നാലിടങ്ങളില്‍ ഇ.വി.എമ്മും വിവി പാറ്റുകളും തമ്മില്‍ പൊരുത്തക്കേടുണ്ടെന്ന് വെളിപ്പെടുത്തി ഗുജറാത്ത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍
Gujrath Election
നാലിടങ്ങളില്‍ ഇ.വി.എമ്മും വിവി പാറ്റുകളും തമ്മില്‍ പൊരുത്തക്കേടുണ്ടെന്ന് വെളിപ്പെടുത്തി ഗുജറാത്ത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 20th December 2017, 9:39 am

അഹമ്മദാബാദ്: തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച വോട്ടിംഗ് മെഷീനുകള്‍ക്ക് തകരാര്‍
തകരാറുണ്ടായിരുന്നതായുള്ള ഗുജറാത്ത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ പ്രസ്താവന വിവാദമാകുന്നു. സംസ്ഥാനത്തെ തെരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടിംഗ് മെഷീനുകളെപ്പറ്റി വ്യാപക പരാതിയുയര്‍ന്നിരുന്നു. എന്നാല്‍ മെഷീനുകള്‍ക്കും അതില്‍ ഉപയോഗിച്ചിരുന്ന വിവിപാറ്റുകള്‍ക്കും യാതൊരു തകരാറുമുണ്ടായിരുന്നില്ലയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷണറായ ബി.ബി സ്വവെയ്ന്‍ ആദ്യം പറഞ്ഞിരുന്നത്.

പിന്നീട് പിടിഐ ക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് 4 ബൂത്തുകളിലെ വോട്ടിംഗ് മെഷീനുകള്‍ക്ക് തകരാര്‍ ഉണ്ടായിരുന്നതായി ഉള്ള വെളിപ്പെടുത്തല്‍ നടത്തിയത്. വാഗ്ര, ദ്വാരക, അങ്കലേശ്വര്‍, ഭവനഗര്‍ എന്നീ ബൂത്തുകളിലെ വോട്ടിംഗ് മെഷീനുകള്‍ക്കാണ് തകരാറുണ്ടായത് എന്നാണ് അദ്ദേഹം പറഞ്ഞത്.
വോട്ടിംഗ് മെഷീനുകളിലെ തകരാറുകളെപ്പറ്റി നേരത്തേ പരാതി ഉയര്‍ന്നിരുന്നു.പട്ടിദാര്‍ നേതാക്കളായ ഹര്‍ദ്ദിക് പട്ടേല്‍, സഞ്ജയ് നിരുപമം എന്നിവര്‍ നേരത്തേ ഈ ക്രമക്കേടിനെതിരെ രംഗത്തെത്തിയിരുന്നു.

ചില ബൂത്തുകളില്‍ ബി.ജെ.പി യെ സഹായിക്കുന്ന രീതിയില്‍ വോട്ടിംഗ് മെഷീനുകളില്‍ അട്ടിമറി നടന്നിട്ടുണ്ടെന്നാണ് സ്വെയ്ന്‍ അഭിപ്രായപ്പെട്ടത്.
വോട്ടിംഗ് മെഷീനുകളിലെ ക്രമക്കേട് മൂലം 6 ലക്ഷത്തോളം വരുന്ന വോട്ടുകളാണ് ക്രമക്കേടിലൂടെ അട്ടിമറിക്കപ്പെട്ടതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. തൊണ്ണൂറ്റിയൊമ്പത് സീറ്റുകള്‍ നേടികൊണ്ടാണ് ബിജെപി ഗുജറാത്തില്‍ വീണ്ടും ഭരണത്തിലെത്തിയത്. കൃത്യം 16 സീറ്റുകളുടെ വ്യത്യാസത്തിലാണ് വീണ്ടും ബിജെപി നേതൃത്വം അധികാരം പിടിച്ചെടുത്തത്. തെരഞ്ഞെടുപ്പ് സമയത്തുതന്നെയുണ്ടായ വോട്ടിംഗ് മെഷീന്‍ ക്രമക്കേടുകള്‍ മനപ്പൂര്‍വ്വം സൃഷ്ടിച്ചതാകാമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷണറുടെ പ്രസ്താവന സൂചിപ്പിക്കുന്നതെന്നാണ് പ്രതിപക്ഷ കക്ഷികളടക്കമുള്ളവര്‍ അഭിപ്രായപ്പെട്ടത്.