ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാനെ ട്രംപ് സംരക്ഷിച്ചുവെന്ന് വെളിപ്പെടുത്തല്‍
Jamal Khashoggi Murder
ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാനെ ട്രംപ് സംരക്ഷിച്ചുവെന്ന് വെളിപ്പെടുത്തല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 12th September 2020, 8:39 am

വാഷിംഗ്ടണ്‍: മാധ്യമപ്രവര്‍ത്തകനായ ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകത്തില്‍ സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് സംരക്ഷിച്ചുവെന്ന് വെളിപ്പെടുത്തല്‍. ഒരു അഭിമുഖത്തില്‍ ട്രംപ് തന്നെ ഇക്കാര്യം പറഞ്ഞിരുന്നതായാണ് റിപ്പോര്‍ട്ട്.

പ്രശ്‌സത മാധ്യമപ്രവര്‍ത്തകന്‍ ബോബ് വുഡ്വാര്‍ഡുമായി നടത്തിയ 18 അഭിമുഖങ്ങളിലൊന്നില്‍, സൗദി കോണ്‍സുലേറ്റിനുള്ളില്‍ നടന്ന ഖഷോഗ്ജിയുടെ കൊലപാതകത്തില്‍ ട്രംപ് മുഹമ്മദ് ബിന്‍ സല്‍മാനെ ന്യായീകരിക്കുകയായിരുന്നു.

വുഡ് വാര്‍ഡിന്റെ ഏറ്റവും പുതിയ പുസ്തകമായ റേജിലാണ് ഈ വെളിപ്പെടുത്തലുള്ളത്. ‘ഞാന്‍ അവനെ രക്ഷിച്ചു’ എന്നായിരുന്നു ട്രംപിന്റെ പരാമര്‍ശം.


യു.എസ് കോണ്‍ഗ്രസില്‍ മുഹമ്മദ് ബിന്‍ സല്‍മാനെതിരായുണ്ടായ പ്രതിഷേധത്തില്‍ അദ്ദേഹത്തിനെ വെറുതെ വിടാന്‍ ഇടപെട്ടെന്നും, അവരുടെ പ്രതിഷേധം അവസാനിപ്പിച്ചെന്നും ട്രംപ് പറഞ്ഞതായി പുസ്തകം പറയുന്നു.

അദ്ദേഹത്തിനെതിരെയുള്ള വിമര്‍ശനങ്ങളെ തടയിടാന്‍ തനിക്കായെന്നും ട്രംപ് വീമ്പിളക്കിയെന്ന് പുസ്തകത്തില്‍ പറയുന്നു.

യു.എസ് തെരഞ്ഞെടുപ്പില്‍ ഇടപെട്ടിരുന്നുവെന്ന ആരോപണങ്ങള്‍ റഷ്യന്‍ പ്രസിഡണ്ട് വ്ളാദിമര്‍ പുതിനുമായി 2018 ല്‍ നടത്തിയ കൂടിക്കാഴ്ചയില്‍ തന്നെ തള്ളിപ്പറഞ്ഞതായും ട്രംപ് അഭിമുഖത്തില്‍ പറഞ്ഞതായി വുഡ് വാര്‍ഡ് പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ടെന്ന് ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സൗദി പൗരനും, യു.എസില്‍ സ്ഥിരതാമസക്കാരനുമായിരുന്ന സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജി സൗദി അറേബ്യയുടെ തുര്‍ക്കി ഇസ്തംബുളിലെ കോണ്‍സുലേറ്റില്‍ കൊല്ലപ്പെട്ടുവെന്ന വിവരം മൂന്നാഴ്ചത്തെ മൗനത്തിനു ശേഷമായിരുന്നു സൗദി സമ്മതിച്ചത്. ട്രംപ് ഇക്കാര്യത്തില്‍ കരുതലോടെയും സംയമനത്തോടെയുമാണ് തുടക്കം മുതല്‍ സംസാരിച്ചിരുന്നത്.

ഖഷോഗ്ജിയുടെ കൊലപാതകം അമേരിക്കന്‍ നിയമനിര്‍മ്മാതാക്കളില്‍ കോളിളക്കമുണ്ടാക്കിയെങ്കിലും ട്രംപ് ഭരണകൂടം സൗദി അറേബ്യയ്ക്കൊപ്പം നില്‍ക്കുകയായിരുന്നു.

സൗദി അറേബ്യയുടെ വിശദീകരണം സ്വീകാര്യവും തൃപ്തികരവുമാണെന്നും, കൊലപാതകത്തില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് പങ്കില്ലെന്നും അദ്ദേഹം നേരത്തേ വ്യക്തമാക്കിയിരുന്നു. ഖഷോഗ്ജി വധം യു.എസ്-സൗദി ബന്ധത്തെ ബാധിക്കാതിരിക്കാനുള്ള ശ്രദ്ധേയമായ കരുതല്‍ ഇരുരാജ്യങ്ങളും നടത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Trump Boasted Of Saving Saudi Prince Over Jamal Khashoggi Killing