സനാ: ഇസ്രഈലിനെതിരെ വീണ്ടും നാവിക ഉപരോധം ഏര്‍പ്പെടുത്തി ഹൂത്തികള്‍. ഗസയിലേക്കുള്ള സഹായ തടസം നീക്കാന്‍ ഇസ്രഈലിന് ഹൂത്തികള്‍ നാല് ദിവസത്തെ സമയം നല്‍കിയിരുന്നു. എന്നാല്‍ നാല് ദിവസം പിന്നിട്ടിട്ടും അനുകൂലമായ നീക്കമുണ്ടാക്കതെ വന്നതോടെയാണ് ഇസ്രഈലിനെതിരെ ഹൂത്തികള്‍ വീണ്ടും ഉപരോധം ഏര്‍പ്പെടുത്തിയത്.
ചെങ്കടല്‍, അറബിക്കടല്‍, ബാബ് അല്‍മന്ദാബ് കടലിടുക്ക്, ഏദന്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ ഇസ്രഈല്‍ കപ്പലുകളെ ലക്ഷ്യമിടുമെന്ന് ഹൂത്തി വക്താവ് യഹ്യ സരി അറിയിച്ചു. ഗസയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ ഇസ്രഈലിനെതിരായ ഉപരോധം ഹൂത്തികള്‍ നിര്‍ത്തിവെച്ചിരുന്നു.
എന്നാല്‍ വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യഘട്ടം പൂര്‍ത്തിയായതോടെ ഗസയിലേക്കുള്ള ഭക്ഷണങ്ങളും മരുന്നുകളും വെള്ളവും അടങ്ങുന്ന ട്രക്കുകളും വൈദ്യുതിയുമെല്ലാം ഇസ്രഈല്‍ തടസപ്പെടുത്തുകയാണ് ചെയ്തത്.
ഇതിനുപിന്നാലെയാണ് സഹായം തടസം നീക്കാന്‍ ഹൂത്തികള്‍ ഇസ്രഈലിന് നാല് ദിവസത്തെ സമയം നല്‍കിയത്. പ്രസ്താവനകള്‍ പുറപ്പെടുവിച്ച് മാത്രം ഫലസ്തീനികള്‍ക്ക് പിന്തുണ നല്‍കുന്ന പ്രസ്ഥാനമല്ല തങ്ങളുടേതെന്ന് ഹൂത്തികളുടെ നേതാവായ അബ്ദുള്‍ മാലിക് അല്‍ – കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഹമാസ് വെടിനിര്‍ത്തല്‍ കരാറിലെ വ്യവസ്ഥകള്‍ പൂര്‍ണമായും പാലിച്ചുവെന്നും എന്നാല്‍ ഇസ്രഈല്‍ തങ്ങള്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യുന്നില്ലെന്നും അബ്ദുള്‍ മാലിക് അല്‍-ഹൂത്തി ചൂണ്ടിക്കാട്ടിയിരുന്നു.
യു.എസ് സര്‍ക്കാരിന്റെ പിന്തുണയാണ് ഫലസ്തീനികള്‍ക്കെതിരായ ഇസ്രഈല്‍ അതിക്രമം വര്‍ധിക്കാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഫലസ്തീനികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട്, 2023 നവംബര്‍ മുതല്‍ ഇസ്രഈല്‍ ബന്ധമുള്ള 100ലധികം കപ്പലുകള്‍ ഹൂത്തികള്‍ ആക്രമിച്ചിട്ടുണ്ട്.
ഇക്കാലയളവില്‍ ഹൂത്തികള്‍ ഇസ്രഈല്‍ ബന്ധമുള്ള രണ്ട് കപ്പലുകള്‍ കടലില്‍ മുക്കുകയും മറ്റൊന്ന് പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. കുറഞ്ഞത് നാല് നേവി ഉദ്യോഗസ്ഥരെ ഹൂത്തികള്‍ കൊലപ്പെടുത്തിയിട്ടുമുണ്ട്. ഹൂത്തികളുടെ ഉപരോധം ആഗോള ഷിപ്പിങ്ങിനെ തന്നെ തടസപ്പെടുത്തിയിരുന്നു. ഇതോടെ കമ്പനികള്‍ കപ്പലുകളെ ദക്ഷിണാഫ്രിക്കയ്ക്ക് ചുറ്റുമുള്ള ദീര്‍ഘവും ചെലവേറിയതുമായ വഴികളിലൂടെ വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു.
Content Highlight: Aid blockade to Gaza must be lifted; Houthis renew naval blockade against Israel