ഉപയോക്താക്കള്‍ക്കും ട്വിറ്ററിനും നോട്ടീസ് നല്‍കാതെ കേന്ദ്ര സര്‍ക്കാരിന് ട്വിറ്റര്‍ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാനാകില്ല; ട്വിറ്റര്‍ കോടതിയില്‍
national news
ഉപയോക്താക്കള്‍ക്കും ട്വിറ്ററിനും നോട്ടീസ് നല്‍കാതെ കേന്ദ്ര സര്‍ക്കാരിന് ട്വിറ്റര്‍ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാനാകില്ല; ട്വിറ്റര്‍ കോടതിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 27th September 2022, 9:10 am

ബെംഗളൂരു: ഉപയോക്താക്കള്‍ക്കും ട്വിറ്ററിനും നോട്ടീസ് നല്‍കാതെ കേന്ദ്ര സര്‍ക്കാരിന് ട്വിറ്റര്‍ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ കഴിയില്ലെന്ന് ട്വിറ്റര്‍. 2021ല്‍ 39 അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ ഇലക്ട്രോണിക് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിനെതിരെ ട്വിറ്റര്‍ നല്‍കിയ ഹരജി കര്‍ണാടക ഹൈക്കോടതിയില്‍ പരിഗണിക്കുന്നതിനിടെയാണ് ട്വിറ്റര്‍ ഇക്കാര്യം അറിയിച്ചത്.

നിരുപദ്രവകരമായ സന്ദേശങ്ങള്‍ തടയുന്നതിനുള്ള ഉത്തരവുകളും സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് ട്വിറ്ററിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അരവിന്ദ് ദാതാര്‍ കോടതിയില്‍ പറഞ്ഞു. ട്വീറ്റുകള്‍ ബ്ലോക്ക് ചെയ്യാനുള്ള ഉത്തരവുകള്‍ സര്‍ക്കാര്‍ പുറപ്പെടുവിക്കുമ്പോള്‍ അവ എങ്ങനെയാണ് ഉപദ്രവകാരമാകുന്നതെന്ന് വ്യക്തമാക്കണമെന്നും അഭിഭാഷകന്‍ പറഞ്ഞു.

‘ഒരു അക്കൗണ്ട് ബ്ലോക്ക് ചെയ്യാനുള്ള നീക്കത്തിന് പിന്നിലെ കാരണങ്ങള്‍ സംബന്ധിച്ച് അക്കൗണ്ട് ഉടമകള്‍ക്കും ട്വിറ്ററിനും നോട്ടീസ് അയക്കണം.

ആര്‍ട്ടിക്കിള്‍ 19(1)(എ)യുടെ കാതല്‍(സംസാരിക്കാനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമുള്ള അവകാശം) വിമര്‍ശിക്കാനുള്ള അവകാശം കൂടിയാണ്. അഭിപ്രായ സ്വാതന്ത്ര്യം മാനദണ്ഡങ്ങള്‍ക്കനുസൃതമായി സര്‍ക്കാരിനെ വിമര്‍ശിക്കാനും അനുവദിക്കുന്നു,’ ട്വിറ്ററിന്റെ അഭിഭാഷകന്‍ പറഞ്ഞു.

തെറ്റായ സന്ദേശങ്ങള്‍ തടയുന്നതിന് പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ ഐ.ടി നിയമത്തിലെ സെക്ഷന്‍ 69 എ അനുസരിച്ചായിരിക്കണമെന്നും ആവര്‍ത്തിച്ചുള്ള കുറ്റകൃത്യങ്ങള്‍ ഉണ്ടാകാത്ത പക്ഷം ബ്ലോക്ക് ചെയ്യുന്നത് ട്വീറ്റുകളില്‍ മാത്രമായി പരിമിതപ്പെടുത്തണമെന്നും അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യരുതെന്നും

അതേസമയം, തങ്ങള്‍ പുറപ്പെടുവിച്ച 69എ ഉത്തരവുകളില്‍ ഭൂരിഭാഗവും ദേശീയ സുരക്ഷയും പൊതു ക്രമസമാധാന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടതാണെന്നാണ് കേന്ദ്രത്തിന്റെ വാദം.

ട്വിറ്റര്‍ ഒരു വിദേശ പ്ലാറ്റ്ഫോമായതിനാല്‍ ഇന്ത്യന്‍ പൗരന്മാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനും മറ്റ് അവകാശങ്ങള്‍ക്ക് വേണ്ടിയും വാദിക്കാന്‍ ട്വിറ്ററിന് കഴിയില്ലെന്ന് കേന്ദ്രം രേഖാമൂലമുള്ള കൗണ്ടറില്‍ കോടതിയില്‍ വാദിച്ചു.