Advertisement
world
ഇന്ത്യയുമായുള്ള നയതന്ത്രബന്ധം ട്രംപ് അവഗണിച്ചു: ബന്ധം ശക്തിപ്പെടുത്താന്‍ മോദിക്ക് ആഗ്രഹമെന്നും മുന്‍ അമേരിക്കന്‍ നയതന്ത്രജ്ഞന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Sep 05, 06:17 am
Wednesday, 5th September 2018, 11:47 am

വാഷിംഗ്ടണ്‍: ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം ട്രംപ് അവഗണിച്ചിട്ടുള്ളതായി മുന്‍ അമേരിക്കന്‍ നയതന്ത്രജ്ഞന്‍. മുന്‍ പ്രസിഡന്റുമാരായ ജോര്‍ജ് ബുഷിനെയും ബറാക്ക് ഒബാമയെയും പോലെയല്ല ട്രംപിന് ഇന്ത്യയോടുള്ള നിലപാടെന്നും, രാജ്യവുമായുള്ള നിര്‍ണായക ബന്ധത്തെ ഉപേക്ഷയോടെയാണ് ട്രംപ് നോക്കിക്കാണുന്നതെന്നും മുന്‍ ഉദ്യോഗസ്ഥന്‍ പറയുന്നു. നാളെ ദല്‍ഹിയില്‍ ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ തമ്മിലുള്ള ചര്‍ച്ച നടക്കാനിരിക്കെയാണ് വെളിപ്പെടുത്തല്‍.

ഇരു രാജ്യങ്ങളുടെയും ബന്ധത്തിന്റെ ഭാവി വളരെ ശോഭനമാണെന്നും, എന്നാല്‍ അമേരിക്ക ഇന്ത്യയുമായുള്ള ബന്ധത്തിന് പ്രാധാന്യം കല്‍പിക്കേണ്ടതുണ്ടെന്നും ഇന്ത്യയിലെ മുന്‍ യു.എസ്. അംബാസഡറായ ടിം റീമര്‍ പറയുന്നു. ഫോറിന്‍ പോളിസി മാസികയിലെഴുതിയ കുറിപ്പിലാണ് റീമറുടെ പ്രസ്താവന.

ഇന്ത്യയുമായുള്ള ബന്ധത്തിന്റെ ആഴം വര്‍ദ്ധിപ്പിക്കാനും പരസ്പര വിശ്വാസം മുന്നോട്ടു കൊണ്ടുപോകാനും അമേരിക്ക സമയം മാറ്റിവയ്ക്കുകയും പരിശ്രമിക്കുകയും ചെയ്യണമെന്നും റീമര്‍ ഉപദേശിക്കുന്നുണ്ട്. ഇരു കൂട്ടര്‍ക്കും ഗുണകരമായിരിക്കുമെന്നുറപ്പുണ്ടായിട്ടും ഇന്ത്യ-അമേരിക്ക ബന്ധം സുഗമമായി മുന്നോട്ടു പോകുന്നില്ല എന്നത് ട്രംപ് ഭരണകൂടം അതിനെ എത്ര വിലകുറച്ചാണ് കാണുന്നതെന്നതിന്റെ തെളിവാണെന്നും കുറിപ്പില്‍ പറയുന്നു.

 

Also Read: എക്‌സിറ്റ് വിസ സമ്പ്രദായം എടുത്തുമാറ്റി ഖത്തര്‍

 

“ഈ നയതന്ത്ര ബന്ധത്തെ അമേരിക്ക തഴയുകയും, എന്നാല്‍ ഇന്ത്യ അതിനെ വളരെ പ്രാധാന്യമര്‍ഹിക്കുന്നതായി കാണുകയുമാണ്. അമേരിക്കയുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ പ്രധാനമന്ത്രി മോദിക്കുള്ള താല്‍പര്യം അദ്ദേഹത്തിന്റെ രാഷ്ട്രീയ, വിദേശകാര്യ നയങ്ങളില്‍ നിന്നും വ്യക്തമാണ്.”

യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം നല്‍കണമെന്നു വാദിച്ച അംഗരാജ്യമാണ് അമേരിക്കയെന്നതും മോദി പരിഗണിക്കുന്നുണ്ട്. ഇ-കൊമേഴ്‌സ് രംഗത്തെ മികവിനായി സഹായിക്കുന്ന സൈബര്‍ സുരക്ഷാ സഹകരണങ്ങളും അദ്ദേഹം കണക്കിലെടുക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ-അമേരിക്ക ബന്ധത്തില്‍ ഇന്ത്യയ്ക്കുള്ള പ്രത്യേക ശ്രദ്ധയെക്കുറിച്ച് റീമര്‍ പറയുമ്പോഴും, രാജ്യം ഈ വിഷയത്തില്‍ പുനര്‍വിചിന്തനം നടത്തുന്ന ഘട്ടത്തിലാണുള്ളതെന്ന് ഗവേഷകരായ അത്മാന്‍ ത്രിവേദിയും അപര്‍ണ പാണ്ഡേയും പറയുന്നു.

“ഇന്ത്യയ്ക്ക് അമേരിക്കയുമായുള്ള ബന്ധത്തില്‍ ആശങ്കകള്‍ ഉടലെടുത്തു തുടങ്ങുകയാണ്. ട്രംപിന്റെ സാമ്പത്തിക ദേശീയതയും വൈറ്റ് ഹൗസിന്റെ വിശ്വാസയോഗ്യയില്ലായ്മയും തന്നെയാണ് കാരണം.” ഇവര്‍ വിശദീകരിക്കുന്നു.