മമ്മൂക്ക പറയുന്നു 'ആരാധകരേ ശാന്തരാകുവിന്‍'; ടര്‍ബോ ജോസിന്റെ ട്രെയ്‌ലര്‍ എത്തുന്നു
Entertainment
മമ്മൂക്ക പറയുന്നു 'ആരാധകരേ ശാന്തരാകുവിന്‍'; ടര്‍ബോ ജോസിന്റെ ട്രെയ്‌ലര്‍ എത്തുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 9th May 2024, 9:17 pm

ഇപ്പോള്‍ സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമകളില്‍ ഒന്നാണ് ടര്‍ബോ. ഭ്രമയുഗത്തിന് ശേഷം മമ്മൂട്ടി നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വൈശാഖാണ്. ഈ മാസ് എന്റര്‍ടൈനറിന്റെ തിരക്കഥ ഒരുക്കിയത് മിഥുന്‍ മാനുവല്‍ തോമസാണ്.

ടര്‍ബോ ജൂണ്‍ 13നായിരുന്നു റിലീസാകുമെന്ന് പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് ചിത്രത്തിന്റെ റിലീസ് മെയ് 23ലേക്ക് മാറ്റിയിരുന്നു. മമ്മൂട്ടി ടര്‍ബോ ജോസ് എന്ന കഥാപാത്രമായി എത്തുന്ന സിനിമ തിയേറ്ററിലെത്താന്‍ ഇനി ആഴ്ചകള്‍ മാത്രമേ ബാക്കിയുള്ളൂ.

എന്നാല്‍ ചിത്രത്തിന്റെ ഒരു ടീസറോ ട്രെയ്‌ലറോ പോലും ഇതുവരെ പുറത്തുവന്നിട്ടില്ല. മാത്രവുമല്ല ടര്‍ബോയുടെ അണിയറപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് യാതൊരു പ്രൊമോഷനും ഇതുവരെ വന്നിട്ടുമില്ല. കുറച്ച് പോസ്റ്ററുകള്‍ മാത്രമാണ് ചിത്രത്തിന്റേതായി ഇതുവരെ വന്നിട്ടുള്ളത്.

വലിയ ബജറ്റിലെത്തുന്ന ചിത്രത്തിന് ടീസറോ ട്രെയ്‌ലറോ മറ്റ് പ്രൊമോഷനോയൊന്നും തന്നെയില്ലാത്തതിനാല്‍ ആരാധകരില്‍ ഭൂരിഭാഗം പേരും അസ്വസ്ഥരായിരുന്നു. അതുകൊണ്ട് തന്നെ സംവിധായകന്റെ പോസ്റ്റിന് താഴെയും മറ്റും ആരാധകര്‍ ചിത്രത്തിന്റെ ടീസറോ ട്രെയ്‌ലറും മറ്റും ആവശ്യപ്പെട്ട് കമന്റുകളിടുന്നത് പതിവ് കാഴ്ച്ചയാണ്.

ഇപ്പോള്‍ ടര്‍ബോയുടെ ട്രെയ്‌ലര്‍ റിലീസ് ചെയ്യുകയാണെന്ന് മമ്മൂട്ടി തന്നെ അറിയിച്ചിരിക്കുകയാണ്. മെയ് 12ന് ദുബായിലെ സിലിക്കണ്‍ സെന്‍ട്രല്‍ മാളില്‍ വെച്ചാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ച് നടക്കുക. മമ്മൂട്ടി ആരാധകര്‍ക്ക് ഏറെ സന്തോഷമുള്ള വാര്‍ത്ത തന്നെയാണിത്.

‘പോക്കിരിരാജ’, ‘മധുരരാജ’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന ‘ടര്‍ബോ’ മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മിക്കുന്ന അഞ്ചാമത്തെ സിനിമയാണ്. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുന്ന ഈ ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങള്‍ കന്നഡ താരം രാജ് ബി. ഷെട്ടിയും തെലുങ്ക് നടന്‍ സുനിലുമാണ് അഭിനയിക്കുന്നത്.

കഴിഞ്ഞ ദിവസമായിരുന്നു ജനപ്രീതിയുടെ അടിസ്ഥാനത്തില്‍ ഐ.എം.ഡി.ബിയിലെ മോസ്റ്റ് ആന്റിസിപ്പേഡ് ഇന്ത്യന്‍ മൂവീസിലെ രണ്ടാംസ്ഥാനം ടര്‍ബോ സ്വന്തമാക്കിയത്. ഉലകനായകന്‍ കമല്‍ഹാസന്റെ ‘ഇന്ത്യന്‍ 2’, രാജ്കുമാര്‍ റാവുവിന്റെ ‘ശ്രീകാന്ത്’ തുടങ്ങിയ ചിത്രങ്ങളെ പിന്നിലാക്കിയാണ് ‘ടര്‍ബോ’ രണ്ടാംസ്ഥാനം കരസ്ഥമാക്കിയിരുന്നത്.

Content Highlight: Turbo Movie Trailer Launch On 12th May