national news
2023-24 വർഷത്തിൽ രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ച ആകെ സംഭാവനയുടെ 88 ശതമാനവും എത്തിയത് ബി.ജെ.പിയിലേക്ക്; റിപ്പോർട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 09, 12:55 am
Wednesday, 9th April 2025, 6:25 am

ന്യൂദൽഹി: 2023–24 സാമ്പത്തിക വർഷത്തിൽ ദേശീയ പാർട്ടികളിൽ ഏറ്റവും കൂടുതൽ സംഭാവന ലഭിച്ചത് ബി.ജെ.പിക്കെന്ന് റിപ്പോർട്ട്. മൊത്തം രാഷ്ട്രീയ പാർട്ടികൾക്കും ലഭിച്ച ആകെ സംഭാവനയുടെ 88 ശതമാനവും എത്തിയത് ബി.ജെ.പിയിലേക്കെന്ന് പോൾ വാച്ച്ഡോഗ് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ) റിപ്പോർട്ട് വെളിപ്പെടുത്തി.

റിപ്പോർട്ടിൽ ആറ് ദേശീയ രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ച ആകെ 2,544.278 കോടി രൂപയിൽ 2,243.947 കോടി രൂപയും ലഭിച്ചത് ബി.ജെ.പിക്കാണെന്ന് റിപ്പോർട്ട് കണ്ടെത്തി. ആറ് പാർട്ടികൾക്കും ലഭിച്ച എല്ലാ സംഭാവനകളുടെയും ഏറ്റവും വലിയ ഉറവിടം കോർപറേറ്റുകളാണെന്നന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

ബി.ജെ.പിക്ക് ലഭിച്ച സംഭാവനകൾ ഇന്ത്യൻ നാഷണൽ കോൺഗ്രസ് (ഐ.എൻ.സി), എ.എ.പി,  നാഷണൽ പീപ്പിൾസ് പാർട്ടി(എൻ.പി.പി ), സി.പി.ഐ.എം എന്നീ പാർട്ടികൾക്ക് ലഭിച്ച ആകെ സംഭാവനകളുടെ ആറിരട്ടിയിലധികമാനിന്ന് റിപ്പോർട്ട് വെളിപ്പെടുത്തുന്നു.

കൂടാതെ 2023-24 സാമ്പത്തിക വർഷത്തിൽ ഭരണകക്ഷിയായ ബി.ജെ.പിക്കും പ്രധാന പ്രതിപക്ഷമായ കോൺഗ്രസിനും ലഭിച്ച സംഭാവനകളിൽ ഗണ്യമായ വർധനവുണ്ടായതായും റിപ്പോർട്ട് രേഖപ്പെടുത്തി. മുൻ സാമ്പത്തിക വർഷമായ 2022-23 നെ അപേക്ഷിച്ച് യഥാക്രമം 211 ശതമാനവും 252 ശതമാനവും വർധനവാണ് ഉണ്ടായിരിക്കുന്നത്.

2022–23ൽ ബി.ജെ.പിക്ക് ലഭിച്ച സംഭാവനയായ 719.858 കോടി 2023–24 സാമ്പത്തിക വർഷം ആയപ്പോഴേക്കും 2,243.94 കോടി രൂപയായി ഉയർന്നു. 2022–23ൽ 79.924 കോടി രൂപ മാത്രം സംഭാവന ലഭിച്ചിരുന്ന കോൺഗ്രസിന് 2023–24 ൽ 281.48 കോടി രൂപ ലഭിച്ചു.

ബി.ജെ.പിക്കും കോൺഗ്രസിനും ആകെ 880.0775 കോടി രൂപ നൽകിയ പ്രൂഡന്റ് ഇലക്ടറൽ ട്രസ്റ്റാണ് പാർട്ടികൾക്ക് ഏറ്റവും കൂടുതൽ സംഭാവന നൽകിയതെന്നും റിപ്പോർട്ട് കണ്ടെത്തി. ബി.ജെ.പിക്ക് 723.675 കോടി രൂപയും കോൺഗ്രസിന് 156.4025 കോടി രൂപയും ട്രസ്റ്റ് സംഭാവന നൽകി.

മറ്റ് കമ്പനികളിൽ നിന്നും വ്യക്തികളിൽ നിന്നും ലഭിക്കുന്ന സംഭാവനകൾ രാഷ്ട്രീയ പാർട്ടികൾക്ക് വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെ കമ്പനികൾ സ്ഥാപിച്ച ട്രസ്റ്റുകളാണ് ഇലക്ട്‌റൽ ട്രസ്റ്റുകൾ. അത്തരത്തിൽ ഒരു ട്രസ്റ്റാണ് പ്രൂഡന്റ് .

തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റ് പ്രകാരം, ആർ.പി. സഞ്ജീവ് ഗോയങ്ക ഗ്രൂപ്പ്, മേഘ എഞ്ചിനീയറിങ് & ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്, ഭാരതി എയർടെൽ, ജി.എം.ആർ, ഡി.എൽ.എഫ് ഗ്രൂപ്പ് തുടങ്ങി നിരവധി കമ്പനികളിൽ നിന്ന് പ്രൂഡന്റിന് സംഭാവനകൾ ലഭിച്ചിട്ടുണ്ട്.

 

Content Highlight: BJP Received 88% of Total Donations to Political Parties in FY 2023-24: Report