ അറിയിച്ചു. നേരത്തെ കേന്ദ്രസര്‍ക്കാരിന്റെ ഐ.ടി. നയം അംഗീകരിക്കാമെന്നും നയം നടപ്പാക്കാന്‍ ഒരാഴ്ചത്തെ സമയം ആവശ്യമാണെന്നും ട്വിറ്റര്‍ പറഞ്ഞിരുന്നു.
രാജ്യത്തെ ഐ.ടി. നയം അംഗീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ട്വിറ്ററിന് അന്ത്യശാസനം നല്‍കിയിരുന്നു. നിയമങ്ങള്‍ പാലിക്കാത്ത പക്ഷം അനന്തരഫലങ്ങള്‍ നേരിടാന്‍ തയ്യാറാകേണ്ടിവരുമെന്ന് കേന്ദ്രം ട്വിറ്ററിനെ അറിയിച്ചു.
ഇന്ത്യ ആസ്ഥാനമായി ഓഫീസര്‍മാരെ നിയമിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പാലിച്ചില്ലെങ്കില്‍, ബാധ്യതകളില്‍ നിന്നൊഴിയാന്‍ പുതിയ നിയമപ്രകാരമുള്ള അവസരം ഇല്ലാതാകുമെന്ന് ശനിയാഴ്ച ഐ.ടി. മന്ത്രാലയം ട്വിറ്ററിനെ അറിയിച്ചിരുന്നു.