സാന്‍ ഫ്രാന്‍സിസ്‌കോ: ട്വിറ്ററിന്റെ പുതിയ മേധാവിയും ശതകോടീശ്വരനായ ബിസിനസുകാരനുമായ ഇലോണ്‍ മസ്കിനെ വിമര്‍ശിച്ചുകൊണ്ട് വാര്‍ത്ത കൊടുത്ത മാധ്യമപ്രവര്‍ത്തകരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്തു.
അമേരിക്കയിലെ ഏഴോളം മാധ്യമപ്രവര്‍ത്തകരുടെ അക്കൗണ്ടുകളാണ് ഇത്തരത്തില്‍ സസ്‌പെന്‍ഡ് ചെയ്തത്. ന്യൂയോര്‍ക്ക് ടൈംസ്, വാഷിങ്ടണ്‍ പോസ്റ്റ്, സി.എന്‍.എന്‍, വോയ്‌സ് ഓഫ് അമേരിക്ക, ദ ഇന്റര്‍സെപ്റ്റ് എന്നിവയിലെ മാധ്യമപ്രവര്‍ത്തകരുടെ അക്കൗണ്ടുകളാണ് വ്യാഴാഴ്ച സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.
യാതൊരുവിധ മുന്നറിയിപ്പും ഇല്ലാതെയായിരുന്നു സസ്‌പെന്‍ഷന്‍.
സംഭവത്തില്‍ പ്രതികരിച്ചുകൊണ്ട് മസ്‌കും ട്വീറ്റ് പങ്കുവെച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ തന്റെ കുടുംബത്തെ അപകടത്തിലാക്കുന്നുവെന്നാണ് മസ്‌ക് ആരോപിക്കുന്നത്. മാധ്യമപ്രവര്‍ത്തകരുടെ അക്കൗണ്ടുകള്‍ സസ്പെന്‍ഡ് ചെയ്തതിനെ അപലപിച്ചുകൊണ്ട് വിവിധ സംഘടനകള്‍ രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു മസ്‌കിന്റെ ട്വീറ്റ്.
തന്റെ വ്യക്തിപരമായ വിവരങ്ങള്‍ക്ക് പുറമെ കുടുംബത്തെ കുറിച്ചുള്ള രഹസ്യാത്മകമായ വിവരങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ പുറത്തുവിട്ടു എന്നാണ് മസ്‌കിന്റെ വാദം. ഏഴ് ദിവസത്തേക്കാണ് സസ്‌പെന്‍ഷന്‍ എന്നും മസ്‌ക് പറയുന്നു.
Accounts engaged in doxxing receive a temporary 7 day suspension
— Elon Musk (@elonmusk) December 16, 2022
”ദിവസം മുഴുവനും എന്നെ വിമര്‍ശിക്കുന്നതില്‍ ഒരു പ്രശ്‌നവുമില്ല. പക്ഷേ എന്റെ തത്സമയ ലൊക്കേഷന്‍ ഡോക്സ് ചെയ്ത് എന്റെ കുടുംബത്തെ അപകടത്തിലാക്കുന്നത് അങ്ങനെയല്ല,” എന്നാണ് അല്‍പസമയം മുമ്പ് മസ്‌ക് ട്വിറ്ററില്‍ കുറിച്ചത്.
Criticizing me all day long is totally fine, but doxxing my real-time location and endangering my family is not
— Elon Musk (@elonmusk) December 16, 2022
ഇതിനിടെ ട്വിറ്റര്‍ കമ്പനിയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍പുറത്ത് മാധ്യമങ്ങളോട് പങ്കുവെക്കുന്ന ജീവനക്കാര്‍ക്കെതിരെ കേസെടുക്കുമെന്ന മുന്നറിയിപ്പുമായി കഴിഞ്ഞ ദിവസം മസ്‌ക് രംഗത്തെത്തിയിരുന്നു. ഇത് സംബന്ധിച്ച് മസ്‌ക് ജീവനക്കാര്‍ക്ക് കത്തയക്കുകയായിരുന്നു.
ഈ മുന്നറിയിപ്പ് അംഗീകരിക്കുന്ന ഒരു രേഖയില്‍ ഒപ്പിടാന്‍ ട്വിറ്റര്‍ ജീവനക്കാരോട് മസ്‌ക് ഉത്തരവിട്ടതായും പ്ലാറ്റ്‌ഫോര്‍മര്‍ മാനേജിങ് എഡിറ്റര്‍ സോ ഷിഫറിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞു.
ട്വിറ്റര്‍ മേധാവിയായി സ്ഥാനമേറ്റെടുത്തതിന് പിന്നാലെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിനെ മസ്‌ക് പിരിച്ചുവിട്ടിരുന്നു. 44 ബില്യണ്‍ ഡോളറിന് ട്വിറ്റര്‍ വാങ്ങിയതിന് പിന്നാലെയാണ് സി.ഇ.ഒയായിരുന്ന ഇന്ത്യന്‍ വംശജന്‍ പരാഗ് അഗര്‍വാള്‍, ചീഫ് ഫൈനാന്‍ഷ്യല്‍ ഓഫീസര്‍ നെഡ് സെഗാള്‍, ലീഗല്‍ പോളിസി മേധാവി, ട്രസ്റ്റ് ആന്റ് സേഫ്റ്റി വിഭാഗം മേധാവി എന്നിവരെ മസ്‌ക് സ്ഥാനത്ത് നിന്നും പുറത്താക്കിയത്.
‘ചെലവുചുരുക്കല്‍’ നയത്തിന്റെ ഭാഗമായി Twitter Incല്‍ നിന്നും പകുതിയിലധികം തൊഴിലാളികളെയും (3700ഓളം) ഒഴിവാക്കാനുള്ള മസ്‌കിന്റെ നീക്കത്തിനെതിരെ വ്യാപകമായി വിമര്‍ശനമുയര്‍ന്നിരുന്നു.
Content Highlight: Twitter accounts of journalists who report on Elon Musk suspended