2025 IPL
വമ്പന്‍ മാറ്റങ്ങളുമായി ചെന്നൈയും ഗുജറാത്തും; പകരക്കാര്‍ സൗത്ത് ആഫ്രിക്കയില്‍ നിന്നും ശ്രീലങ്കയില്‍ നിന്നും!
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 18, 12:54 pm
Friday, 18th April 2025, 6:24 pm

ഐ.പി.എല്‍ 2025ലെ ശേഷിക്കുന്ന മത്സരങ്ങളില്‍ പരിക്കേറ്റ ഗുര്‍ജപ്നീത് സിങ്ങിന് പകരക്കാരനായി ചെന്നൈ സൂപ്പര്‍ കിങ്‌സ് (സി.എസ്.കെ) സൗത്ത് ആഫ്രിക്കയുടെ ഡെവാള്‍ഡ് ബ്രെവിസിനെ ഒപ്പിട്ടു.

81 ടി-20കള്‍ കളിച്ച ഡെവാള്‍ഡ് ബ്രെവിസ് 1787 റണ്‍സാണ് ഫോര്‍മാറ്റില്‍ നിന്ന് നേടിയത്. 162 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരം നേടിയിട്ടുണ്ട്. 2023ല്‍ സൗത്ത് ആഫ്രിക്കയ്ക്കായി ടി-20യില്‍ അരങ്ങേറ്റം ചെയ്ത ബ്രെവിസ് ഇതുവരെ രണ്ട് ഇന്റര്‍നാഷണല്‍ ടി-20 മത്സരങ്ങളില്‍ നിന്ന് അഞ്ച് റണ്‍സാണ് നേടിയത്.

ഐ.പി.എല്ലില്‍ ബ്രെവിസ് മുമ്പ് മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരുന്നു. മുംബൈക്ക് വേണ്ടി 10 മത്സരങ്ങള്‍ കളിച്ച ബ്രെവിസിനെ 2.2 കോടി രൂപയ്ക്കാണ് സി.എസ്.കെ ഒപ്പിട്ടത്.

അതേസമയം പരിക്കേറ്റ ഗ്ലെന്‍ ഫിലിപ്‌സിന് പകരക്കാരനായി ഗുജറാത്ത് ടൈറ്റന്‍സ് ശ്രീലങ്കയുടെ ദസുന്‍ ഷനകയെ തെരഞ്ഞെടുത്തു. ഓള്‍റൗണ്ടറായ ദസുന്‍ ഷനക ശ്രീലങ്കയ്ക്കായി 102 ടി-20 മത്സരങ്ങളില്‍ നിന്ന് 1456 റണ്‍സും 33 ടി-20 വിക്കറ്റുകളും നേടിയിട്ടുണ്ട്.

ശ്രീലങ്കയ്ക്കായി 71 ഏകദിനങ്ങളും ആറ് ടെസ്റ്റുകളും അദ്ദേഹം കളിച്ചിട്ടുണ്ട്. 2023 ഐ.പി.എല്ലില്‍ ദസുന്‍ ഗുജറാത്തിന്റെ ഭാഗമായിരുന്നു. ജി.ടിക്ക് വേണ്ടി മൂന്ന് മത്സരങ്ങള്‍ കളിച്ച താരത്തെ 75 ലക്ഷം രൂപയ്ക്കാണ് ഗുജറാത്ത് വീണ്ടും ടീമിലെത്തിച്ചത്.

നിലവില്‍ ഐ.പി.എല്ലില്‍ ആറ് മത്സരങ്ങളില്‍ നിന്ന് നാല് വിജയവും രണ്ടു തോല്‍വിയും ഏറ്റുവാങ്ങി നെറ്റ് റണ്‍ റേറ്റിന്റെ പിന്‍ബലത്തോടെ രണ്ടാം സ്ഥാനത്താണ് ഗുജറാത്ത്. അതേസമയം ഏഴു മത്സരങ്ങളില്‍ നിന്ന് വെറും 2 വിജയം സ്വന്തമാക്കി അഞ്ച് തോല്‍വികളും വഴങ്ങി ചെന്നൈ പത്താമനാണ്.

തുടര്‍ച്ചയായ പരാജയങ്ങളില്‍ നിന്ന് ലഖ്‌നൗവിനെതിരെ വിജയിച്ച ആത്മവിശ്വാസത്തിലാണ് ചെന്നൈ. വിജയം ലക്ഷ്യംവെച്ച് ചെന്നൈ ഇറങ്ങുമ്പോള്‍ പകരക്കാരന്‍ ടീമിനെ എത്രത്തോളം പിന്തുണയ്ക്കുമെന്ന് കണ്ടറിഞ്ഞുതന്നെ കാണണം.

ചെന്നൈ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദിന് പരിക്ക് പറ്റി പുറത്തായതോടെ മുന്‍ ക്യാപ്റ്റന്‍ എം.എസ്. ധോണിയാണ് ചെന്നൈയെ നയിക്കുന്നത്. ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ടീം മുന്നേറും എന്നാണ് ആരാധകരും വിശ്വസിക്കുന്നത്.

അതേസമയം ഗുജറാത്ത് തങ്ങളുടെ രണ്ടാം കിരീടം ലക്ഷ്യം വെച്ചാണ് മുന്നേറുന്നത്. സൂപ്പര്‍ താരം ഫിലിപ്‌സിന്റെ വിടവ് പരിഹരിച്ച് വരും മത്സരങ്ങളില്‍ വിജയം തുടരാനാണ് ശുഭ്മന്‍ ഗില്ലിന്റെ ക്യാപ്റ്റന്‍സിയില്‍ ഗുജറാത്തും ലക്ഷ്യം വെക്കുന്നത്.

Content Highlight: IPL 2025: Chennai And Gujarat Have Change In Their Team