വാഷിങ്ടണ്‍: എക്‌സ് (ട്വിറ്റര്‍) പ്ലാറ്റ്‌ഫോമില്‍ നിന്നും വാര്‍ത്താ ലിങ്കുകള്‍ പ്രത്യക്ഷപ്പെടുന്നത് നീക്കം ചെയ്യാനുള്ള തീരുമാനവുമായി ട്വിറ്റര്‍ ഉടമസ്ഥന്‍ ഇലോണ്‍ മസ്‌ക്. ആളുകള്‍ കൂടുതല്‍ നേരം എക്‌സില്‍ സമയം ചെലവഴിക്കാനുള്ള നീക്കമാണിതെന്നാണ് റിപ്പോര്‍ട്ട്. പ്രേക്ഷകരെ വാര്‍ത്ത വായിപ്പിക്കാനുള്ള പ്രസാധകരുടെ പ്രയത്‌നത്തെ ഇത് ബാധിക്കുമെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ എക്‌സിലെ പരസ്യദാതാക്കാളെ ഈ നീക്കം എങ്ങനെ ബാധിക്കുമെന്നത് വ്യക്തമല്ല. വാര്‍ത്തയിലേക്കുള്ള ലിങ്കുകളില്‍ നിന്ന് ലീഡ് ചിത്രം മാത്രം നിലനിര്‍ത്തി തലക്കെട്ടും വാചകങ്ങളും നീക്കം ചെയ്യുകയാണെന്ന് മസ്‌ക് കഴിഞ്ഞ ദിവസം തന്നെ അറിയിച്ചിരുന്നു. ഇന്ന് എക്‌സ് ന്യൂസ് ഡെയ്‌ലിയും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
NEWS: X is changing how news links show up on the timeline.
It will strip out the headline/text so links display only an article’s lead image. pic.twitter.com/yseGs58i3Z
— X News Daily (@xDaily) August 22, 2023
‘ടൈംലൈനില്‍ പ്രത്യക്ഷപ്പെടുന്ന വാര്‍ത്താ ലിങ്കുകള്‍ എക്‌സ് നീക്കുന്നുണ്ട്. ലീഡ് ചിത്രത്തില്‍ മാത്രമേ ഇനി ലിങ്ക് കാണാന്‍ സാധിക്കുകയുള്ളു,’ എക്‌സ് ന്യൂസ് ഡെയ്‌ലി അറിയിച്ചു.
നിലവില്‍ വാര്‍ത്താ ലിങ്കുകള്‍ ചിത്രം, സ്രോതസ്, തലക്കെട്ട് എന്നിവയോടൊപ്പം ഒരു കാര്‍ഡ് രൂപത്തില്‍ ഉപയോക്താക്കളുടെ ടൈംലൈനില്‍ വന്നിരുന്നു. ഇത് ഒരു ക്ലിക്കിലൂടെ വായനക്കാരെ ലഭിക്കാനുള്ള ഉപാധിയായിരുന്നു.
അതേസമയം മാധ്യമപ്രവര്‍ത്തകര്‍ക്ക് ആശ്വാസമാകുന്ന ഒരു ട്വീറ്റും മസ്‌ക് ഇന്ന് പങ്കുവെച്ചിട്ടുണ്ട്.എഴുതാനുള്ള കൂടുതല്‍ സ്വാതന്ത്ര്യവും ഉയര്‍ന്ന വരുമാനവും ആഗ്രഹിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരിട്ട് എക്‌സില്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കൂ എന്ന വാഗ്ദാനമാണ് മസ്‌ക് നല്‍കുന്നത്.
മാധ്യമ സ്ഥാപനങ്ങള്‍ എക്‌സില്‍ പങ്കുവെക്കുന്ന ലേഖനങ്ങള്‍ക്ക് വായനക്കാരില്‍ നിന്ന് പണം ഈടാക്കുന്ന പദ്ധതികളെ കുറിച്ച് നേരത്തെ തന്നെ മസ്‌ക് വ്യക്തമാക്കിയിരുന്നു.
CONTENT HIGHLIGHTS: Twitter now only has news links in the lead image; Musk is removing the headline and text