എല്ലാ നാട്ടിലും സ്വീകരണം കൊടുത്തു, പക്ഷേ ഞങ്ങള്‍ മാത്രം ഒറ്റപ്പെട്ടു; പ്രതിഷേധവുമായി സീസനും ലിജോയും
Santhosh Trophy
എല്ലാ നാട്ടിലും സ്വീകരണം കൊടുത്തു, പക്ഷേ ഞങ്ങള്‍ മാത്രം ഒറ്റപ്പെട്ടു; പ്രതിഷേധവുമായി സീസനും ലിജോയും
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 4th April 2018, 6:23 pm

തിരുവനന്തപുരം: സന്തോഷ് ട്രോഫി കിരീട നേട്ടത്തിന് ശേഷം സ്വന്തം നാട്ടിലെത്തിയ ടീം വൈസ് ക്യാപ്റ്റന്‍ സീസനെയും ലിജോയെയും അവഗണിച്ച സംഭവത്തില്‍ പ്രതികരണവുമായി താരങ്ങള്‍. ഒരാളെങ്കിലും സ്വീകരിക്കാനുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്നും അവഗണിക്കപ്പെട്ടതില്‍ അതിയായ സങ്കടമുണ്ടെന്നും കേരളത്തിന്റെ സന്തോഷ് ട്രോഫി ടീമംഗങ്ങളായ സീസനും ലിജോയും വ്യക്തമാക്കി. വഴിയാത്രക്കാരെ പോലെ റോഡില്‍ നില്‍ക്കുന്ന കേരള ടീം വൈസ് ക്യാപ്റ്റന്‍ സീസന്റേയും ലിജോയുടെയും ചിത്രം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. അതിന് പിന്നാലെയാണ് പ്രതികരണവുമായി താരങ്ങള്‍ രംഗത്തെത്തിയത്.

“നാല് കൊല്ലമായി കളിക്കുന്നു. മൂന്നു കൊല്ലം കളിച്ചപ്പോള്‍ ഒന്നും നേടാനായില്ല. അപ്പോള്‍ അത് ആരും അറിയുകയുമില്ല. എന്നാല്‍ നാലാമെത്ത കൊല്ലം കപ്പടിച്ചിട്ടാണ് വരുന്നത്. കപ്പടിച്ചുവരുമ്പോഴാണ് അതിന്റെ വില മനസ്സിലാകുന്നത്. എല്ലാ നാട്ടിലും സ്വീകരണം കൊടുത്തു. പക്ഷേ ഞങ്ങള്‍ മാത്രം ഒറ്റപ്പെട്ടു” ലിജോ പറഞ്ഞു.


Read Also : ‘ഇതാ ഫുട്ബാള്‍ ചരിത്രത്തിലെ ഏറ്റവും മനോഹരമായ ഗോള്‍’; യുവന്റസിനെതിരെ റൊണാള്‍ഡോയുടെ അത്ഭുത ഗോള്‍, റയലിന് തകര്‍പ്പന്‍ ജയം (വീഡിയോ)

ആ പോസ്റ്റ് സത്യമാണ്. പക്ഷേ ഞങ്ങള്‍ അറിഞ്ഞിട്ടല്ല അതിട്ടത്. പോസ്റ്റ് വന്ന ശേഷമാണ് കാണുന്നത്. ഞങ്ങള്‍ തിരുവനന്തപുരത്ത് വന്നിറങ്ങിയപ്പോള്‍ അസോസിയേഷനില്‍ നിന്നോ മറ്റോ ആരും വിളിച്ചില്ല. എത്ര മണിക്ക് വരുമെന്നു പോലും ആരും വിളിച്ച് ചോദിച്ചില്ല. തുടര്‍ന്ന് നാട്ടിലെ ചേട്ടനെ വിളിച്ച് പറഞ്ഞപ്പോള്‍ അദ്ദേഹം കൂട്ടാന്‍ വരികയായിരുന്നു. അദ്ദേഹം വണ്ടിയുമായി വരുമ്പോള്‍ എടുത്ത ഫോട്ടോയാണ് ഫെയ്സ്ബുക്കിലെ പോസ്റ്റിലുള്ളത്. ഞങ്ങള്‍ ബാഗുംപിടിച്ച് നില്‍ക്കുന്നത് കണ്ട് സങ്കടം തോന്നിയിട്ടാണ് അദ്ദേഹം ആ ഫോട്ടോയെടുത്തതും ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തതും. കേരളത്തിന്റെ വൈസ് ക്യാപ്റ്റനായ സീസന്‍ പറയുന്നു.

സ്വീകരണം ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. കാരണം കേരളത്തിന്റെ ലോകകപ്പായ സന്തോഷ് ട്രോഫി ജയിച്ചാണ് ഞങ്ങള്‍ വരുന്നത്. അപ്പോള്‍ സ്വീകരണമൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നത് സ്വാഭാവികമാണ്. ടീമിന്റെ വൈസ് ക്യാപ്റ്റനാണ് ഞാന്‍. എല്ലാ മത്സരങ്ങളും കളിച്ച ടീമിലെ സീനിയറായ ഡിഫന്‍ഡറാണ് ലിജോ. സന്തോഷ് ട്രോഫി ആദ്യമായി നേടി വന്ന താരങ്ങള്‍ക്കൊക്കെ സ്വീകരണം നല്‍കുന്നതു കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് സങ്കടം വന്നു. സീസന്‍ കൂട്ടിച്ചേര്‍ത്തു. ആ പോസ്റ്റ് കണ്ട് ഫുട്ബോളിനെ സ്നേഹിക്കുന്നവര്‍ക്ക് തന്നെ സങ്കടകമായെന്നും സീസന്‍ പറഞ്ഞു.

മിഥുന്‍ വെല്‍വെറ്റ് എന്നയാളാണ് ആദ്യമായി ആ ചിത്രം ഫേസ്ബുക്കിലിട്ടത്. ഇത് 2018 സന്തോഷ്ട്രോഫി നേടിയ കേരളടീമിന്റെ വൈസ് ക്യാപ്റ്റന്‍ സീസനും പ്രതിരോധ ഭടന്‍ ലിജോയും.നാട്ടില്‍ വന്നിറങ്ങുന്ന സമയത്തു സ്വീകരിക്കാന്‍ ഒരുപാട് പേര്‍ വന്നെത്തുമെന്ന മോഹവുമായി രണ്ടു ചെറുപ്പക്കാര്‍. പക്ഷെ, ആരും വന്നില്ല, റെയില്‍വേ സ്റ്റേഷനിലും ബസ്സ്റ്റാന്റിലും വഴിയോരങ്ങളിലും അവര്‍ തിരഞ്ഞുവത്രേ, ഒരു പ്രമുഖരെയും കണ്ടില്ല” എന്ന കുറിപ്പോടെയാണ് മിഥുന്‍ ചിത്രം പങ്കുവെച്ചത്. എന്നാല്‍ ഫുട്‌ബോള്‍ പ്രേമികളെ വേദനിപ്പിച്ച ആ ചിത്രം നിമിഷ നേരം കൊണ്ട് വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയും ചര്‍ച്ചയാവുകയും ചെയ്യുകയായിരുന്നു.