കമലിന്റെ അസിസ്റ്റന്റ് ഡയറക്ടറായി സിനിമാ ജീവിതം ആരംഭിച്ച വ്യക്തിയാണ് ലാല്‍ ജോസ്. നിരവധി സിനിമകളുടെ ഭാഗമായ അദ്ദേഹം 1998ല്‍ പുറത്തിറങ്ങിയ ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സംവിധായകനാകുന്നത്.
ശേഷം നിരവധി ഹിറ്റ് സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിക്കാന്‍ ലാല്‍ ജോസിന് സാധിച്ചു. ഇപ്പോള്‍ നടന്‍ ഭരത് ഗോപിയെ കുറിച്ച് പറയുകയാണ് ലാല്‍ ജോസ്. ഒരുപാട് മികച്ച കഥാപാത്രങ്ങള്‍ സമ്മാനിച്ച നടനാണ് ഭരത് ഗോപിയെന്നാണ് ലാല്‍ ജോസ് പറയുന്നത്.
എണ്ണിയാല്‍ ഒടുങ്ങാത്ത ഒരുപാട് കഥാപാത്രങ്ങള്‍ അദ്ദേഹത്തിന്റേതായിട്ട് വന്നിട്ടുണ്ടെന്നും വര്‍ഷങ്ങള്‍ക്ക് ശേഷവും ആ കഥാപാത്രങ്ങളുടെ പേരുകളും രൂപവും ആളുകള്‍ ഓര്‍ത്തു വെക്കുന്നുണ്ടെന്നും ലാല്‍ ജോസ് പറഞ്ഞു.
വളരെ രസമായാണ് ഭരത് ഗോപി റൊമാന്‍സ് ചെയ്യുന്നതെന്നും തന്നെ എന്നും കൊതിപ്പിച്ചിട്ടുള്ള നടന്‍ കൂടിയാണ് അദ്ദേഹമെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ലാല്‍ ജോസ്.
‘ഒരുപാട് മികച്ച കഥാപാത്രങ്ങള്‍ സമ്മാനിച്ച നടനാണ് ഭരത് ഗോപി. അതില്‍ ഒന്നാണ് കള്ളന്‍ പവിത്രനിലെ മാമച്ചന്‍. എണ്ണിയാല്‍ ഒടുങ്ങാത്ത എത്രയോ കഥാപാത്രങ്ങള്‍ അദ്ദേഹത്തിന്റേതായിട്ട് വന്നിട്ടുണ്ട്.
മുപ്പതോ നാല്‍പതോ വര്‍ഷങ്ങള്‍ക്ക് ശേഷവും അദ്ദേഹം ചെയ്ത കഥാപാത്രങ്ങള്‍ നോക്കുകയാണെങ്കില്‍, നമ്മള്‍ അദ്ദേഹത്തിന്റെ ഓരോ കഥാപാത്രങ്ങളുടെയും പേരുകള്‍ ഓര്‍ത്തു വെക്കുന്നുണ്ട്. ആളുകള്‍ ആ കഥാപാത്രങ്ങളുടെ രൂപവും ഓര്‍ക്കുന്നുണ്ട്.
കാറ്റത്തെ കിളിക്കൂട് സിനിമയിലെ ഷേക്‌സ്പിയര്‍ കൃഷ്ണപിള്ള അതിലൊരു കഥാപാത്രമാണ്. എന്ത് രസമായിട്ടാണ് അദ്ദേഹം റൊമാന്‍സൊക്കെ ചെയ്തിരിക്കുന്നത്. എന്നും കൊതിപ്പിച്ചിട്ടുള്ള ഒരു നടന്‍ കൂടിയാണ് ഭരത് ഗോപി,’ ലാല്‍ ജോസ് പറയുന്നു.
Content Highlight: Lal Jose Talks About Characters Of Actor Bharath Gopi