ന്യൂദൽഹി: ബി.ജെ.പിയും ആർ.എസ്.എസും ദേശീയ നായകന്മാർക്കെതിരെ ആസൂത്രിതമായ ഗൂഢാലോചന നടത്തുകയാണെന്ന് വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. സർദാർ വല്ലഭായ് പട്ടേലിന്റെ പ്രത്യയശാസ്ത്രം ആർ.എസ്.എസിന്റെ ആശയങ്ങൾക്ക് വിരുദ്ധമാണെന്നും സ്വാതന്ത്ര്യ സമരത്തിൽ ഒരു സംഭാവനയും നൽകാത്ത ആ സംഘടന ഇന്ന് അദ്ദേഹത്തിന്റെ പാരമ്പര്യം അവകാശപ്പെടുന്നത് പരിഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു.
അഹമ്മദാബാദിൽ സർദാർ പട്ടേൽ സ്മാരകത്തിൽ നടന്ന വിപുലീകൃത കോൺഗ്രസ് വർക്കിങ് കമ്മിറ്റി യോഗം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയും ആർ.എസ്.എസും വർഗീയ വിഭജനങ്ങൾ ഉണ്ടാക്കി രാജ്യത്തിന്റെ അടിസ്ഥാന പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുകയാണെന്ന് ഖാർഗെ കൂട്ടിച്ചേർത്തു.
ഒപ്പം സാമൂഹിക നീതിയുടെ പ്രത്യയശാസ്ത്രം മുന്നോട്ട് കൊണ്ടുപോകുന്നതിന് സംഘടനയെ ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
‘ഇന്ന് വർഗീയ വിഭജനം നടത്തി രാജ്യത്തിന്റെ അടിസ്ഥാന പ്രശ്‌നങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കുകയാണ് ബി.ജെ.പിയും ആർ.എസ്.എസും. മറുവശത്ത്, രാജ്യത്തിന്റെ വിഭവങ്ങൾ പിടിച്ചെടുത്ത് സർക്കാരിനെ നിയന്ത്രിക്കാനുള്ള പാതയിലാണ് പ്രഭുവർഗ്ഗ കുത്തക. നമ്മുടെ യഥാർത്ഥ ശക്തി നമ്മുടെ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സാമൂഹിക നീതിയുടെ പ്രത്യയശാസ്ത്രവുമാണ്. എന്നാൽ ഇന്ന്, ആ പ്രത്യയശാസ്ത്രത്തെ മുന്നോട്ട് കൊണ്ടുപോകാൻ, ആദ്യം നമ്മൾ സ്വയം ശക്തിപ്പെടുത്തേണ്ടത് ആവശ്യമാണ്,’ ഖാർഗെ പറഞ്ഞു.
പട്ടേലിന്റെ പാരമ്പര്യം ഉയർത്തിപ്പിടിക്കുന്നതിനായി പാർട്ടി ഒരു പ്രമേയം പാസാക്കുകയും ചെയ്തു. പട്ടേലിനും മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനും ഇടയിൽ ഭിന്നത ഉണ്ടെന്നും അത് രാഷ്ട്രീയ ആയുധമാക്കാനും ബി.ജെ.പി ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘കഴിഞ്ഞ കുറേ വർഷങ്ങളായി നിരവധി ദേശീയ നായകർക്കെതിരെ ആസൂത്രിതമായ ഗൂഢാലോചന നടക്കുന്നുണ്ട്. 140 വർഷമായി രാജ്യത്തിനുവേണ്ടി സേവനമനുഷ്ഠിക്കുകയും പോരാടുകയും ചെയ്ത മഹത്തായ ചരിത്രമുള്ള കോൺഗ്രസ് പാർട്ടിക്കെതിരെയുള്ള അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നു. നേട്ടങ്ങളായി ഒന്നും കാണിക്കാൻ ഇല്ലാത്തവരാണ് ഈ ജോലി ചെയ്യുന്നത്. സ്വാതന്ത്ര്യസമരത്തിൽ അവരുടെ സംഭാവനയായി ഒന്നും കാണിക്കാനില്ല. സർദാർ പട്ടേലും പണ്ഡിറ്റ് നെഹ്‌റുവും തമ്മിലുള്ള ബന്ധത്തെ, രണ്ട് വീരനായകൻമാർ പരസ്പരം എതിരാണെന്ന് ചിത്രീകരിക്കാൻ അവർ ഗൂഢാലോചന നടത്തുന്നു. അതേസമയം, അവർ ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളായിരുന്നു എന്നതാണ് സത്യം. നിരവധി സംഭവങ്ങളും രേഖകളും അവരുടെ സൗഹാർദപരമായ ബന്ധത്തിന് സാക്ഷ്യം വഹിക്കുന്നു,” ഖാർഗെ പറഞ്ഞു.
പട്ടേലിന്റെ പ്രത്യയശാസ്ത്രം ആർ.എസ്.എസിന്റെ ആശയത്തിന് വിരുദ്ധമായിരുന്നെന്നും അദ്ദേഹം അത് നിരോധിച്ചിരുന്നുവെന്നും ഖാർഗെ പറഞ്ഞു. എന്നാൽ ഇന്ന് ആ സംഘടനയിലെ ആളുകൾ സർദാർ പട്ടേലിന്റെ പാരമ്പര്യം അവകാശപ്പെടുന്നു എന്നത് പരിഹാസ്യമാണെന്നും ഖാർഗെ കൂട്ടിച്ചേർത്തു.
അഹമ്മദാബാദിൽ നടക്കുന്ന രണ്ട് ദിവസത്തെ സമ്മേളനം സംഘടനാ മാറ്റങ്ങളെക്കുറിച്ചും ഏപ്രിൽ ഒമ്പതിന് പാസാക്കുന്ന ദേശീയ, ഗുജറാത്ത് അധിഷ്ഠിത പ്രമേയത്തെക്കുറിച്ചും ചർച്ച ചെയ്യും.
Content Highlight: BJP-RSS’s Claim on Patel’s Legacy ‘Laughable’, Says Kharge as Congress Plans ‘Massive’ Rehaul