ട്വിറ്റര്‍ അപരന് മണിക്കൂറുകള്‍ക്കകം ഏഴ് മില്യണ്‍ യൂസര്‍മാര്‍; 'ത്രെഡ്‌സ്' ആപ്പിനെ ട്രോളി ഇലോണ്‍ മസ്‌ക്
World News
ട്വിറ്റര്‍ അപരന് മണിക്കൂറുകള്‍ക്കകം ഏഴ് മില്യണ്‍ യൂസര്‍മാര്‍; 'ത്രെഡ്‌സ്' ആപ്പിനെ ട്രോളി ഇലോണ്‍ മസ്‌ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 6th July 2023, 12:08 pm

ന്യൂയോര്‍ക്ക്: സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററിന് സമാനമായി മെറ്റ അവതരിപ്പിച്ച ‘ത്രെഡ്‌സ്’ ആപ്പിന് ആവേശകരമായ പ്രതികരണം. പുറത്തിറക്കി അഞ്ച് മണിക്കൂറിനകം ഏഴ് മില്യണിലധികം ഉപയോക്താക്കളെയാണ് സുക്കര്‍ബര്‍ഗിന്റെ പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം നേടിയത്.

ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയുടെ നിര്‍മാതാക്കളില്‍ നിന്ന് പുതിയ പ്ലാറ്റ്‌ഫോം വരുമ്പോള്‍, അത് ട്വിറ്ററിന് വലിയ തിരിച്ചടിയാകുമെന്നാണ് ടെക് ലോകം പ്രതീക്ഷിക്കുന്നത്. ത്രെഡ്‌സിന്റെ വരവിന് പിന്നാലെ ട്വിറ്റര്‍ ഉടമ ഇലോണ്‍ മസ്‌ക് അതിനെ പരിഹസിച്ച് കൊണ്ട് രംഗത്തെത്തി. തനിക്ക് ഇനിയൊരു സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ആപ്പ് വേണമെന്നില്ലെന്നാണ് മസ്‌ക് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ കുറിച്ചത്.

2018ല്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റാക്കിയതിനെ കുറിച്ച് ചോദിച്ചപ്പോള്‍, വ്യാജമായ ചിരി മാത്രം സമ്മാനിക്കുന്ന ഇന്‍സ്റ്റഗ്രാമിനേക്കാള്‍ തനിക്കിഷ്ടം ട്വിറ്ററില്‍ അപരിചിതരാല്‍ ആക്രമിക്കപ്പെടാനാണെന്ന് അദ്ദേഹം മറുപടി നല്‍കിയിരുന്നു. ഉപയോക്താക്കള്‍ നിത്യജീവിതത്തിലെ സന്തോഷങ്ങളെ പെരുപ്പിച്ച് കാട്ടുന്ന ഇടമെന്നാണ് അദ്ദേഹം ഇന്‍സ്റ്റഗ്രാമിനെ വിശേഷിപ്പിച്ചത്.

‘പ്രൊജക്ട് 92’ എന്ന പേരില്‍ തയ്യാറാക്കിയിരുന്ന ത്രെഡ്‌സ് ആപ്പിന്റെ രഹസ്യ വിവരങ്ങള്‍ ചോര്‍ന്നതിന് പിന്നാലെ മെറ്റ സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗും ട്വിറ്റര്‍ ഉടമ ഇലോണ്‍ മസ്‌കും തമ്മില്‍ സോഷ്യല്‍ മീഡിയയിലൂടെ പലപ്പോഴായി ഏറ്റുമുട്ടിയിരുന്നു.

ത്രെഡ്‌സിന് ഗംഭീര വരവേല്‍പ്പാണ് ലഭിക്കുന്നതെന്ന മെറ്റയുടെ പ്രഖ്യാപനത്തിന് പിന്നാലെ സുക്കര്‍ബര്‍ഗിനെ പരിഹസിച്ച് മസ്‌ക് രംഗത്തെത്തിയിരുന്നു. ‘സുക്കര്‍ബര്‍ഗിന്റെ വിരല്‍ത്തുമ്പില്‍ തന്നെ കിടന്ന് കറങ്ങാനായി ഈ ലോകം കാത്തിരിക്കുകയാണെന്ന് എനിക്ക് ഉറപ്പാണ്. അതിന് ഭ്രാന്തായിക്കാണും. ഞാന്‍ കുറച്ച് നേരത്തേക്കെങ്കിലും ചുമ്മാ പേടിച്ചു,’ എന്നായിരുന്നു മസ്‌കിന്റെ മറുപടി.

ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് ‘ത്രെഡ്‌സ്’ ആപ്പ് പൊതുജനങ്ങള്‍ക്ക് ലഭ്യമായി തുടങ്ങിയത്. യു.കെയിലെ ആപ്പിള്‍, ഗൂഗിള്‍ ആപ്പ് സ്റ്റോറുകളിലാണ് ആദ്യം ലഭ്യമാക്കി തുടങ്ങിയത്. ശേഷം അമേരിക്ക, ജപ്പാന്‍, ബ്രിട്ടന്‍, കാനഡ തുടങ്ങി 100ലധികം രാജ്യങ്ങളിലും ത്രെഡ്സ് ലഭ്യമാക്കിയിട്ടുണ്ട്.

 

വീഡിയോ, ഫോട്ടോ എന്നിവക്ക് പ്രാധാന്യം നല്‍കി ഇന്‍സ്റ്റഗ്രാം ആരംഭിച്ചത് പോലെ ടെക്സ്റ്റിന് പ്രാധാന്യം നല്‍കുന്ന സംവിധാനമായിരിക്കും ത്രെഡ്‌സ് എന്നാണ് മെറ്റ വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ത്രെഡ്സില്‍ ഉപയോഗിക്കാനാകുന്ന പരമാവധി വാക്കുകളുടെ എണ്ണം 500 ആണ്. ട്വിറ്ററില്‍ ഇത് 280 ആണ്.

കൂടാതെ ത്രെഡ്സില്‍ ലിങ്കുകളും, ഫോട്ടോകളും, പരമാവധി അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോകളും ഷെയര്‍ ചെയ്യാം. ത്രെഡ്സ് ആപ്പില്‍ ലോഗിന്‍ ചെയ്യാന്‍ ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്ക് പ്രത്യേകം യൂസര്‍ നെയിം നല്‍കേണ്ടതില്ല. നിലവിലെ ഇന്‍സ്റ്റഗ്രാം യൂസര്‍ നെയിം ഉപയോഗിച്ച് തന്നെ ത്രെഡ്സിലും ലോഗിന്‍ ചെയ്യാം.

പുതിയ ഉപയോക്താക്കള്‍ ആദ്യം ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് ഉണ്ടാക്കണം. അതിന് ശേഷമെ ത്രെഡ്സില്‍ ആ യൂസര്‍ നെയിം ഉപയോഗിച്ച് ലോഗിന്‍ ചെയ്യാനാകൂ. ഉപയോക്താക്കളുടെ സുരക്ഷക്ക് മുന്‍തൂക്കം നല്‍കുന്ന സംരംഭമാണ് ത്രെഡ്‌സ് എന്ന് മെറ്റ അറിയിച്ചു.

Content Highlights: twitter owner elon musk trolls threads app launch