ഇന്റര്‍നെറ്റ് സമത്വം ലംഘിച്ചാല്‍ 50 ലക്ഷം രൂപവരെ പിഴ; ഫേസ്ബുക്കിന്റെ ഫ്രീ ബേസിക്കിനും എയര്‍ടെല്‍ സീറോവിനും തിരിച്ചടി
Daily News
ഇന്റര്‍നെറ്റ് സമത്വം ലംഘിച്ചാല്‍ 50 ലക്ഷം രൂപവരെ പിഴ; ഫേസ്ബുക്കിന്റെ ഫ്രീ ബേസിക്കിനും എയര്‍ടെല്‍ സീറോവിനും തിരിച്ചടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 8th February 2016, 8:20 pm

Trai

ന്യൂദല്‍ഹി: നെറ്റ് ന്യൂട്രാലിറ്റിക്ക് പിന്തുണയുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്). ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വ്യത്യസ്ത നിരക്ക് ഈടാക്കണമെന്ന ടെലികോം സേവന ദാതാക്കളുടെ ആവശ്യം ട്രായ് തള്ളി. ട്രായിയുടെ ഈ നിയമനിര്‍മ്മാണം റിലയന്‍സ് ഇന്ത്യയുമായി സഹകരിച്ച് ഫെയ്‌സ്ബുക്ക് ആവിഷ്‌കരിച്ച ഫ്രീബേസിക് എന്ന പദ്ധതിക്കും, എയര്‍ടെല്‍ സീറോവിനും തിരിച്ചടിയായിരിക്കുകയാണ്.

ഇന്റര്‍നെറ്റിലൂടെ ലഭ്യമാകുന്ന എല്ലാ ഉള്ളടക്കവും ഒരേ നിരക്കില്‍ ലഭ്യമാക്കണം. സൗജന്യമായി ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കാമെന്ന് സേവന ദാതാക്കള്‍ ആരുമായും കരാറിലേര്‍പ്പെടരുത്. അടിയന്തിര സാഹചര്യങ്ങളില്‍ വ്യത്യസ്ത നിരക്കുകള്‍ ഈടാക്കുന്നതിന് ഉപാധികളോടെ ട്രായ് അനുമതി നല്‍കിയിട്ടുണ്ട്. ഈ നിബന്ധന പാലിക്കാത്ത കമ്പനികള്‍ പ്രതിദിനം 50,000 രൂപ മുതല്‍ 50 ലക്ഷം വരെ പിഴ നല്‍കേണ്ടിവരും. തുടങ്ങിയ നിബന്ധനകളാണ് ട്രായ് നെറ്റ് ന്യൂട്രാലിറ്റി വിഷയത്തില്‍ മുന്നോട്ട് വെച്ചിരിക്കുന്നത്. ഇതു സംബന്ധിച്ചുള്ള ട്രായിയുടെ തീരുമാനം ഗസറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പൊതു ജനാഭിപ്രായം പരിഗണിച്ചാണ് ഈ നിലപാട് സ്വീകരിച്ചതെന്ന് ട്രായ് ചെയര്‍മാന്‍ ആര്‍.എസ് ശര്‍മ പറഞ്ഞു. ജനുവരി 21ന് വിഷയവുമായി ബന്ധപ്പെട്ട് ട്രായ് ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ഏകദേശം ഇരുപത് ലക്ഷത്തോളം ആളുകളാണ് നെറ്റ് ന്യൂട്രാലിറ്റിക്ക് അനുകൂലമായി വന്നത്.

സാധാരണക്കാര്‍ക്ക് ഇന്റര്‍നെറ്റ് സേവനം സൗജന്യമായി നല്‍കുന്ന പദ്ധതിയെന്ന പേരില്‍ കഴിഞ്ഞ വര്‍ഷമാണ് ഫേസ്ബുക്ക് ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗ് എന്ന പദ്ധതിയുമായി രംഗത്തെത്തുന്നത്. ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെയുള്ള ഏതാനും വെബ്‌സൈറ്റുകള്‍ മാത്രം സൗജന്യമായി ലഭിക്കുന്ന ഈ പദ്ധതയില്‍ മറ്റു വെബ്‌സൈറ്റുകള്‍ക്ക് ഉപഭോക്താക്കള്‍ പ്രത്യേകം പണം ചിലവഴിക്കേണ്ടി വരും.

വാട്‌സ്ആപ്പ്, സ്‌കൈപ്പ്, വൈബര്‍ തുടങ്ങിയ സേവനങ്ങള്‍ക്കാണ് ഇന്റര്‍നെറ്റ് ഡാറ്റാപ്ലാനിന് പുറമെ അധിക പണം ഈടാക്കാന്‍ കമ്പനികള്‍ തീരുമാനിച്ചിരുന്നത്.

നിലവില്‍ ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഉപഭോക്താക്കള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യം സേവന ദാതാക്കള്‍ മുന്നോട്ട് വെച്ച പദ്ധതിയില്‍ ഉണ്ടാകില്ല. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് രാജ്യവ്യാപകമായി ഉയര്‍ന്നിരുന്നത്. നെറ്റിലെ തുല്യതക്ക് വിരുദ്ധമാണ് ഫ്രീ ബേസിക്കിന്റെ നയങ്ങളെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ട്രായി ഇത് താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ട്രായിയുടെ പുതിയ നിയമനിര്‍മ്മാണം.