Advertisement
Entertainment
സുരേഷ് ഗോപിക്കും ഗോവിന്ദൻ മാഷിനും സാമ്യതയുണ്ട്; ട്രോളി ജഗദീഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 15, 06:40 am
Tuesday, 15th April 2025, 12:10 pm

സുരേഷ് ഗോപിയും എം.വി ഗോവിന്ദനും തമ്മിൽ സാമ്യതകളുണ്ടെന്ന് പറയുകയാണ് നടൻ ജഗദീഷ്. എം.വി ഗോവിന്ദൻ ഒരുപാട് കടുകട്ടി വാക്കുകൾ ഉപയോഗിക്കുമെന്നും ചിലതൊന്നും തനിക്ക് മനസിലായിട്ടില്ലെന്നും ജഗദീഷ് പറയുന്നു.

സുരേഷ് ഗോപിയും ഒരുപാട് വാക്കുകൾ ഉപയോഗിക്കുമെന്നും എന്നാൽ അതെന്താണെന്ന് തനിക്ക് മനസിലായിട്ടില്ലെന്നും ഒന്നും മനസിലാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ജഗദീഷ്.

‘എൻ്റെ ഒരു നിരീക്ഷണത്തിൽ സുരേഷ് ഗോപിയും എം.വി ഗോവിന്ദൻ സഖാവും തമ്മിൽ ഒരു സാമ്യതയുണ്ട്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിനെ കുറിച്ച് ഗോവിന്ദൻ മാഷിനോട് ഒരു ചോദ്യം ചോദിച്ചുവെന്നിരിക്കട്ടെ, അദ്ദേഹത്തിൻ്റെ മറുപടി ‘ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് വന്നു കഴിഞ്ഞാൽ, ഇവിടെ മുതലാളിത്തത്തിൻ്റെ ഉത്പന്നം വാങ്ങുന്നത് ആരാണ്? തൊഴിലാളികൾ. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് വന്നുകഴിഞ്ഞാൽ ഇവിടെ ഒരു 40 ശതമാനം അല്ലെങ്കിൽ 60 ശതമാനം തൊഴിലാളികൾക്ക് അവസരങ്ങൾ കുറയും. അപ്പോൾ മുതലാളിമാരുടെ ഉത്പന്നം വാങ്ങുന്ന തൊഴിലാളികളുടെ എണ്ണവും കുറയും. അതുകൊണ്ട് നഷ്ടം സംഭവിക്കുന്നത് മുതലാളിമാർക്ക് ആയിരിക്കും. അങ്ങനെ സോഷ്യലിസം വരും’ അതെന്താണെന്ന് എനിക്ക് ഇതുവരെയും മനസിലായിട്ടില്ല. അദ്ദേഹം ഒരുപാട് കടുകട്ടി വാക്കുകൾ ഉപയോഗിക്കും.

ഇനി അതേപോലെ സുരേഷ് ഗോപി പറയുന്ന പലകാര്യങ്ങളും എനിക്ക് മനസിലാകുന്നില്ല. ആശവർക്കർമാരുടെ സമരത്തെ കുറിച്ച് സുരേഷ് ഗോപിയോട് ചോദിച്ചാൽ അദ്ദേഹം പറയുന്നത്, ‘ആശാവർക്കർമാരുടെ സമരം അടിസ്ഥാനപരമായ വൈഷ്യമങ്ങളിലൂടെ ജീവിതത്തിൽ ഉടക്കി ഉഴലുന്ന ചില പ്രത്യയശാസ്ത്രപരമായ ചില അചഞ്ചലമായ രൂപകല്പനകൾ ഉണ്ടാക്കുന്നതിൻ്റെ ഇമേജുകളാണ് ഓരോ സമരങ്ങളും സമര പ്രത്യാഘാതങ്ങളും’ എന്നൊക്കെ ആയിരിക്കും. എന്ത് മനസിലായി? ഒന്നും മനസിലായില്ല,’ ജഗദീഷ് പറയുന്നു.

Content Highlight: Jagadish Talks About Suresh Gopi