കൊല്‍ക്കത്ത: പശ്ചിമംബംഗാള്‍ തെരഞ്ഞെടുപ്പില്‍ അട്ടിമറി ആരോപണം ഉന്നയിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്ത്. വോട്ടര്‍മാരുടെ എണ്ണത്തിന് ആനുപാതികമായി പോളിംഗ് കാണിക്കുന്നില്ലെന്നും പലയിടത്തും ഇ.വി.എമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്നുമാണ് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിക്കുന്നത്.
തൃണമൂല്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തവര്‍ക്ക് വിവി പാറ്റില്‍ നിന്നും ലഭിക്കുന്നത് ബി.ജെ.പിയുടെ ചിഹ്നം അച്ചടിച്ച സ്ലിപ്പ് ആണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.
കാന്തി ദക്ഷിണ്‍ അസംബ്ലി മണ്ഡലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തവര്‍ക്കെല്ലാം വി.വി. പാറ്റില്‍ നിന്നും ബി.ജെ.പിയുടെ ചിഹ്നമടങ്ങിയ സ്ലിപ്പാണ് ലഭിക്കുന്നതെന്നും ഇത് വളരെ ഗുരുതരമായ വിഷയമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉടനടി നടപടി സ്വീകരിക്കണമെന്നും ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് പറഞ്ഞു. ഇലക്ഷന്‍ കമ്മീഷനെ ടാഗ് ചെയ്തുകൊണ്ടാണ് തൃണമൂല്‍ കോണ്‍ഗ്രസ് ഔദ്യോഗിക പേജില്‍ ഇക്കാര്യം അറിയിച്ചത്.
മറ്റൊരു ട്വീറ്റില്‍ കിഴക്കന്‍ മിഡ്‌നാപൂര്‍ ജില്ലയില്‍ നിന്നുള്ള വോട്ടിംഗ് പോളിംഗ് കണക്കുകള്‍ പങ്കുവെച്ചുകൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് ചിലചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്.
‘എന്താണ് സംഭവിക്കുന്നത്? കേവലം 5 മിനിറ്റിനുള്ളില്‍ വോട്ടിംഗ് ശതമാനം പകുതിയായി കുറയുന്നതായി കാണുന്നു. ഇത് എങ്ങനെയെന്ന് വിശദീകരിക്കാമോ? ഞെട്ടിക്കുന്ന കണക്കുകളാണ് ഇത്. അടിയന്തരമായി ഇത് പരിശോധിക്കണം, എന്നാണ് ട്വീറ്റിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.
മുഖ്യ ഇലക്ടറല്‍ ഓഫീസറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം തൃണമൂല്‍ നേതാവ് സുദീപ് ബന്ധോപാധ്യായ താന്‍ ചില ആശങ്കകള്‍ കമ്മീഷനുമായി പങ്കുവെച്ചതായി പറഞ്ഞിട്ടുണ്ട്.
ബൂത്ത് ഏജന്റുമാരെ നിയമിക്കുന്ന രീതി മാറ്റണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ഒരു മെമ്മോറാണ്ടം സമര്‍പ്പിച്ചിരുന്നു, അതില്‍ ബന്ധപ്പെട്ട ബൂത്തിലെ വോട്ടര്‍ ആയിരിക്കണം ബൂത്ത് ഏജന്റുമാര്‍ ആയി ഇരിക്കേണ്ടത് എന്നത് മാറ്റണമെന്നും പകരം ആര്‍ക്ക് വേണമെങ്കിലും ഏത് ബൂത്തിലും ഏജന്റ് ആകാനുള്ള അനുമതി നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടതായി അറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘പുതിയ സംവിധാനം ഞങ്ങള്‍ക്ക് സ്വീകാര്യമല്ല. അടുത്ത ഘട്ടത്തില്‍ പോളിംഗ് ഏജന്റ് ബന്ധപ്പെട്ട പോളിംഗ് ബൂത്തിലെ വോട്ടര്‍ തന്നെയായിരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം പരിശോധിക്കുമെന്ന് കമ്മീഷന്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം, 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 85.4 ശതമാനം പോളിംഗ് ശതമാനം രേഖപ്പെടുത്തിയ സംസ്ഥാനത്ത് ഉച്ചയ്ക്ക് 12 വരെ 36 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക