Entertainment
അന്ന് ടൊവിനോയെ നായകനായി സജസ്റ്റ് ചെയ്തു; വിനയ് ഫോര്‍ട്ട് വന്നതോടെ ടൊവി മറ്റൊരു റോള്‍ ചെയ്തു: ജിജോയ്

മലയാളികള്‍ക്ക് ഏറെ പരിചിതനായ കലാകാരനാണ് ജിജോയ് പി.ആര്‍. നിരവധി സിനിമകളിലും നാടകങ്ങളിലും അഭിനയിച്ചിട്ടുള്ള അദ്ദേഹം നിലവില്‍ കെ.ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറാണ്. ഡിസംബര്‍, നമ്മള്‍ തമ്മില്‍, ബെസ്റ്റ് ആക്ടര്‍ ഉള്‍പ്പെടെ നിരവധി സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

2012ല്‍ പുറത്തിറങ്ങിയ പ്രഭുവിന്റെ മക്കള്‍ എന്ന സിനിമയിലും ജിജോയ് അഭിനയിച്ചിരുന്നു. ചിത്രത്തില്‍ ടൊവിനോ തോമസും ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു. ടൊവിനോയുടെ ആദ്യ ചിത്രമായിരുന്നു പ്രഭുവിന്റെ മക്കള്‍. ഇപ്പോള്‍ മൂവി വോള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ടൊവിനോ തോമസിനെ കുറിച്ചും പ്രഭുവിന്റെ മക്കള്‍ സിനിമയെ കുറിച്ചും പറയുകയാണ് ജിജോയ്.

പ്രഭുവിന്റെ മക്കള്‍ എന്ന സിനിമയിലേക്ക് ടൊവിനോയെ സജസ്റ്റ് ചെയ്തത് ഞാനാണ്. അവന്റെ ആദ്യ സിനിമ അതാണല്ലോ. ഹെര്‍ക്കുലീസ് എന്ന ഒരു ജിംനേഷ്യയില്‍ ഞങ്ങള്‍ ഒരുമിച്ചായിരുന്നു. എന്റെ ഓര്‍മയില്‍ അന്ന് ടൊവിനോ കോയമ്പത്തൂര്‍ പഠിക്കുകയായിരുന്നു. ടൊവിനോ എന്നോട് ‘എട്ടാ എനിക്ക് സിനിമയില്‍ താത്പര്യമുണ്ട്’ എന്ന് പറയുകയായിരുന്നു.

ഞാന്‍ അവനെ ശ്രദ്ധിച്ചിരുന്നു. കാരണം അവന്‍ വളരെ ഹാര്‍ഡ് വര്‍ക്കിങ്ങായിരുന്നു. ഞങ്ങള്‍ അവിടെ വെച്ച് നല്ല ഫ്രണ്ട്‌സായി. സ്‌കൂള്‍ ഓഫ് ഡ്രാമയിലൊക്കെ ടൊവി നാടകം കാണാന്‍ വരുമായിരുന്നു. ആ സമയത്താണ് പ്രഭുവിന്റെ മക്കള്‍ എന്ന സിനിമ വരുന്നത്. ഞാന്‍ അവനോട് ഇങ്ങനെയൊരു സിനിമയുണ്ട്. ലീഡ് ക്യാരക്ടറാണ്. നീയൊന്ന് വരാമോയെന്ന് ചോദിച്ചു.

സജീവന്‍ അന്തിക്കാടായിരുന്നു അതിന്റെ സ്‌ക്രിപ്റ്റും ഡയറക്ഷനും പ്രൊഡക്ഷനുമൊക്കെ ചെയ്തത്. അദ്ദേഹത്തോട് ഞാന്‍ ടൊവിനോയുടെ കാര്യം പറഞ്ഞു. അങ്ങനെ ടൊവിനോ ചെന്ന് അദ്ദേഹത്തെ കാണുകയും അദ്ദേഹത്തിനെ അവനെ ഇഷ്ടമാകുകയും ചെയ്തു. ആ സമയത്ത് വളരെ സാഹിത്യ പ്രധാനിയായിട്ടുള്ള ഡയലോഗുകളായിരുന്നു ഉണ്ടായിരുന്നത്.

ടൊവിനോയ്ക്കാണെങ്കില്‍ ഒരു തരത്തിലുമുള്ള എക്‌സ്പീരിയന്‍സും കിട്ടിയിരുന്നില്ല. അവന്‍ എഞ്ചിനീയറിങ്ങായിരുന്നല്ലോ പഠിച്ചത്. അതുകൊണ്ട് അവന് ഒരു ട്രെയ്‌നിങ് കൊടുക്കാമെന്ന് തീരുമാനിച്ചു. അതേ സമയത്ത് തന്നെയായിരുന്നു വിനയ് ഫോര്‍ട്ട് ഷട്ടര്‍ എന്ന സിനിമ ചെയ്യുന്നത്. മഞ്ജുലാല്‍ ആ സിനിമയുടെ അസോസിയേറ്റ് ക്യാമറമാന്‍ ആയിരുന്നു.

മഞ്ജുവാണ് വിനയ് ഫോര്‍ട്ടിനെ കുറിച്ച് പറയുന്നത്. അദ്ദേഹത്തെ കൂടെ ഇതേ കഥാപാത്രത്തിലേക്ക് നോക്കാമെന്നും പറഞ്ഞു. വിനയ്ക്ക് മുമ്പ് പ്രാക്ടീസ് കിട്ടിയിരുന്നത് കൊണ്ട് അവന്‍ കുറച്ചുകൂടെ നന്നായി ഡയലോഗ് ഡെലിവര്‍ ചെയ്യുന്നുണ്ടായിരുന്നു. അവസാനം വിനയ് ഫോര്‍ട്ടിനെ ആ കഥാപാത്രത്തിലേക്ക് കൊണ്ടുവന്നു. പകരം അതിലെ നല്ല മറ്റൊരു കഥാപാത്രം ടൊവിനോയ്ക്ക് കൊടുത്തു. ടൊവിക്ക് അത് ഓക്കെയായിരുന്നു, അവന്‍ നന്നായി ചെയ്തു,’ ജിജോയ് പി.ആര്‍ പറഞ്ഞു.

Content Highlight: Jijoy PR Talks About Tovino Thomas