നിയമസഭാ തെരഞ്ഞെടുപ്പില്‍ ട്വന്റി ട്വന്റി ഒറ്റയ്ക്ക് മത്സരിക്കും, മൂന്ന് മുന്നണികളുമായും സഖ്യമുണ്ടാവില്ലെന്ന് സാബു എം. ജേക്കബ്ബ്
Kerala
നിയമസഭാ തെരഞ്ഞെടുപ്പില്‍ ട്വന്റി ട്വന്റി ഒറ്റയ്ക്ക് മത്സരിക്കും, മൂന്ന് മുന്നണികളുമായും സഖ്യമുണ്ടാവില്ലെന്ന് സാബു എം. ജേക്കബ്ബ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 4th February 2021, 5:38 pm

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ എറണാകുളത്ത് ട്വന്റി ട്വിന്റി മത്സരിക്കും. മൂന്ന് മുന്നണികളും സമീപിച്ചിരുന്നെങ്കിലും ഒരു മുന്നണികളുടേയും ഭാഗമാകില്ലെന്ന് ട്വന്റി ട്വന്റി അറിയിച്ചു. ജനപിന്തുണ ലഭിച്ചാല്‍ സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും മത്സരിക്കുമെന്നും ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം. ജേക്കബ്ബ് അറിയിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് നേരത്തെ തന്നെ ട്വിന്റി ട്വന്റി പ്രഖ്യാപിച്ചിരുന്നു. സഖ്യത്തിനായി മൂന്ന് മുന്നണികളും സമീപിച്ചിട്ടുണ്ടെന്നും ചര്‍ച്ചകള്‍ തുടരുകയാണെന്നുമായിരുന്നു സാബു എം. ജേക്കബ്ബ് നേരത്തെ അറിയിച്ചിരുന്നത്. മുന്നണികളുമായി ധാരണയുണ്ടാക്കിയാലും ട്വന്റി-ട്വന്റി സ്ഥാനാര്‍ഥിയാകും മത്സരിക്കുകയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയില്‍ മുന്നണികളെ ഞെട്ടിക്കുന്ന പ്രകടനമാണ് ട്വന്റി ട്വന്റി പുറത്തെടുത്തത്. എറണാകുളത്തെ നാല് പഞ്ചായത്തുകളില്‍ ട്വന്റി ട്വന്റി ഭരണം പിടിച്ചിരുന്നു. കിഴക്കമ്പലം കൂടാതെ കുന്നത്തുനാട്, മഴുവന്നൂര്‍, ഐക്കരനാട് പഞ്ചായത്തുകളിലാണ് ട്വന്റി ട്വന്റി ഭരണം പിടിച്ചത്.

ഐക്കരനാടില്‍ മുഴുവന്‍ സീറ്റുകളും തൂത്തുവാരി പ്രതിപക്ഷം ഇല്ലാതെയാണ് ട്വന്റി ട്വന്റി ഭരിക്കുന്നത്. പലയിടത്തും യു.ഡി.എഫും എല്‍.ഡി.എഫും സംയുക്ത സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ട് പോലും വിജയം ട്വന്റി ട്വന്റിക്കായിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പിലെ മുന്നേറ്റത്തിന്റെ പശ്ചാത്തലത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയ്ക്ക് പുറത്തേക്കും മത്സരിക്കാനാണ് ട്വന്റി ട്വന്റിയുടെ നീക്കം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Twenty Twenty Contest Kerala Assembly Election