Advertisement
Entertainment
എനിക്ക് കഷ്ടപ്പാടിന്റെ കഥ പറയാനില്ല; സുകുമാരി ചേച്ചി എന്നെ പ്രൊഫസര്‍ എന്നാണ് വിളിച്ച് കൊണ്ടിരുന്നത്: ജഗദീഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 15, 07:54 am
Tuesday, 15th April 2025, 1:24 pm

 

1984ല്‍ പുറത്തിറങ്ങിയ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ചിത്രത്തിലൂടെ തന്റെ സിനിമാ കരിയര്‍ ആരംഭിച്ച നടനാണ് ജഗദീഷ്. ഹാസ്യ നടനായും സ്വഭാവനടനായും മികച്ച സിനിമകളുടെ ഭാഗമാകാന്‍ ജഗദീഷിന് കഴിഞ്ഞിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി, മാര്‍ക്കോ എന്നീ സിനിമകളിലെ വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയില്‍ എത്തുന്നതിന് മുമ്പ് അദ്ദേഹം ഒരു കോളേജ് പ്രൊഫസറും കൂടെയായിരുന്നു.

ഇപ്പോള്‍ ആളുകള്‍ കംഫര്‍ട് സോണ്‍ എന്ന് കരുതുന്ന മേഖലകളില്‍ നിന്ന് സിനിമ പോലൊരു മേഖലയിലേക്ക് വരുമ്പോള്‍ എങ്ങനെയാണ് കംഫര്‍ട് സോണ്‍ ബ്രേക് ചെയ്ത് വന്നിരുന്നത് എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് ജഗദീഷ്.

അധികം കഷ്ടപ്പാടുകള്‍ അനുഭവിച്ച് സിനിമയില്‍ വന്നയാളല്ല താനെന്നും ഒരുപാട് നടന്മാര്‍ക്ക് അത്തരത്തിലുള്ള കഥകള്‍ പറയാനുണ്ടെന്നും എന്നാല്‍ തനിക്ക് അങ്ങനെയല്ലെന്നും ജഗദീഷ് പറയുന്നു. ക്യാമ്പസ് കാലത്ത് കലാകാരനെന്ന രീതിയില്‍ അറിയപ്പെടുന്ന ഒരു വ്യക്തിയായിരുന്നു താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അധ്യാപകനെന്ന പരിഗണന തനിക്ക് സിനിമയില്‍ എപ്പോഴും കിട്ടിയിരുന്നുവെന്നും സുകുമാരി തന്നെ പ്രൊഫസര്‍ എന്നാണ് വിളിച്ചു കൊണ്ടിരുന്നതെന്നും ജഗദീഷ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസില്‍ സംസാരിക്കുകയായിരുന്നു ജഗദീഷ്.

‘ഞാന്‍ അധികം ബുദ്ധിമുട്ടിയല്ല സിനിമാരംഗത്തേക്ക് വന്നത്. കഷ്ടപ്പാടിന്റെ കഥകള്‍ ഒരുപാട് നടന്മാര്‍ക്ക് പറയാനുണ്ട്. എനിക്ക് അങ്ങനെയൊരു കഥ പറയാന്‍ ഇല്ല. മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന സിനിമയ്ക്ക് ആദ്യം തന്നെ എനിക്ക് ക്ഷണം ലഭിക്കുകയായിരുന്നു. കോളജ് ക്യാമ്പസുകളിലും മറ്റും കലാരംഗത്ത് എന്റ സാന്നിധ്യം അറിയിച്ചത് കൊണ്ടും, ആകാശവാണിയില്‍ കുറെ പരിപാടികള്‍ അവതരിപ്പിച്ചത് കൊണ്ടും തിരുവനന്തുരത്ത് അത്യാവശ്യം അറിയപ്പെടുന്ന കലാകാരനായ ഒരു വിദ്യാര്‍ത്ഥിയായിരുന്നു ഞാന്‍.

അത് കൊണ്ട് തന്നെ കൂടുതല്‍ കഷ്ടപ്പാടുകളൊന്നും ഞാന്‍ അനുഭവിച്ചിട്ടില്ല. അധ്യാപകന്‍ എന്ന പരിഗണന എല്ലാ കാലത്തും കിട്ടിയിട്ടുണ്ട്. സുകുമാരി ചേച്ചിയെന്നെ പ്രൊഫസര്‍ എന്നാണ് അന്നും ഇന്നും എന്നും വിളിച്ചിട്ടുള്ളത്. അത് എനിക്ക് വളരെ സന്തോഷം തരുന്ന കാര്യമാണ്. ഒരു അധ്യാപകനാണോ നടനാണോ കൂടുതന്‍ ഇഷ്ടമെന്ന് ചോദിച്ചാല്‍ അധ്യാപക നടന്‍ എന്ന രീതിയാണ് എനിക്ക് ഏറ്റവും കൂടുതല്‍ ഇഷ്ടം,’ ജഗദീഷ് പറയുന്നു.

Content Highlight:  Jagadish talks  about how was the experience in cinema after came from a profession like teaching