Kerala News
വഖഫ് ഭേദഗതിയെ പിന്തുണച്ചുള്ള ഹരജി; കാസയ്ക്കായി സുപ്രീം കോടതിയില്‍ ഹാജരാകുക അഡ്വ. കൃഷ്ണരാജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 18, 12:33 pm
Friday, 18th April 2025, 6:03 pm

ന്യൂദല്‍ഹി: വഖഫ് ഭേദഗതി നിയമത്തെ പിന്തുണച്ച് ഹരജി നല്‍കിയ ക്രൈസ്തവ സംഘടനായ കാസയ്ക്ക് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരാകുക സംഘപരിവാര്‍ അനുകൂലിയായ അഡ്വ. കൃഷ്ണരാജ്.

കേരളത്തില്‍ നിന്ന് വഖഫ് ഭേദഗതിയെ പിന്തുണക്കുന്ന ആദ്യ സംഘടനയാണ് കാസ. നിയമഭേദഗതിയെ ചോദ്യം ചെയ്ത് മുസ്‌ലിം ലീഗ് നല്‍കിയ ഹരജിയിലാണ് കാസ കക്ഷി ചേര്‍ന്നിരിക്കുന്നത്.

സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള ലീഗിന്റെ ശ്രമം തടയുന്നതിനായാണ് ഹരജിയില്‍ കക്ഷി ചേര്‍ന്നതെന്നാണ് കാസയുടെ വിശദീകരണം. വഖഫ് ഭേദഗതി റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ടാണ് കാസ സുപ്രീം കോടതിയെ സമീപിച്ചത്.

പുതിയ വഖഫ് നിയമം മുനമ്പത്തെ സംബന്ധിച്ച് നിര്‍ണായകമാണെന്നും കാസ പറയുന്നു. അഡ്വ. കൃഷ്ണരാജിന് പുറമെ അഡ്വ. ടോം ജോസഫും കാസയ്ക്ക് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരാകുന്നുണ്ട്.

വഖഫ് ഭേദഗതിയെ അനുകൂലിച്ചുള്ള നിലപാടാണ് ആദ്യഘട്ടം മുതല്‍ക്കെ കാസ സ്വീകരിക്കുന്നത്.

കഴിഞ്ഞ ദിവസം സുപ്രീം കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവില്‍ വഖഫ് ബോര്‍ഡില്‍ നിയമനം നടത്തരുതെന്നും വഖഫ് സ്വത്തുക്കളുടെ തല്‍സ്ഥിതി തുടരണമെന്നും നിര്‍ദേശമുണ്ട്. നിയമനിര്‍മാണം ആര്‍ക്കും ബുദ്ധിമുട്ടാകരുതെന്ന് ചൂണ്ടിക്കാട്ടിയ കോടതി, നിയമം പൂര്‍ണമായും സ്റ്റേ ചെയ്യില്ലെന്നും പറഞ്ഞിരുന്നു.

മെയ് അഞ്ചിനായിരിക്കും ഹരജികളില്‍ കോടതി അടുത്ത വാദം കേള്‍ക്കുക. 75 ഹരജികളാണ് വഖഫ് ഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയില്‍ എത്തിയത്. ഇതില്‍ അഞ്ചെണ്ണം മാത്രമേ അടുത്ത വാദത്തില്‍ പരിഗണിക്കുകയുള്ളൂവെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഈ അഞ്ച് ഹരജികളില്‍ മുസ്‌ലിം ലീഗ് നല്‍കിയ ഹരജി ഉള്‍പ്പെടുന്നില്ല. പക്ഷെ കക്ഷി ചേരാനുള്ള അപേക്ഷ നിലനില്‍ക്കുമെന്നാണ് കാസയുടെ വാദം.

Content Highlight: Petition in support of Waqf Amendment; Adv. Krishnaraj to appear in Supreme Court on behalf of CASA