Movie Day
ആ സീന്‍ അദ്ദേഹം ചെയ്യുന്നത് കണ്ട് നോക്കി നിന്നുപോയി; ഫഹദും മമ്മൂക്കയും അത്ഭുതപ്പെടുത്തി:അഭിരാം രാധാകൃഷ്ണന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 14, 07:41 am
Friday, 14th March 2025, 1:11 pm

പെര്‍ഫോമന്‍സുകൊണ്ട് തന്നെ ഞെട്ടിച്ച ചിലരെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ അഭിരാം രാധാകൃഷ്ണന്‍.

സെക്കന്റുകള്‍ കൊണ്ട് ക്യാരക്ടറായി ഷിഫ്റ്റ് ചെയ്യാന്‍ കഴിയുന്ന ചില നടന്മാരെ കുറിച്ചാണ് ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അഭിരാം സംസാരിക്കുന്നത്.

നടന്മാരായ മമ്മൂട്ടി, ഫഹദ് ഫാസില്‍ എന്നിവരുടെ ക്യാരക്ടര്‍ ട്രാന്‍സ്ഫര്‍മേഷനെ കുറിച്ച് സംസാരിക്കുകയായിരുന്നു അഭിരാം.

‘ പെര്‍ഫോമന്‍സ് കണ്ട് ഞെട്ടിപ്പോയ ചിലരുണ്ട്. ഫഹദ് അങ്ങനെയൊരു ആളാണ്. ഞാന്‍ അസോസിയേറ്റ് ഡയറക്ടറായി വര്‍ക്ക് ചെയ്ത ഇരുള്‍ എന്ന സിനിമയില്‍ ഫഹദാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.

അതിന് മുന്‍പ് അഞ്ചു സുന്ദരികളൊക്കെ ഷൂട്ട് ചെയ്യുന്ന സമയത്തും നമ്മള്‍ ഇവരുടെ കൂടെയുണ്ട്. സുഹൃത്ത് എന്ന നിലയില്‍ ഇവരെ അറിയാം. പക്ഷേ ആക്ടര്‍ എന്ന നിലയില്‍ ഇരുള്‍ എന്ന സിനിമയില്‍ അദ്ദേഹവുമായി ക്ലോസ് ആയി വര്‍ക്ക് ചെയ്യാന്‍ പറ്റി.

അദ്ദേഹം അതിനെ കാണുന്ന രീതി, അതിലേക്ക് എത്തുന്ന ഡിവൈസ്. ഒരു പ്രത്യേക ആക്ഷനിലോട്ട് അദ്ദേഹം എത്തുന്നതിന് മുന്‍പുള്ള തോട്ട് പ്രോസസ്.

അത് ഡിസ്‌കസ് ചെയ്തിട്ട് വേറൊരു ഓപ്ഷനില്‍ അത് ചെയ്തു കാണിക്കുന്നത്. വേറെ എന്ന് പറഞ്ഞാല്‍ പൂര്‍ണമായും വേറെ തന്നെ ചെയ്തു കാണിക്കും.

എനിക്ക് അത്ഭുതം തോന്നിയിട്ടുണ്ട്. അതുപോലെ മമ്മൂക്കയുടെ കൂടെ അഭിനയിച്ചപ്പോള്‍ പെട്ടെന്ന് എങ്ങനെയാണ് ഇങ്ങനെ സ്യുച്ച് ആകാന്‍ കഴിയുന്നത് എന്ന് തോന്നിയിട്ടുണ്ട്.

അതുവരെ തമാശയൊക്കെ പറഞ്ഞ് നിന്നിരുന്ന ആള്‍ പെട്ടെന്ന് ഏതോ ഒരു ടണലിന്റെ അകത്തുകൂടിയൊക്കെ പോയിട്ട് വേറൊരാള്‍ ആയി മാറുന്നതുപോലെ തോന്നിയിട്ടുണ്ട്.

മറ്റൊരാള്‍ ഡയറക്ടര്‍ ലാല്‍ സാര്‍ ആണ്. ആസാദി എന്ന സിനിമ നമ്മള്‍ ചെയ്തിരുന്നു. അതിലൊരു രംഗത്തില്‍ ഞാന്‍ അത്ഭുതപ്പെട്ടുപോയി. അദ്ദേഹം ഒരു ഡയലോഗ് പറയുന്ന സീനില്‍ കണ്ണില്‍ നിന്നും രണ്ടിറ്റ് കണ്ണീര്‍ വീഴും.

ഇതേ സീന്‍ മറ്റൊരു ആംഗിളില്‍ ഷൂട്ട് ചെയ്തപ്പോള്‍ അതേ ഡയലോഗില്‍ അതേ പോര്‍ഷനില്‍ അതേ ടൈമിങ്ങില്‍ അദ്ദേഹത്തിന്റെ കണ്ണില്‍ നിന്നും കണ്ണുനീര്‍ വീണു.

ഞാന്‍ ഇങ്ങനെ നോക്കി നിന്നുപോയി. അദ്ദേഹത്തോട് എങ്ങനെ പറ്റുന്നു എന്ന് ചോദിക്കാന്‍ പറ്റില്ല. അത്രയും എക്‌സ്പീരിയന്‍സ് ഉണ്ടല്ലോ. അത്തരത്തില്‍ ഗ്ലിസറിനൊന്നും ഉപയോഗിക്കാതെ കരയുന്ന ഒരുപാട് പേരെ കുറിച്ച് കേട്ടിട്ടുണ്ട്.

ജയറാമേട്ടനൊക്കെ പറയുന്നത് കേട്ടിട്ടുണ്ട് അദ്ദേഹമൊന്നും ഗ്ലിസറില്‍ ഉപയോഗിക്കാറില്ലെന്ന്. ചിലപ്പോള്‍ പരിശീലനത്തിന്റെ ഭാഗമായി പറ്റുമായിരിക്കും,’ അഭിരാം പറയുന്നു.

Content Highlight: Actor Abhiram Radhakrishnan about Mammootty and Fahad