തിയേറ്ററില്‍ പ്രകമ്പനങ്ങളുണ്ടാക്കുന്ന ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഒ.ടി.ടിയില്‍ റിലീസ് ചെയ്യുന്നതോടെ ട്രോളന്മാരുടെ വലയിലാവുന്നത് ഇപ്പോള്‍ പതിവാണ്. ചിത്രത്തിലെ ഓരോ രംഗങ്ങളും ഇഴകീറി പരിശോധിച്ച് സോഷ്യല്‍ മീഡിയ മൈന്യൂട്ട് മിസ്‌റ്റേക്കുകളും ഡയറക്ടര്‍ സ്വപ്‌നത്തില്‍ പോലും കാണാത്ത ബ്രില്ല്യന്‍സുകളും കണ്ടെത്താറുണ്ട്.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കെ.ജി.എഫ് ചാപ്റ്റര്‍ 2, ആര്‍.ആര്‍.ആര്‍ സീസണാണ്. മെയ് 27ന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത കെ.ജി.എഫും റോക്കി ഭായിയും എയറില്‍ കയറി കഴിഞ്ഞു. മെയ് 20ന് നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്ത ആര്‍.ആര്‍.ആറും ഒപ്പമുണ്ട്.
ഇതില്‍ ആര്‍.ആര്‍.ആറിലെ രാം ചരണിന്റെ ഇന്‍ട്രോ സീനാണ് ഇപ്പോള്‍ താരം. പതിനായിരക്കണക്കിന് ആളുകളെ ഇടിച്ച് പറത്തി വരുന്ന പൊലീസ് ഓഫീസറായ രാം ചരണിന്റെ ഇന്‍ട്രോ സീന്‍ കണ്ട് സീനിയര്‍ ഓഫീസര്‍ സഹപ്രവര്‍ത്തകനോട് ഹീ സ്‌കേര്‍സ് മീ മോര്‍( he scares me more) എന്ന് പറയുന്ന രംഗമുണ്ട്.
ഈ രംഗത്തില്‍ നിന്നും രാം ചരണിനെ വെട്ടി മാറ്റി മോളിവുഡ് താരങ്ങളെ പകരം കേറ്റി വെക്കുകയാണ് ട്രോളന്മാര്‍. പൊലീസുകാരെ വിറപ്പിച്ചവരില്‍ മനു അങ്കിളിലെ മിന്നല്‍ പ്രതാപനും, ഇന്‍സ്‌പെക്ടര്‍ ബല്‍റാമും, മുംബൈ പൊലീസിലെ ആന്റണി മോസസും, ബാബ കല്യാണിയും എന്തിന് കോളിവുഡിലെ ജില്ല സിനിമയില്‍ നിന്നും ശക്തി വരെയുണ്ട്.
ബാഹുബലി 2നു ശേഷം രാജമൗലിയുടെ സംവിധാനത്തിലെത്തിയ ചിത്രം എന്ന നിലയില്‍ വന്‍ പ്രീ റിലീസ് ഹൈപ്പ് ലഭിച്ച ചിത്രമായിരുന്നു ആര്‍.ആര്‍.ആര്‍. ബാഹുബലി 2നോളം വലിയ വിജയമായില്ലെങ്കിലും കൊവിഡിനു ശേഷം ഒരു ഇന്ത്യന്‍ സിനിമ നേടുന്ന അഭിമാനാര്‍ഹമായ ബോക്‌സ് ഓഫീസ് വിജയമാണ് ആര്‍.ആര്‍.ആര്‍ നേടിയെടുത്തത്.
550 കോടി മുതല്‍മുടക്കുള്ള ചിത്രം കളക്ഷനില്‍ 1100 കോടി പിന്നിട്ടിട്ടുണ്ട്. തെന്നിന്ത്യന്‍ ബിഗ് റിലീസുകളുടെ ഹിന്ദി പതിപ്പുകള്‍ മികച്ച വിജയം നേടുന്ന ട്രെന്‍ഡിന് തുടര്‍ച്ചയായിരുന്നു ഈ ചിത്രവും.
Content Highlight: trolls trending on social media replacing mollywood police characters instead of ramcharan from rrr movie