Entertainment
ദേഷ്യം വരുമ്പോഴെല്ലാം ഞാന്‍ മണിരത്‌നത്തെ ആ പേരാണ് വിളിക്കാറുള്ളത്: കമല്‍ ഹാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 18, 12:40 pm
Friday, 18th April 2025, 6:10 pm

ഇന്ത്യന്‍ സിനിമയിലെ സകലകലാവല്ലഭനാണ് കമല്‍ ഹാസന്‍. ബാലതാരമായി സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് കടന്നുവന്ന കമല്‍ 64 വര്‍ഷത്തെ സിനിമാജീവിതത്തില്‍ കൈവെക്കാത്ത മേഖലകളില്ല. അഭിനയത്തിന് പുറമെ സംവിധാനം, തിരക്കഥ, നിര്‍മാണം, ഗാനരചന, ഗായകന്‍, മേക്കപ്പ് ആര്‍ട്ടിസ്റ്റ്, കൊറിയോഗ്രാഫര്‍ തുടങ്ങി സകലമേഖലയിലും കമല്‍ ഹാസന്‍ തന്റെ കയ്യൊപ്പ് ചാര്‍ത്തിയിട്ടുണ്ട്.

തന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ മണിരത്‌നത്തെക്കുറിച്ച് സംസാരിക്കുകയാണ് കമല്‍ ഹാസന്‍. ഷൂട്ടിനിടയില്‍ താനും മണിരത്‌നവും തമ്മില്‍ ഇടക്കൊക്കെ ദേഷ്യപ്പെടാറുണ്ടെന്ന് കമല്‍ ഹാസന്‍ പറഞ്ഞു. ദേഷ്യം വരുമ്പോഴെല്ലാം താന്‍ മണിരത്‌നത്തെ ഒരു പേര് വിളിച്ച് കളിയാക്കാറുണ്ടെന്നും ആ പേര് ഇതുവരെ പൊതുവേദിയില്‍ അറിയിച്ചിട്ടില്ലെന്നും കമല്‍ ഹാസന്‍ കൂട്ടിച്ചേര്‍ത്തു.

അഞ്ചര മണിരത്‌നം എന്നാണ് ആ പേരെന്നും അതിന് ഒരു കാരണമുണ്ടെന്നും കമല്‍ ഹാസന്‍ പറയുന്നു. സിനിമയുടെ ഷൂട്ടുള്ള ദിവസങ്ങളില്‍ രാവിലെ അഞ്ചരയാകുമ്പോള്‍ മണിരത്‌നം സെറ്റിലെത്തുമെന്നും മറ്റ് ആര്‍ട്ടിസ്റ്റുകളും അതേ സമയത്ത് തന്നെ എത്തേണ്ടി വരുമെന്നും കമല്‍ ഹാസന്‍ പറഞ്ഞു. അക്കാരണം കൊണ്ടാണ് താന്‍ അദ്ദേഹത്തെ അഞ്ചര മണിരത്‌നം എന്ന് വിളിക്കുന്നതെന്നും കമല്‍ ഹാസന്‍ കൂട്ടിച്ചേര്‍ത്തു.

അഞ്ചരക്ക് സെറ്റിലെത്താന്‍ വേണ്ടി താന്‍ മൂന്നരയാകുമ്പോഴേക്കും എഴുന്നേല്‍ക്കേണ്ടി വരുമെന്നും കമല്‍ ഹാസന്‍ പറഞ്ഞു. ഒരുവിധത്തിലാണ് സെറ്റിലെത്താറുള്ളതെന്നും എന്നാല്‍ തന്നെക്കാള്‍ മുമ്പ് ക്യാമറാമാന് ലൊക്കേഷനിലെത്തേണ്ടി വരുമെന്നും കമല്‍ ഹാസന്‍ കൂട്ടിച്ചേര്‍ത്തു. തഗ് ലൈഫിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ് മീറ്റിലാണ് കമല്‍ ഹാസന്‍ ഇക്കാര്യം പറഞ്ഞത്.

‘മണിരത്‌നം എന്റെ ഏറ്റവുമടുത്ത സുഹൃത്താണ്. മണിയുടെ കൂടെ വര്‍ക്ക് ചെയ്യുന്നത് പലപ്പോഴും സന്തോഷം തരുന്ന കാര്യമാണ്. എന്നാല്‍ സെറ്റില്‍ നല്ലവണ്ണം ദേഷ്യപ്പെടുന്ന ആള് കൂടിയാണ് മണിരത്‌നം. എനിക്ക് തിരിച്ചും മണിയോട് ദേഷ്യം തോന്നും. അങ്ങനെ ദേഷ്യം വരുമ്പോള്‍ ഞാന്‍ മണിരത്‌നത്തെ ഒരു പേര് വിളിക്കും. ഇന്നേവരെ ആ പേര് ഞാന്‍ പൊതുവേദിയില്‍ പരസ്യപ്പെടുത്തിയിട്ടില്ല.

വേറൊന്നുമല്ല, അഞ്ചര മണിരത്‌നം എന്നാണ് ആ പേര്. ഷൂട്ടിന്റെ സമയത്ത് പുലര്‍ച്ചെ അഞ്ചരയാകുമ്പോള്‍ മണി സെറ്റിലെത്തിയിരിക്കും. അതേ സമയത്ത് മറ്റ് ആര്‍ട്ടിസ്റ്റുകളും എത്തേണ്ടി വരും. അഞ്ചരയാകുമ്പോള്‍ എത്തണമെങ്കില്‍ ഞാന്‍ മൂന്നരക്ക് എഴുന്നേല്ക്കണം. എന്നാല്‍ എന്നെക്കാള്‍ മുന്നേ രിവ വര്‍മന് സെറ്റിലെത്തണം. എന്നെക്കാള്‍ കഷ്ടമാണ് അയാളുടെ കാര്യം,’ കമല്‍ ഹാസന്‍ പറഞ്ഞു.

Content Highlight: Kamal Haasan about the Maniratnam’s nickname he calling when he got angry